CUSAT, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എഞ്ചിനിയറിങ് വിദ്യാർത്ഥികളുടെ ടെക് ഫെസ്റ്റിനിടെ വലിയ അപകടം. ഗാനമേള കാണാനെത്തിയ വിദ്യാർത്ഥികളുടെ തിക്കും തിരക്കിലും പെട്ട് മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേർ മരിച്ചു.
അപകടത്തിൽ 64 പേർക്ക് പരിക്കേറ്റുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് കോഴിക്കോട് പ്രതികരിച്ചു. ഇവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിൽ നിന്നും ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. മറ്റുള്ളവർ മെഡിക്കൽ കോളേജിനും കിന്റർ, സൺറൈസ് തുടങ്ങിയ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്.
ഇന്ന് വൈകിട്ട് ഏഴ് മണിയോടെ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കാണാനെത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. കളമശ്ശേരി കുസാറ്റ് ക്യാമ്പസില്‍ ടെക് ഫെസ്റ്റിനോടനുബന്ധിച്ച ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് വിദ്യാര്‍ഥികളെയും തിരിച്ചറിഞ്ഞു.
![]() |
സാറാ തോമസ്,ആൻ റുഫ്തോ,അതുൽ തമ്പി |
കുസാറ്റിലെ എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥികളായ അതുൽ തമ്പി, സാറാ തോമസ്, ആൻ റുഫ്തോ എന്നിവരും പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫുമാണ് മരിച്ചത്. ആൽബിൻ ഇവിടുത്തെ പൂർവ വിദ്യാർത്ഥിയാണെന്നും സുഹൃത്തിനൊപ്പം ഇവിടെ എത്തിയതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
വൈകിട്ട് ഏഴ് മണിയോടെ വിദ്യാർത്ഥികളെ പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനിടയിൽ പുറത്ത് മഴ പെയ്തു. ഈ സമയത്ത് വിദ്യാർത്ഥികൾ തള്ളിക്കയറാൻ ശ്രമിച്ചു. ആംഫിതിയേറ്ററിലേക്ക് ഇറങ്ങി പോകുന്ന പടികളിലുണ്ടായിരുന്ന വിദ്യാർത്ഥികൾ പുറകിൽ നിന്നുള്ള തള്ളലിൽ നിലത്ത് വീണു. ഇവർക്ക് മുകളിലേക്ക് പിന്നെയും വിദ്യാർത്ഥികൾ വീണു. വീണുകിടന്ന വിദ്യാർത്ഥികളെ പിന്നാലെയെത്തിയവർ ചവിട്ടിയതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. അപകട സ്ഥലത്ത് നിന്നും ഉടൻ തന്നെ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ ആൽബിനടക്കം മരിച്ച നാല് പേരും ആശുപത്രിയിലെത്തും മുൻപ് അന്ത്യശ്വാസം വെടിഞ്ഞിരുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. നാളെ രാവിലെ ഏഴ് മണിയോടെ പോസ്റ്റ്‌മോർട്ടം നടക്കും. രണ്ട് മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിലും രണ്ട് മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലും പോസ്റ്റ്‌മോർട്ടം നടത്തും. അപകടത്തിൽ പെട്ടവരെ കുറിച്ച് അറിയാൻ ഹെൽപ്‌ലൈൻ നമ്പറുകൾ തുടങ്ങിയിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ നവ കേരള സദസിൽ പങ്കെടുക്കുന്ന മന്ത്രിമാർ പി രാജീവും ആർ ബിന്ദുവും കുസാറ്റിലേക്ക് തിരിച്ചു. നവ കേരള സദസ്സിന്റെ നാളത്തെ ആഘോഷ പരിപാടികളും രാവിലത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനവും റദ്ദാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.