കൊച്ചി: വിവാഹ ദല്ലാളിന്റെ രൂപത്തിലെത്തി യുവാക്കളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം ആള്‍മാറാട്ടം നടത്തി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ലോട്ടറി വില്പനക്കാരി അറസ്റ്റില്‍.
വിവാഹം ആലോചിക്കുന്ന യുവാക്കളുമായി പെണ്‍കുട്ടിയെന്ന മട്ടില്‍ സംസാരിച്ച് ബന്ധം സ്ഥാപിച്ച ശേഷം പണം തട്ടിയെടുക്കുകയാണ് ചെയ്തിരുന്നത്. കൂത്താട്ടുകുളം സൗത്ത് ചോരക്കുഴി ഭാഗത്തും പെരുവയിലുമുള്ള യുവാക്കളില്‍നിന്നായി 25 ലക്ഷത്തിലധികം രൂപ ഇവര്‍ തട്ടിയെടുത്തതായാണ് പോലീസ് പറയുന്നത്.
മൂന്നു ഫോണുകള്‍, ഒട്ടേറെ സിമ്മുകള്‍
കൂത്താട്ടുകുളം, പുതുവേലി, ഇലഞ്ഞി ഭാഗങ്ങളില്‍ ലോട്ടറി വില്പന നടത്തിവരുന്നയാളാണ് ഷൈല. വീടുകളിലെത്തി വിവാഹപ്രായമായ യുവാക്കളുടെ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് സുന്ദരികളായ യുവതികളുടെ ഫോട്ടോകള്‍ ഉയര്‍ന്ന ജോലിയുള്ളവരാണെന്നു പറഞ്ഞ് കൈമാറും.
യുവതികളുടെയും മാതാപിതാക്കളുടെയുമെന്നു പറഞ്ഞ് തന്റെ തന്നെ ഫോണ്‍ നമ്പറുകള്‍ നല്‍കും. ഇവര്‍ക്ക് മൂന്ന് ഫോണും നിരവധി ഫോണ്‍ കണക്ഷനുകളുമുള്ളതായി പോലീസ് പറഞ്ഞു.
ശബ്ദം മാറ്റി യുവതികളെന്ന മട്ടിലും അവരുടെ അമ്മയെന്ന മട്ടിലും സംസാരിക്കും. അടുപ്പം സ്ഥാപിച്ച ശേഷം അത്യാവശ്യത്തിനെന്നു പറഞ്ഞ് പണം വാങ്ങി കബളിപ്പിക്കുകയാണ് ചെയ്തിരുന്നത്.
ശബ്ദം മാറ്റി സംസാരം
ചോരക്കുഴിയില്നിന്നുള്ള യുവാവിനെ സോന എന്നു പറഞ്ഞ് ഒരു യുവതിയുടെ ചിത്രം കാണിച്ച് വിവരങ്ങള്‍ കൈമാറി. ഇൻഫോപാര്‍ക്കിലാണ് സോനയ്ക്ക് ജോലിയെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്ന് സോനയാണെന്നു പറഞ്ഞ് ഷൈല യുവാവുമായി ഫോണില്‍ ബന്ധപ്പെട്ടു. സോനയായും സോനയുടെ അമ്മയായും ശബ്ദം മാറ്റി സംസാരിച്ചാണ് തട്ടിപ്പിന് തുടക്കമിട്ടത്.
അച്ഛനും അമ്മയ്ക്കും സുഖമില്ലെന്നു പറഞ്ഞ് ആറു ലക്ഷത്തോളം രൂപ പിന്നീട് യുവാവില്‍നിന്ന് വാങ്ങി. തട്ടിപ്പാണെന്ന് സംശയം തോന്നിയ യുവാവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. മുൻപും ഇൗ രീതിയില്‍ പണം തട്ടിയതായി അന്വേഷണത്തില്‍ വ്യക്തമായി.
പെരുവ സ്വദേശിയായ യുവാവിനെ സന്ധ്യ, പാര്‍വതി എന്നീ പേരുകളിലുള്ള യുവതികളുടെ ചിത്രങ്ങള്‍ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. ജോലിയുള്ള യുവതികളുടെ സ്ഥാപനത്തിന്റെ മേധാവിയാണെന്ന രീതിയിലും ശബ്ദം മാറ്റി സംസാരിച്ച് പറ്റിപ്പ് നടത്തിയതായി വിവരമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.