തിരുവനന്തപുരം: നവജാതശിശുക്കളുടെ സംരക്ഷണത്തിനായി സമഗ്ര ഗൃഹപരിചരണ പദ്ധതിയുമായി സര്‍ക്കാര്‍. ഓരോ കുഞ്ഞിനും ആവശ്യമായ കരുതലും പരിചരണവും പിന്തുണയും നല്കുന്നു എന്നുള്ളത് ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ശിശുപരിചരണത്തില്‍ മാതാപിതാക്കളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ഹെല്പ് ലൈന്‍ (ദിശ 1056, 104), പരിശീലനം സിദ്ധിച്ച നഴ്സുമാരുടെ സഹായം എന്നിവ ഇതിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.
അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേക ചികിത്സാ പദ്ധതി ആവിഷ്ക്കരിച്ചു. 50 കുഞ്ഞുങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ പദ്ധതി പ്രകാരം ചികിത്സ നല്കി വരുന്നത്. കൂടുതല്‍ കുഞ്ഞുങ്ങളെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തും.
അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി എസ്.എ.ടി.യില്‍ എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി എസ്.എ.ടി.യെ സെന്റര്‍ ഓഫ് എക്സലന്‍സായി ഉയര്‍ത്തി. വൃക്ക രോഗവുമായി ബന്ധപ്പെട്ട് പ്രത്യേക പ്രോഗ്രാം ആരംഭിക്കുന്നു.
നവജാത ശിശു സംരക്ഷണ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിര്‍വഹിച്ചു. നവജാതശിശു മരണനിരക്ക് 2021ല്‍ 6 ആയിരുന്നത് 5ലേക്ക് എത്തിക്കുന്നതിന് സാധിച്ചിട്ടുണ്ട്.
2030-നകം നവജാതശിശു മരണനിരക്ക് 12-ല്‍ താഴ്ത്തുക എന്നതാണ് രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ഹൃദ്യം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ശിശുമരണ നിരക്ക് കുറയ്ക്കുന്നതിന് പ്രധാന പങ്ക് വഹിച്ചുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.