കൊല്ലം: ഓയൂര്‍ കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പദ്മകുമാറും കുടുംബവും ഹണി ട്രാപ്പിനും പദ്ധതിയിട്ടു.ഇതിന്റെ വിവരങ്ങള്‍ അനിതകുമാരിയും അനുപമയും ചേര്‍ന്ന് എഴുതിയ കുറിപ്പുകളില്‍നിന്ന് പോലീസിനു ലഭിച്ചു.
കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കിയ സംഭവങ്ങളുണ്ടെന്നും അത് ഒതുക്കിത്തീര്‍ക്കണമെങ്കില്‍ പണം നല്‍കണമെന്നുംപറഞ്ഞ് തട്ടിപ്പിനു പദ്ധതി തയ്യാറാക്കി. ഓരോ സ്ഥലത്തും എത്താനും തിരിച്ചുപോകാനുമുള്ള വഴിയുടെ വിവരം വരച്ചുസൂക്ഷിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻവേണ്ടി കുട്ടികളുടെയും വീടുകളുടെയും വിവരം ശേഖരിച്ച് കുറിച്ചുവെച്ചിരുന്നു.
കാറില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുമ്പോള്‍ ഉപയോഗിക്കാൻ തയ്യാറാക്കിയ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ പ്രതികള്‍ ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് പല കഷണങ്ങളായി മുറിച്ച് വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചിരുന്നു. ഇവയില്‍ ചിലത് പോലീസ് കണ്ടെത്തി.
കാറ്റാടിയില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയശേഷം പ്രതികള്‍ പലയിടത്തും കറങ്ങിനടന്നു. രാത്രി ഏഴുമണിയോടെയാണ് ഇവര്‍ വീട്ടിലെത്തിയത്. കുട്ടിയെ അനുപമയ്ക്കൊപ്പം ഇരുത്തിയശേഷം പദ്മകുമാറും ഭാര്യയും പുറത്തുപോയി ഭക്ഷണവും വീട്ടുസാധനങ്ങളും വാങ്ങി. മടങ്ങി വീട്ടിലെത്തിയശേഷം ടി.വി. കാണുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് വലിയ വാര്‍ത്തയായതായി അറിയുന്നത്. അതിനുശേഷമാണ് കുട്ടിയെ ഒഴിവാക്കാൻ ആലോചന തുടങ്ങിയത്.
ബാഗ് കത്തിച്ചത് ഫാം ഹൗസില്‍വച്ച്
കൊല്ലം: ഓയൂര്‍ ഓട്ടുമലയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍, പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ അന്വേഷണത്തിനു സഹായകമായ വിവരം പോലീസിന് ലഭിച്ചു. കേസിലെ ഒന്നാംപ്രതി പദ്മകുമാറിന്റെ ഒഴുകുപാറയ്ക്കടുത്ത് തെങ്ങുവിളയിലുള്ള ഫാമില്‍ ഞായറാഴ്ച നടന്ന തെളിവെടുപ്പ് ഒന്നരമണിക്കൂറോളം നീണ്ടു.
പ്രതികള്‍ തട്ടിക്കൊണ്ടുപോയ സമയത്ത് കുട്ടിയുടെ കൈയിലുണ്ടായിരുന്ന പെൻസില്‍ ബോക്സ് ഫാമില്‍നിന്ന് അടുത്ത പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഇത് കണ്ടെടുത്തു. ശനിയാഴ്ച മാമ്പള്ളികുന്നത്തെ വീട്ടില്‍വച്ച് ചോദ്യംചെയ്തപ്പോള്‍ കുട്ടിയുടെ ബാഗ് ഫാമില്‍വച്ച് കത്തിച്ചുകളഞ്ഞതായി പ്രതികള്‍ മൊഴിനല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഫാമില്‍ നായ്ക്കളെ പാര്‍പ്പിച്ചിരുന്ന കെട്ടിടത്തിനുസമീപം ചാരം കിടന്നയിടത്തുനിന്ന് ബാഗിന്റെ അവശിഷ്ടങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു.
ഞായറാഴ്ച ആണ് പദ്മകുമാറിനെയും ഭാര്യ അനിതകുമാരിയെയും മകള്‍ അനുപമയെയും ഫാമില്‍ എത്തിച്ചത്. അവിടെനിന്ന് നായ്ക്കളെ പാര്‍പ്പിച്ചിരുന്ന കെട്ടിടത്തിനടുത്തേക്ക് കൊണ്ടുപോയി. മൊബൈല്‍ ഫൊറൻസിക് യൂണിറ്റ് അംഗങ്ങളും ഫാമിലെ വിവിധയിടങ്ങള്‍ പരിശോധിച്ചു. അനിതകുമാരിയെ അടുത്തുള്ള വയലിനരികിലേക്ക് കൊണ്ടുപോയും തെളിവെടുത്തു. ഫാം ഹൗസിലെ ജീവനക്കാരി ഷീബയില്‍നിന്നു വിവരങ്ങള്‍ തേടി.
കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം പ്രതികള്‍ ഫാം ഹൗസിലെത്തിയിരുന്നു. മാമ്പള്ളികുന്നത്തെ വീട്ടിലുണ്ടായിരുന്ന നായ്ക്കളെ ഇവിടേക്ക് മാറ്റാനായിരുന്നു ഇത്. അന്ന് ഫാമില്‍ എത്തിയതിന്റെ വിവരങ്ങളും ചോദിച്ചറിഞ്ഞു. 12.15-ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മടങ്ങി. പ്രതികളെ ഫാമില്‍ എത്തിക്കുന്നതറിഞ്ഞ് പരിസരവാസികള്‍ റോഡിനുമുന്നില്‍ തടിച്ചുകൂടിയിരുന്നു.
ദുരൂഹതകളൊഴിയാതെ തെങ്ങുവിളയിലെ ഫാം ഹൗസ്
കൊല്ലം: പൊളിഞ്ഞതും പൊളിയാറായതുമായ കെട്ടിടങ്ങള്‍ അങ്ങിങ്ങ്...നായ്ക്കളെയും പശുക്കളെയും പാര്‍പ്പിക്കാനുള്ളത് വേറെ. സംരക്ഷണമില്ലാതെ നശിക്കുന്ന ഫലവൃക്ഷങ്ങളും അലങ്കാരച്ചെടികളും-പദ്മകുമാറിന്റെ തെങ്ങുവിളയിലെ ഫാമിലെ കാഴ്ചകളിങ്ങനെ.
ചാത്തന്നൂര്‍-പരവൂര്‍ റോഡില്‍ എം.എല്‍.എ.ജങ്ഷനില്‍നിന്ന് ഇടത്തോട്ടു തിരിഞ്ഞ് ഒഴുകുപാറവഴിയാണ് തെങ്ങുവിളയിലെത്തുക. ഫാമിനടുത്ത് ഒട്ടേറെ വീടുകളുണ്ട്. വിശാലമായ പറമ്പിനു ചുറ്റുമതിലും വലിയ ഗേറ്റുമുണ്ട്.
മാമ്പള്ളിക്കുന്നത്തുനിന്ന് മിക്കപ്പോഴും പദ്മകുമാറും കുടുംബവും ഇവിടെയെത്തിയിരുന്നു. ഫാമിനായി നല്ല തുകതന്നെ ചെലവഴിച്ചെങ്കിലും ഒന്നും ഫലംകണ്ടില്ലെന്ന് പരിസരവാസികള്‍ പറയുന്നു.
പ്രതി പത്മകുമാറിന്റെ ഉടമസ്ഥതയിലുള്ള തെങ്ങുവിളയിലുള്ള ഫാംഹൗസും ഉപയോഗശൂന്യമായി മൂടിയിട്ടിരിക്കുന്ന കാറും
ആദ്യം പറമ്പ് മുഴുവൻ വാഴക്കൃഷി നടത്തിയെങ്കിലും ഗുണമുണ്ടായില്ല. പിന്നീട് ബേക്കറിയിലേക്കുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ഇവിടെനിന്നു തയ്യാറാക്കി കൊണ്ടുപോയിത്തുടങ്ങി. അതും നിര്‍ത്തിയശേഷമാണ് പശുക്കളെ വളര്‍ത്തിത്തുടങ്ങിയത്. പശുക്കള്‍ക്കായി തീറ്റപ്പുല്‍ക്കൃഷിയും അസോളവളര്‍ത്തലും തുടങ്ങി.കുരുമുളകും തെങ്ങും കമുകും പ്ലാവുകളും മഹാഗണിയുമെല്ലാം പറമ്പില്‍ ധാരാളമുണ്ട്. ജലസേചന സൗകര്യമൊരുക്കാനും നായ്ക്കളെ പാര്‍പ്പിക്കാനും മറ്റും കെട്ടിടങ്ങളുണ്ടാക്കാനും പദ്മകുമാര്‍ ധാരാളം പണം ചെലവാക്കി. ഓരോ സംരംഭം പരാജയപ്പെടുമ്പോഴും അവ പൊളിച്ചടുക്കികൊണ്ടിടാനുള്ള സ്ഥലമാക്കി ഫാം ഹൗസിനെ മാറ്റി. പലപല കൃഷികള്‍ ചെയ്യാൻ ഗ്രീൻ ഹൗസുകള്‍ ഒരുക്കിയെങ്കിലും അവയെല്ലാം തകര്‍ന്നു. പഴയൊരു കാറും ഇവിടെ മൂടിയിട്ടിട്ടുണ്ട്.
യഥാവിധം നോക്കിനടത്തിയിരുന്നെങ്കില്‍ ഇവിടെനിന്നുമാത്രം പദ്മകുമാറിന് ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കാമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. സാമ്പത്തികപ്രതിസന്ധിയുണ്ടായിട്ടും ഫാം വില്‍ക്കാനോ നന്നായി നോക്കിനടത്താനോ ഇയാള്‍ തയ്യാറാകാത്തതും സംശയത്തിനിടയാക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.