ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് 79 വയസ്സുകാരനില്‍ കണ്ടെത്തിയ കൊവിഡ് ഒമിക്രോണ്‍ ഉപവകഭേദമായ ജെ എൻ.1 നിലവുള്ളവയില്‍ വെച്ച് ഏറ്റവും അപകടകാരിയെന്ന് ആരോഗ്യ വിദഗ്ധര്‍.
ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുകയാണ്. 2023 ഏപ്രിലില്‍ വര്‍ദ്ധനക്ക് കാരണം എക്സ് ബി ബി ഉപവകഭേദമായിരുന്നുവെങ്കില് ഇപ്പോഴത്തെ വര്‍ദ്ധനവ് ജെ എൻ.1 മൂലമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എക്സ് ബി ബിയുമായി താരതമ്യം ചെയ്യുമ്ബോള്‍ പ്രതിരോധ ശേഷിയെ അതിജീവിക്കാനുള്ള ശേഷി ജെ എൻ.1ന് കൂടുതലാണ്. മാത്രമല്ല, ഇതിന്റെ വ്യാപന തോതും വലുതാണ്. അതിനാല്‍ മറ്റ് രോഗങ്ങളുള്ളവരില്‍ ഇത് അപകടകരമായേക്കാം എന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
അന്താരാഷ്ട്ര യാത്രികര്‍ മുഖേന പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നാവാം ജെ എൻ.1 ഇന്ത്യയില്‍ എത്തിയത് എന്നാണ് നിഗമനം. അമേരിക്കയിലും ചൈനയിലും നിലവില്‍ അതിവേഗം പടര്‍ന്ന് പിടിക്കുകയാണ് ഈ വകഭേദം.
ഒമിക്രോണ്‍ ഉപവകഭേദമായ ബിഎ.2.86ല്‍ നിന്നാകാം ജെ എൻ.1 രൂപാന്തരം പ്രാപിച്ചത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ കണക്ക്കൂട്ടുന്നത്. ഒക്ടോബര്‍ മാസത്തില്‍ അമേരിക്കയിലെ കൊവിഡ് വ്യാപനത്തില്‍ 0.1 ശതമാനം മാത്രമായിരുന്ന ജെ എൻ.1, രണ്ട് മാസം കൊണ്ട് 21 ശതമാനത്തിലേക്ക് എത്തിയിരിക്കുകയാണ്.
എന്നാല്‍, മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ജെ എൻ.1 പൊതു ആരോഗ്യ മേഖലക്ക് അധിക ഭീഷണി ഉയര്‍ത്തുന്നതായി തെളിവുകളില്ലെന്നാണ് അമേരിക്കൻ കൊവിഡ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രോഗ തീവ്രതയിലും കാര്യമായ വര്‍ദ്ധനവില്ല.
അതിജീവന ശേഷി കൂടുതലായതിനാല്‍ ജെ എൻ.1 ഉയര്‍ത്തുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ നിലവിലുള്ള വാക്സിനുകളില്‍ പരിഷ്കരണങ്ങള്‍ ആവശ്യമായി വരുമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് അറിയിക്കുന്നു.
ജെ എൻ.1 ഉപവകഭേദത്തിന്റെ ലക്ഷണങ്ങളും മറ്റ് വകഭേദങ്ങള്‍ക്ക് സമാനമാണ്. ചില ലക്ഷണങ്ങളുടെ തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം.
പനി, വിറയല്‍, ശ്വാസതടസ്സം, ശരീരവേദന, രുചിയും ഗന്ധവും തിരിച്ചറിയാനാകാത്ത അവസ്ഥ, മൂക്കടപ്പ്, മൂക്കൊലിപ്പ്, വയറിളക്കം, ചുമ, ക്ഷീണം, തലവേദന, തൊണ്ടവേദന, ഛര്‍ദ്ദി, ഓക്കാനം എന്നിവയാണ് ജെ എൻ.1ന്റെയും പ്രധാന ലക്ഷണങ്ങള്‍.
2024 ജനുവരിയില്‍ രോഗവ്യാപനം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ പരിഷ്കരിച്ച വാക്സിനുകള്‍ എത്രയും വേഗം ലഭ്യമാക്കണമെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് മുന്നറിയിപ്പ് നല്കുന്നു.
ബിഎ. 2.86ന് ആകെ ജനിതക വ്യതിയാനം സംഭവിച്ച 20 വകഭേദങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇവയില്‍ ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത് ജെ എൻ.1 തന്നെയാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.