തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്കും സമൂഹത്തിനും സമഗ്ര നിര്‍ദ്ദേശങ്ങളും സംഭവനയും നല്‍കി സാമ്പത്തിക സെമിനാര്‍ നിയമസഭയിലെ ആര്‍.ശങ്കരനാരായണൻ തമ്പി ഹാളില്‍ നടന്നു.
ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അധ്യക്ഷനായ സെമിനാര്‍ സാമ്പത്തിക വെല്ലുവിളികളും ഫെഡറല്‍ സാമ്പത്തിക ബന്ധങ്ങളിലെ അസന്തുലിതാവസ്ഥയും കേരളത്തിന്റെ നേട്ടങ്ങളുടെ സുസ്ഥിരതയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ചര്‍ച്ച ചെയ്തു. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സാമ്പത്തിക ഉപരോധം മൂലമുള്ള ധന ഞെരുക്കമുണ്ടെങ്കിലും കേരളം ആത്മവിശ്വാസത്തോടെ കുതിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാല്‍ അഭിപ്രായപ്പെട്ടു .
സമാനതകളില്ലാത്ത വികസന ക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന് മുന്നിലുള്ള പ്രധാന പ്രതിബന്ധം കേന്ദ്രം ഏര്‍പ്പെടുത്തുന്ന സാമ്പത്തിക ഉപരോധമാണ്. സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്രവിഹിതം തുടര്‍ച്ചയായി നിഷേധിക്കപ്പെടുകയാണ്.
ധന ഉത്തരവാദിത്ത നിയമപ്രകാരം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനം മാത്രമാണ് കടമെടുക്കാൻ അനുമതിയുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രം കടമെടുത്തതാകട്ടെ 6.8 ശതമാനവും. മൂന്നു ശതമാനം കടമെടുക്കാൻ അര്‍ഹതയുള്ള സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കട പരിധിയില്‍ വെട്ടിക്കുറവ് വരുത്തിയതിനുശേഷം അനുവദിച്ചതാകട്ടെ 2.5 ശതമാനവും.
രാജ്യത്തെ വരുമാനത്തിന്റെ 64 ശതമാനവും കേന്ദ്രമാണ് ശേഖരിക്കുന്നത്. ചെലവാക്കുന്നത് 34 ശതമാനം മാത്രവും. 66 ശതമാനം ചെലവുകളും സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. സംസ്ഥാനങ്ങളുടെ ചെലവ് ചെയ്യാനുള്ള പരിധി കുറക്കുന്ന കേന്ദ്ര നടപടി ഭരണഘടന അനുശാസിക്കുന്ന ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കുന്നതാണ്. ഇതാണ് ധന ഞെരുക്കത്തിന് കാരണം.
വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ കേരളത്തെ ലോകത്തെ ഹബ്ബാക്കി മാറ്റും. സംസ്ഥാനത്ത് പ്രായമേറിയവരുടെ ജനസംഖ്യ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കെയര്‍ എക്കണോമി ശക്തിപ്പെടുത്തും. വിഴിഞ്ഞം തുറമുഖം പോലെ അടിസ്ഥാനസൗകര്യ വികസന രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തും. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കും. കേരളത്തിന്റെ ഭാവി വളര്‍ച്ചയിലെ ഏറ്റവും പ്രധാന നിക്ഷേപ പരിപാടിയാണ് കേരളീയം.
തിരിഞ്ഞു നോട്ടത്തിന്റെയും പഠനത്തിന്റെയും വേദിയാണിത്. കേരളീയം സെമിനാറില്‍ ഉയര്‍ന്നുവന്ന വിദഗ്ധ നിര്‍ദേശങ്ങില്‍ ചര്‍ച്ച തുടരും. അറിവിനെ അടിസ്ഥാനമാക്കിയുള്ള കുതിച്ചു ചാട്ടത്തിനാണ് സംസ്ഥാനം ഒരുങ്ങുന്നത്. ദൈനംദിന ജീവിത നിലവാരം അളക്കുന്ന എല്ലാ പഠനങ്ങളിലും കേരളം മുന്നിലാണ്. മൂന്ന് ലക്ഷം വീടുകള്‍ കൂടി നിര്‍മിച്ചാല്‍ എല്ലാവര്‍ക്കും വീടുള്ള ലോകത്തിലെ അപൂര്‍വ പ്രദേശമായി കേരളം മാറും
കേരളത്തിലെ സാമ്പത്തികരംഗം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ധനവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി രവീന്ദ്രകുമാര്‍ അഗര്‍വാള്‍ വിഷയാവതരണം നടത്തി. കഴിഞ്ഞ ആറര പതിറ്റാണ്ടിനിടെ കേരള സമ്പദ്ഘടന വളരെ ആഴത്തിലുള്ള പരിവര്‍ത്തനത്തിന് വിധേയമായിട്ടുണ്ടെന്ന് മുൻ ധനമന്ത്രി. ടി.എം. തോമസ് ഐസക് പറഞ്ഞു.
1956 ല്‍ പ്രതിശീര്‍ഷ വരുമാനം ദേശീയ ശരാശരിയേക്കാള്‍ 25 ശതമാനം താഴെയായിരുന്നുവെങ്കില്‍ ഇപ്പോള്‍ 60 ശതമാനം മുകളിലാണ്. കേരളം ഇന്ന് ദരിദ്ര സംസ്ഥാനമല്ല, ഇന്ത്യയില്‍ താരതമ്യേന മികച്ച വരുമാനമുള്ള സംസ്ഥാനമാണ്. മനുഷ്യവിഭവ ശേഷിയില്‍ നാം നടത്തിയ നിക്ഷേപത്തിന്റെ നേട്ടമായിരുന്നു ഗള്‍ഫ് കുടിയേറ്റവും അതില്‍ നിന്ന് ലഭിച്ച വരുമാനവുമെന്നും അദ്ദേഹം പറഞ്ഞു.
