തിരുവനന്തപുരം: നാലുപേരുടെ മരണത്തിനടയാക്കിയ കൊച്ചി കുസാറ്റ് ക്യാംപസിലെ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് കണ്ടെത്തല്‍.
സർക്കാരിന്റെ നിർദ്ദേശങ്ങളും ഹൈക്കോടതി ഉത്തരവും ലംഘിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കോളജ് ക്യാംപസുകളിൽ പ്രൊഫഷണൽ ഗ്രൂപ്പുകളുടെ പരിപാടികൾക്ക് അനുമതിയില്ലെന്നിരിക്കെയാണ് ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീത നിശ സംഘടിപ്പിച്ചത്. പരിപാടിയ്ക്ക് പുറത്തുനിന്ന് ആളുകളെ കയറ്റിയതും നിയമവിരുദ്ധമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 2015ലെ സർക്കുലർ ആണ് ലംഘിച്ചത്. 2015ലെ തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ അപകട പശ്ചാത്തലത്തിൽ ആയിരുന്നു സർക്കുലർ പുറത്തിറക്കിയത്. ഇത് കർശനമായി പാലിക്കണം എന്ന ഹൈക്കോടതി ഉത്തരവും മറി കടന്നു.
കുസാറ്റിലെ അപകടത്തില്‍ വന്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി വ്യക്തമാകുന്നു. സ്‌കൂള്‍ ഓഫ് എഞ്ചിനിയറിങിലെ പ്രിന്‍സിപ്പല്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ക്ക് നല്‍കിയ കത്ത് പൊലീസിന് കൈമാറാതിരുന്നതാണ് വലിയ അപകടത്തിന് ഇടയാക്കിയത്. പൊലീസിന്റെ അസാന്നിധ്യത്തില്‍ കുട്ടികള്‍ തന്നെയാണ് സുരക്ഷ ഒരുക്കിയത്.
പരിപാടിയ്ക്ക് പൊലീസ് സേന അടക്കമുള്ളവരുടെ സുരക്ഷ ഒരുക്കണമെന്നായിരുന്നു നവംബര്‍ 21 ന് നല്‍കിയ കത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത് രജിസ്ട്രാര്‍ പൊലീസിന് കൈമാറിയില്ലെന്നാണ് ആരോപണം. പരിപാടി നടക്കുന്ന തിയതിയും സമയവും ഉള്‍പ്പെടെ കത്തിലുണ്ടായിരുന്നു. ഇത് പൊലീസിന് കൈമാറാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കുസാറ്റ് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആന്‍സണ്‍ പി. ആന്റണി ആരോപിച്ചു.
പരിപാടിയെക്കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നെന്നാണ് കുസാറ്റ് വൈസ് ചാന്‍സലര്‍ പി.ജി ശങ്കരന്റെ പ്രതികരണം. സുരക്ഷാ വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും പരിപാടി നടക്കുന്ന സ്ഥലത്ത് ആറ് പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നും അദേഹം വ്യക്തമാക്കിയിരുന്നു. കുസാറ്റിലെ സ്‌കൂള്‍ ഒഫ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്റെ ഭാഗമായി ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടക്കാനിരിക്കെയായിരുന്നു അപകടം.
അതേസമയം, കുസാറ്റിൽ തിക്കും തിരക്കും മൂലമുണ്ടായ അപകടത്തിൽപ്പെട്ട രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റ ഇരു വിദ്യാർത്ഥികളും വെന്റിലേറ്ററിലാണ്.
അപകടത്തിൽ മരിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശി സാറ തോമസിന്റെ സംസ്കാരം ഇന്ന് ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. എറണാകുളം പറവൂർ സ്വദേശി ആൻ റിഫ്തയുടെ സംസ്കാരം വിദേശത്തുള്ള മാതാവ് തിരിച്ചെത്തിയ ശേഷം നാളെ നടക്കും. അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന രണ്ടു ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷമാണ് തുടർ നടപടി .ഉപസമിതി ഇന്ന് യോഗം ചേരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.