കോഴിക്കോട് : കേരളത്തില്‍ ക്രമസമാധാന നില ഭദ്രമാണെന്ന് മിഠായി തെരുവിലൂടെ നടന്ന് തെളിയിച്ചതിന് ഗവര്‍ണറോട് നന്ദി പറയുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.
കോഴിക്കോട്ടെ ജനത മിഠായി തെരുവില്‍ നിങ്ങളെ സന്തോഷത്തോടെ ഹല്‍വ തന്ന് സ്വീകരിച്ചു. എന്നാല്‍ നിങ്ങള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു നോക്കൂ. ഹല്‍വ തന്ന അതേ കൈകൊണ്ട് നിങ്ങളെ പരാജയപ്പെടുത്തും. അതാണ് കോഴിക്കോടിന്റെ ബോധം .
മിഠായിതെരുവിലൂടെ നടക്കുമ്പോള്‍ ആ തെരുവില്‍ നിങ്ങള്‍ക്ക് ചോരക്കറ കാണാം. പാവപ്പെട്ടവന്റെ മക്കള്‍ക്ക് പഠിക്കാനുള്ള അവകാശത്തിനായി വിദ്യാര്‍ത്ഥികള്‍ നടത്തിയ പോരാട്ടത്തിന്റെ ചോരക്കറയാണത്. എസ്എഫ്ഐ എന്ന സംഘടനയുടെ ചോരക്കറയാണ് അത് മിസ്റ്റര്‍ ഗവര്‍ണര്‍.
ഇതേ മിഠായിതെരുവില്‍ പണ്ട് ഒരു തീപിടുത്തം ഉണ്ടായിരുന്നു. അന്ന് ഫയര്‍ഫോഴ്സിനും വ്യാപാരികള്‍ക്കും ഒപ്പം ഓടിവന്ന് വിദ്യാര്‍ഥികള്‍ ഒരു സംഘടനയുടെ കീഴില്‍ അണിനിരന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തു. ആ സംഘടനയുടെ പേരാണ് എസ്എഫ്ഐ.
കേരളത്തിലെ കലാലയങ്ങളില്‍ റാഗിംഗ് ഇല്ല . കാരണം സെയ്താലിയുടെ പിന്മുറക്കാരാണ് എസ്എഫ്ഐ. പട്ടാമ്പി കോളേജില്‍ റാഗിങ്ങിന് എതിരെ പോരാട്ടം നടത്തി രക്തസാക്ഷിയായ സെയ്താലിയുടെ പിൻമുറക്കാര്. പിന്നെ നിങ്ങള്‍ എസ്എഫ്ഐയുടെ പോരാട്ടത്തെക്കുറിച്ച് പറഞ്ഞുവല്ലോ.
അടിയന്തരാവസ്ഥയുടെ നാളുകളില്‍ എസ്എഫ്ഐയില്‍ നിന്ന് രാജിവച്ചാല്‍ മിസ്സാ നിയമം ഒഴിവാക്കാം എന്ന് പറഞ്ഞപ്പോള്‍ ജീവിതത്തില്‍ നിന്ന് രാജിവെക്കാം എന്നാല്‍ എസ്എഫ്ഐയില്‍ നിന്ന് രാജിവെക്കാൻ തയ്യാറല്ല എന്നു പറഞ്ഞ മുഹമ്മദ് മുസ്തഫയുടെപിന്മുറക്കാരാണ് എസ്എഫ്ഐ എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.