ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1761 ലോക്കോ പൈലറ്റുമാർ മദ്യപിച്ച് ട്രെയിൻ ഓടിച്ചതായി പരിശോധനയിൽ കണ്ടെത്തിയെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിൽ ഭൂരിഭാഗം പേരും ചരക്ക് വണ്ടികൾ ഓടിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു. പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തുന്ന ലോക്കോ പൈലറ്റുമാരെ ട്രെയിൻ ഓടിക്കാൻ അനുവദിക്കാറില്ല. ചട്ടമനുസരിച്ചുള്ള ശിക്ഷാ നടപടികൾ ഇവർക്കെതിരെ സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.ബ്രീത്തലൈസർ ടെസ്റ്റ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 8,28,03,387 എണ്ണമാണ് രാജ്യത്തു നടത്തിയത്. ഇതിൽ പരാജയപ്പെട്ട 1761 ലോക്കോ പൈലറ്റുമാരിൽ 674 പേർ പാസഞ്ചർ ലോക്കോ പൈലറ്റുമാരും 1087 ഗുഡ്സ് ലോക്കോ പൈലറ്റുമാരുമാണ്.
നോർതേൺ റെയിൽവേയിൽ ബ്രീത്തലൈസർ ടെസ്റ്റ് 1,00,12,456 ആയിരുന്നു. 521 പേർ പരാജയപ്പെട്ടു. 85,25,988 ടെസ്റ്റുകളാണ് സൗത്ത് സെൻട്രൽ റെയിൽവേയിൽ ഇക്കാലത്തിനിടെ നടത്തിയത്. 73 പേർ മാത്രമാണ് പരാജയപ്പെട്ടത്. മന്ത്രി വിശദമാക്കി.
2014 മുതലാണ് ലോക്കോ പൈലറ്റുമാർക്കും അവരുടെ അസിസ്റ്റന്റുമാർക്കും ബ്രീത്തലൈസർ ടെസ്റ്റ് നിർബന്ധമാക്കിയത്. ഷിഫ്റ്റിൽ ജോലിക്ക് പ്രവേശിക്കും മുൻപ് ഇവരുടെ ശരീരത്തിലെ ബ്ലഡ് ആൽക്കഹോൾ കണ്ടന്റ് നില കണക്കാക്കാനാകും.
ബിഎസി നില 100 മില്ലി ലിറ്റർ രക്തത്തിൽ 1-20 മില്ലി ഗ്രാമിനിടയിലായിരിക്കണം. 21 മില്ലിക്ക് മുകളിലാണെങ്കിൽ ലോക്കോ പൈലറ്റിനെ സർവീസിൽ നിന്നു പുറത്താക്കണമെന്നാണ് വ്യവസ്ഥ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.