ഗാസ: ഗാസയില്‍ ബോംബ് വര്‍ഷിച്ച് ഇസ്രേലി സൈന്യം. ബെയ്ത് ലാഹിയ, ഖാൻ യൂനിസ്, മഘാസി അഭയാര്‍ഥി കേന്ദ്രം എന്നിവിടങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് 50 പേര് കൊല്ലപ്പെട്ടു.
നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഖാൻ യൂനിസിലെ അല്‍ അമാല്‍ ആശുപത്രിക്കു സമീപവും ഇസ്രയേല്‍ ബോംബിട്ടതായി ഗാസയിലെ ഹമാസ് നിയന്ത്രിത ആരോഗ്യവകുപ്പ് അറിയിച്ചു. ഗാസയില്‍ മരണം 21,320
ഒക്ടോബര്‍ ഏഴിന് ഇസ്രയേലുമായുള്ള യുദ്ധം ആരംഭിച്ചശേഷം ഗാസ മുനന്പില് മാത്രം 21,320 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണു ഹമാസ് ഭരണകൂടത്തിന്റെ കണക്ക്. 55,603 പേര്‍ക്ക് പരിക്കുപറ്റി.
ഗാസയിലെ 23 ലക്ഷം പൗരന്മാരില് 85 ശതമാനവും ഭവനരഹിതരായി. ഉത്തര ഗാസ ഏറെക്കുറെ പൂര്‍ണമായും മണ്ണടിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 210 പലസ്തീനികളെ ഇസ്രയേല്‍ കൊലപ്പെടുത്തിയെന്നു ഹമാസ് ആരോപിക്കുന്നു.
ഹമാസിനെ തുടച്ചുനീക്കുമെന്ന ഇസ്രയേല്‍ മുന്നറിയിപ്പ് നടപ്പായാല്‍ സമ്പൂര്ണനാശമാണു ഗാസയെ കാത്തിരിക്കുന്നത്. യുദ്ധം ആരംഭിച്ച ഒക്ടോബര്‍ ഏഴിന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ നൂറിലധികം ഇസ്രേലി തടവുകാര്‍ ഹമാസിന്റെ കൈയിലുണ്ട്. ഇവരെ ഉപയോഗിച്ചാണ് ഹമാസിന്റെ വിലപേശല്‍. വെടിനിര്‍ത്തലിനായുള്ള ലോകരാജ്യങ്ങളുടെ അഭ്യര്‍ഥന ഇസ്രയേല്‍ തള്ളിക്കളഞ്ഞു.
റാമള്ളയില്‍ റെയ്ഡ്
വെസ്റ്റ് ബാങ്കിലെ റാമള്ളയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പണംമാറ്റല് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സൈന്യം പരിശോധന നടത്തി. ദശലക്ഷക്കണക്കിന് ഷെക്കല്‍ പിടിച്ചെടുത്തു. ഹമാസ് പോലുള്ള ഭീകരസംഘടനകള്‍ക്കു സംഭാവന നല്‍കാനാണ് ഈ ബിസിനസുകള്‍ പ്രവര്‍ത്തിച്ചതെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു.
റാമള്ളയില്‍ പണംമാറ്റല് കേന്ദ്രത്തിന്റെ ഉടമകളെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തതായും സേഫുകള്‍ തകര്‍ത്തു പണവും നിരവധി രേഖകളും പിടിച്ചെടുത്തതായും വഫ വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. റെയ്ഡിനിടെ ഒരാള്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്കു പരിക്കേറ്റു. വെസ്റ്റ് ബാങ്കിലെ മനുഷ്യാവകാശസാഹചര്യം ദിനംപ്രതി മോശമാകുകയാണെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നല്കി.
ഹിസ്ബുള്ളയ്ക്കെതിരേ ആക്രമണം തുടര്‍ന്നാല്‍ ലെബനീസ് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള ഭീകരസംഘടനയെ തുടച്ചുനീക്കുമെന്ന് ഇസ്രേലി മന്ത്രി ബെന്നി ഗാന്റ്സ് മുന്നറിയിപ്പു നല്കി.
ആക്രമണം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്രസാഹചര്യം ഇല്ലാതായെന്നും അദ്ദേഹം വ്യക്തമാക്കി. ലെബനീസ് അതിര്‍ത്തിയില്‍ സൈന്യം തിരിച്ചടിക്കു തയാറാണെന്ന് ചീഫ് ഓഫ് ദി ജനറല്‍ സ്റ്റാഫ് ലെഫ്. ജനറല്‍ ഹെഴ്സി ഹലെവി പറഞ്ഞു. ഒക്ടോബറില്‍ ഹമാസ് ഇസ്രയേലിനെ ആക്രമിച്ചശേഷം ലെബനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാണ്.
സൈനികസേവനത്തിനു വിസമ്മതിച്ച ഇസ്രേലി യുവാവിനു തടവ്
ടെല്‍ അവീവ്: സൈന്യത്തില്‍ ചേരാൻ വിസമ്മതിച്ച ഇസ്രേലി യുവാവിന് 30 ദിവസം തടവ്. ടെല്‍ അവീവില്‍ താമസിക്കുന്ന താല് മിത്നിക് എന്ന പതിനെട്ടുകാരനാണു ശിക്ഷിക്കപ്പെട്ടത്. പലസ്തീൻ-ഇസ്രയേല്‍ യുദ്ധം ആരംഭിച്ചശേഷം ഈ കുറ്റത്തിനു രാജ്യത്തു ശിക്ഷിക്കപ്പെടുന്ന ആദ്യയാളാണു മിത്നിക്. സൈനികസേവനത്തെ എതിര്‍ക്കുന്നതു തുടര്‍ന്നാല്‍ മിത്നിക് വീണ്ടും ശിക്ഷിക്കപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.