കായംകുളം: പ്രസിഡന്റായി നിറഞ്ഞുനിന്ന പഞ്ചായത്ത് ഓഫിസിന്റെ പടിക്കലിരുന്ന് മുരളി വീണ്ടും അപേക്ഷകള്‍ എഴുതിത്തുടങ്ങി.
വള്ളികുന്നം കടുവുങ്കല്‍ നന്ദനത്തില്‍ മുരളി (56) 2015ല്‍ അപ്രതീക്ഷിതമായാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കും തുടര്‍ന്ന് പ്രസിഡന്റ് പദവിയിലേക്കും എത്തുന്നത്. നക്സലൈറ്റ് ചിന്താധാരയില്‍നിന്ന് സി.പി.എമ്മിലേക്ക് എത്തിയ മുരളി പഞ്ചായത്തിനു മുന്നിലെ അപേക്ഷ എഴുത്തുകാരനായി രൂപാന്തരപ്പെടുകയായിരുന്നു.
ജീവിത പ്രയാസങ്ങള്‍ക്ക് പരിഹാരം തേടി എത്തുന്ന നൂറുകണക്കിന് സാധാരണക്കാര്‍ മുരളിയുടെ കൈപ്പടയിലുള്ള അപേക്ഷയിലൂടെ പരിഹാരം തേടി മടങ്ങിയിട്ടുണ്ട്.
എട്ടു വര്‍ഷത്തോളമുള്ള അപേക്ഷയെഴുത്തിലൂടെ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ എന്തെന്ന ധാരണ നേടിയെടുക്കാനായി. ഇതിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് കന്നിമേല്‍ വാര്‍ഡില്‍ സ്ഥാനാര്‍ഥിയാകാൻ അപ്രതീക്ഷിത നിയോഗം കൈവരുന്നത്.
പാര്‍ട്ടി മുൻകൂട്ടി കണ്ടെത്തിയ സ്ഥാനാര്‍ഥിക്ക് സാങ്കേതിക കാരണങ്ങളാല്‍ മത്സരിക്കാൻ കഴിയാതെ വന്നതാണ് കാരണമായത്. തുടര്‍ന്ന് പ്രസിഡന്റ് പദവിയും ഏറ്റെടുക്കേണ്ടിവന്നു. പ്രസിഡന്റ് ചുമതല നിര്‍വഹിക്കാൻ പാര്‍ട്ടി നിയോഗിച്ച സ്ഥാനാര്‍ഥി പരാജയപ്പെട്ടതാണ് സുപ്രധാന ചുമതലക്ക് അവസരം ലഭിച്ചത്.
ഘടകകക്ഷിയുമായുള്ള ധാരണ പ്രകാരം ഒഴിയുന്നതുവരെ നാലു വര്‍ഷത്തോളം ഭംഗിയായി ചുമതല നിര്‍വഹിച്ചു. ഇതിനുശേഷം പെയിന്ററുടെ കുപ്പായം അണിഞ്ഞെങ്കിലും നിര്‍മാണ മേഖലയിലെ സ്തംഭനം പ്രശ്നമായി.
ഇതോടെയാണ് പഞ്ചായത്ത് പടിക്കല്‍ വീണ്ടും അപേക്ഷ എഴുത്തുകാരനായി എത്താൻ കാരണം. ഏതു പണി ചെയ്യുന്നതിലും അഭിമാനം കണ്ടെത്തുന്നയാളാണ് കവികൂടിയായ മുൻ പ്രസിഡന്റ്. ഭാര്യ ജലജയുടെയും മകൻ മിഥുന്റെയും പിന്തുണയാണ് ജീവിതവഴിയിലെ കരുത്തെന്ന് മുരളി പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.