പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് സായ് പല്ലവി. അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തില്‍ മലര് മിസ്സായി എത്തിയ സായ് വലിയ ജനപ്രീതിയാണ് നേടിയത്.
തെന്നിന്ത്യൻ സിനിമയില്‍ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് ഇന്ന് സായ് പല്ലവി. എന്നാല്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ പ്രത്യേക നിബന്ധനകള്‍ താരത്തിനുണ്ട്. അഭിനയ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങള്‍ സായ് പല്ലവി ചെയ്യാറില്ല.
സൂപ്പര്‍സ്റ്റാര്‍ ചിത്രമാണെങ്കിലും ഇക്കാര്യത്തില്‍ നടി വിട്ടുവീഴ്ച ചെയ്യില്ല. ഇന്റിമേറ്റ് രംഗങ്ങളോടും നോ പറയുന്ന നടിയാണ് സായ് പല്ലവി. ഗ്ലാമറസായ വസ്ത്രങ്ങള്‍ ധരിക്കാനും താരം താല്പര്യപ്പെടുന്നില്ല. അതിനാല്‍ തന്നെ എട്ട് വര്‍ഷത്തെ കരിയറില്‍ സായ് പല്ലവി വേണ്ടെന്ന് വെച്ച സിനിമകള്‍ നിരവധിയാണ്.
ഈയ്യടുത്ത് തമിഴില്‍ നിന്ന് മാത്രം രണ്ടു അവസരങ്ങളാണ് ഇത്തരത്തില്‍ സായ് പല്ലവി വേണ്ടെന്ന് വെച്ചത്. അത് രണ്ടും സൂപ്പര്‍ താര ചിത്രങ്ങള്‍ ആയിരുന്നു എന്നതാണ് പ്രത്യേകത. തല അജിത് കുമാര്‍ നായകനായ തുനിവും ദളപതി വിജയ് നായകനായ ലിയോയുമാണ് ഈ ചിത്രങ്ങള്‍. ഈ വര്‍ഷം പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍ എത്തിയ സിനിമയാണ് തുനിവ്.
ഏകദേശം 600 കോടിയോളം രൂപ കളക്ഷൻ നേടിയ ചിത്രത്തില്‍ സംവിധായകൻ എച്ച് വിനോദ് നായികയായി ആദ്യം വിളിച്ചത് സായ് പല്ലവിയെ ആയിരുന്നു. എന്നാല്‍ കഥ കേട്ട്, തന്റെ കഥാപാത്രം അപ്രധാനമെന്ന് തോന്നിയതിനാല്‍ സായ് പല്ലവി ആ ഓഫര്‍ നിരസിക്കുകയായിരുന്നു. പിന്നീടാണ് മഞ്ജു വാര്യരെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. മഞ്ജു നായികയായതോടെ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം ഒരുക്കിയത്.
തുനിവിന് ശേഷമാണ് സായ് പല്ലവിക്ക് ലിയോയില്‍ നിന്നും ഓഫര്‍ ലഭിച്ചത്, വിജയുടെ നായികയായി എത്തിയ തൃഷയുടെ സത്യ എന്ന കഥാപാത്രത്തിലേക്ക് ആണ് സായ് പല്ലവിയെ വിളിച്ചത്.
കോടികള്‍ പ്രതിഫലമായി വാഗ്ദാനം ചെയ്തെങ്കിലും മറ്റു ചില കാരണങ്ങള്‍ പറഞ്ഞ് സായ് പല്ലവി ചിത്രത്തില്‍ നിന്നും ഒഴിവായി എന്നാണ് വിവരം. അതിനു ശേഷമൻ ആ അവസരം തൃഷയിലേക്ക് എത്തിയത്. അതോടെ പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തൃഷ-വിജയ് കോംബോയുടെ തിരിച്ചുവരവായി ചിത്രം മാറി.
നിലവില്‍ എസ്കെ 21 എന്ന ചിത്രത്തിലാണ് സായ് പല്ലവി. ശിവകാര്‍ത്തികേയനെ നായകനാക്കി രാജ്കുമാര് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കമല്‍ഹാസനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതുകൂടാതെ തെലുങ്കില്‍ നാഗാര്‍ജുന നായകനാകുന്ന താണ്ടെല്‍ എന്ന സിനിമായും സായ് പല്ലവിയുടേതായി അണിയറയിലുണ്ട്.
അതിനിടെ ബോളിവുഡിലേക്കും ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് താരം. ആമിര്‍ ഖാന്റെ മകൻ ജുനൈദ് ഖാനൊപ്പമാണ് നടി ആദ്യ ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
അതേ സമയം, ഗാര്‍ഗി, വിരാടപര്‍വം, ശ്യാം സിംഗ റോയ് എന്നിവയാണ് സായ് പല്ലവിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. ഗാര്‍ഗിയിലെ പ്രകടനം സായ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. 2019ല്‍ പുറത്തിറങ്ങിയ അതിരനാണ് സായ് പല്ലവി അഭിനയിച്ച അവസാന മലയാള ചിത്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.