ഇരിട്ടി: തണ്ടര്‍ബോര്‍ട്ട്-മാവോവാദി ഏറ്റുമുട്ടല്‍ നടന്ന ഉരുപ്പുംകുറ്റി ഞെട്ടിത്തോട് മലയില്‍ മൂന്നാംദിനവും ദൗത്യസേന പരിശോധ തുടര്‍ന്നു.
തിരച്ചില്‍ 72 മണിക്കൂര്‍ പിന്നിടുമ്പോഴും ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. വെടിയേറ്റെന്ന് സംശയിക്കുന്ന മാവോവാദികള്‍ ആശുപത്രിയിലെത്തുന്നുണ്ടെങ്കില് കണ്ടെത്താൻ പഴുതടച്ച പരിശോധന നടത്തിയിരുന്നു.
മാവോവാദികള്‍ കേരള അതിര്‍ത്തിയില്‍നിന്നും കര്‍ണാടക, തമിഴ്നാട് വനത്തിലേക്ക് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ആന്റി നക്സല്‍ഫോഴ്സ് അതിര്‍ത്തിമേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇതോടെ കൊട്ടിയൂര്‍ ആറളം വനമേഖലയില്‍നിന്നും വയനാട് ഭാഗങ്ങളിലേക്ക് കടക്കാനുള്ള സാധ്യതയാണ് ദൗത്യസേന പരിശോധിക്കുന്നത്.
റോഡ് ഗതാഗതം തടഞ്ഞ് പോലീസ്
അയ്യൻകുന്ന് പ്രദേശം മൂന്നാംദിവസവും കനത്ത പോലീസ് വലയത്തിലാണ്. ഉരുപ്പുംകുറ്റി കവലയില്‍ ബുധനാഴ്ചയും മലയിലേക്കുള്ള റോഡ് ഗതാഗതം പോലീസ് തടഞ്ഞു. ഇന്ന് പുലർച്ചയോടെ കര്‍ണാടകയുടെ ഒരു പ്ലാറ്റൂണ്‍ നക്സല്‍വിരുദ്ധ സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘം വെടിവെപ്പ് നടന്ന ഞെട്ടിത്തോട് ഭാഗത്ത് പരിശോധന നടത്തി.
ഫൊറൻസിക് സംഘം, ബോംബ് സ്ക്വാഡ് ഉള്‍പ്പെടെ വനത്തില്‍ പ്രവേശിച്ച് മഹസര്‍ തയ്യാറാക്കിയതായാണ് സൂചന. ഇരിട്ടി എ.എസ്.പി. തപോഷ് ബസുമതാരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ജില്ലയുടെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാരാണ് മലയോരമേഖലകളില്‍ പരിശോധന നടത്തുന്നത്. മേഖലയിലെ പോലീസ് സ്റ്റേഷനുകള്‍ അധിക സുരക്ഷയിലാണ്.
നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണം -എ.ഐ.വൈ.എഫ്.
മാവോവാദി വേട്ടയുടെ പേരില്‍ മലയോര ജനതയ്ക്ക് ഉണ്ടായിരിക്കുന്ന ആശങ്കയും അരക്ഷിതാവസ്ഥയും പരിഹരിക്കണമെന്ന് എ.ഐ.വൈ.എഫ്. ജില്ലാ എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു.
പൊതുജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികളില്‍നിന്ന് ഭരണകൂടം പിന്മാറണം. മാവോവാദി ഭീഷണി സംബന്ധിച്ച് നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു
മാവോവാദികളുടെ ഡ്യൂട്ടിലിസ്റ്റ് കിട്ടിയതായി സൂചന
ഉരുപ്പുംകുറ്റി മലയിലെ ഞെട്ടിത്തോട് വനത്തിനുള്ളില്‍ മാവോവാദി-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തെ ഷെഡില്‍നിന്ന് ലാപ്ടോപ്പുകള്, രഹസ്യ രേഖകള്‍, ഡ്യൂട്ടി ലിസ്റ്റ്, പത്രമാധ്യമങ്ങള്‍ എന്നിവ ലഭിച്ചതായി സൂചന. മലയോരത്തെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സംഘാംഗങ്ങളുടെ ഡ്യൂട്ടി നിശ്ചയിച്ചുള്ള രേഖകളാണ് ഇതില്‍ പ്രധാനം.
മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. നിലമ്പൂരില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച കുപ്പു ദേവരാജന്റെയും അജിതയുടെയും ചരമവാര്‍ഷികാചരണ തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇവര്‍ സംഘടിച്ചതെന്നാണ് കരുതുന്നത്.
കബനീദളം കമാൻഡന്റ് സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് ഏറ്റുമുട്ടല്‍ സമയത്ത് ഷെഡിലുണ്ടായിരുന്നതെന്ന് പോലീസ് ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഡി.ഐ.ജി. പുട്ട വിമലാദിത്യ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ അംഗങ്ങളുണ്ടായിരുന്നതായാണ് വിവരം.
ആദ്യ ഏറ്റുമുട്ടലിനുശേഷം ഉള്‍വനത്തിലേക്ക് പിൻവാങ്ങിയ മാവോവാദിസംഘം രാത്രി വീണ്ടും തിരിച്ചെത്തി തണ്ടര്‍ബോള്‍ട്ടിനെതിരെ വെടിയുതിര്‍ത്തിരുന്നു.
ഇത് കൂടിയ അംഗബലം കൊണ്ടാണെന്ന് പോലീസ് കരുതുന്നു. നേരത്തേ ആറളത്തെ വാളത്തോട്ടിലും വിയറ്റ്നാമിലും പരിപ്പുംതോട്ടിലും എടപ്പുഴയിലും എത്തിയ മാവോവാദി സംഘത്തില്‍ 11 മുതല്‍ 16 വരെ അംഗങ്ങളുണ്ടായിരുന്നു.
ഇത് പോലീസ് സ്ഥിരീകരിച്ചതുമാണ്. വയനാട്ടിലെ പേര്യയിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് രക്ഷപ്പെട്ട മാവോവാദി ബാണാസുരദളത്തിലെ അംഗങ്ങളും സി.പി.മൊയ്തീന്റെ സംഘത്തിനൊപ്പം ചേര്ന്നിട്ടുണ്ടാകാമെന്ന സംശയം പോലീസിന് നേരത്തേയുണ്ടായിരുന്നു.
ഞെട്ടിത്തോട് വനത്തില്‍ രണ്ട് ഷെഡുകള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുമ്പോഴും എട്ടിലധികം ഷെഡുകള്‍ ഉണ്ടായിരുന്നതിന്റെ സൂചനയും പുറത്തുവരുന്നുണ്ട്.
ഞെട്ടിത്തോട് വനത്തില്‍നിന്ന് കണ്ടെടുത്തവയില്‍ അടുത്തകാലത്ത് ഇറങ്ങിയ പത്രമാധ്യമങ്ങള്‍ ഉള്‍പ്പെട്ടത് പുറമെനിന്നുള്ള സഹായം ഇവര്‍ക്ക് ലഭിച്ചതിന്റെ സൂചനയാണ്. ഈ മേഖല കേന്ദ്രീകരിച്ച് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.