സേവനമേഖലയിലെ രണ്ടാം തലമുറ പ്രശ്‌നങ്ങളും അടിസ്ഥാന സൗകര്യവികസന രംഗത്തെ ധനക്കമ്മിയും വിദ്യാഭ്യാസമുള്ളവരിലെ തൊഴിലില്ലായ്മയുമാണ് കേരളം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികള്‍. അധികാരവികേന്ദ്രീകരണവും കിഫ്ബിയും വിജ്ഞാനസമ്ബദ് വ്യവസ്ഥയുമാണ് ഇവക്ക് പരിഹാരം. പശ്ചാത്തല സൗകര്യ രംഗത്തെ നിക്ഷേപത്തിലെ കുറവ് അടിയന്തരമായി പരിഹരിക്കണമെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.
നവകേരളം കെട്ടിപ്പടുക്കുമ്പോള്‍ അടിസ്ഥാനപരമായി പരിഗണിക്കേണ്ട രണ്ടു വിഷയങ്ങള്‍ പരിസ്ഥിതി വിഷയങ്ങളും സാമ്പത്തിക സുസ്ഥിരതയുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫെല്ലോയും സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. എം.എ. ഉമ്മൻ പറഞ്ഞു. രാഷ്ട്രീയം സമ്പദ് വ്യവസ്ഥയെ കീഴടക്കിയതായി മുൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖര്‍ പറഞ്ഞു.
65 വര്‍ഷമായി കേരളം തന്നെ അതിശയിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓസ്‌ട്രേലിയൻ നാഷണല്‍ യൂണിവേഴ്‌സിറ്റി എമിറേറ്റ്‌സ് പ്രൊഫസര്‍ റോബിൻ ജെഫി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ലോകം മുഴുവൻ ചര്‍ച്ച ചെയ്ത കേരള അനുഭവം സൃഷ്ടിക്കപ്പെട്ടത് ഏതെങ്കിലും ഒരു കൂട്ടം നയങ്ങള്‍ കൊണ്ടു മാത്രല്ല. കേരളം എന്തുകൊണ്ട് സവിശേഷമായി എന്ന് ചോദിച്ചാല്‍ രാഷ്ട്രീയം, സ്ത്രീകള്‍, ക്ഷേമം എന്നിവ ചേര്‍ന്ന ഫോര്‍മുല മൂലമാണെന്ന് താൻ പറയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹുസ്വരവും കൂടുതല്‍ ജനാധിപത്യപരവും സര്‍ഗാത്മകമായ പ്രാദേശിക സംസ്‌കാരത്തില്‍ ആഴത്തില്‍ വേരൂന്നിയതുമായ ജ്ഞാനസമ്പദ് വ്യവസ്ഥയാണ് നവകേരളത്തില്‍ വികസിപ്പിച്ചെടുക്കേണ്ടതെന്ന് ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ വാട്‌സണ്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റനാഷണല്‍ ആൻഡ് പബ്ലിക് അഫയേഴ്‌സ് പ്രൊഫസര്‍ പാട്രിക് ഹെല്ലര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
പൊതുകടത്തിന്റെ സുസ്ഥിരതയില്‍ കേരളം ശ്രീലങ്കൻ വഴിക്ക് പോകുമെന്ന ആഖ്യാനം തെറ്റാണന്നും കാപെക്‌സ് ഇൻഫ്രാസ്ട്രക്ചര്‍ നിക്ഷേപം ശക്തിപ്പെടുത്തിയും സംസ്ഥാനത്തെ മനുഷ്യ മൂലധന രൂപീകരണം നിലനിര്‍ത്തിയും ഉയര്‍ന്ന കടവും കമ്മിയും സാധൂകരിക്കാനാവുമെന്ന് ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി പ്രൊഫസര്‍ ഡോ. ലേഖ എസ്. ചക്രബര്‍ത്തി പറഞ്ഞു.
സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ഉല്‍പാദന മേഖലക്ക് വലിയ പ്രാധാന്യമുണ്ടെന്നും ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ച് കാര്‍ഷികമേഖലയിലെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കണമെന്നും അവ ശേഖരിക്കാനായി സഹകരണമേഖലയെ ഉപയോഗപ്പെടുത്തണമെന്നും സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം. ആര്‍. രാമകുമാര്‍ പറഞ്ഞു.
പരമ്പരാഗതമായി തൊഴിലില്ലായ്മ കൂടുതലുള്ള സംസ്ഥാനത്ത് ഇപ്പോഴും അത് തുടരുകയാണെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് പ്രൊഫസര്‍ പ്രൊഫ. വിനോജ് എബ്രഹാം പറഞ്ഞു.
സംസ്ഥാനങ്ങളിലെ സാമ്പത്തിക വികസനം അളക്കുന്നതിലെ ദേശീയ സ്ഥിതിവിവരക്കണക്ക് മാനദണ്ഡങ്ങളിലെ ആശങ്കകളാണ് സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷൻ ചെയര്‍മാൻ പി.സി. മോഹനൻ പങ്കുവെച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.