തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളമടക്കം നല്കാൻ സര്‍ക്കാര്‍ അടുത്ത മാര്‍ച്ചുവരെയുള്ള വായ്പയില്‍ 1500 കോടി മുൻകൂര്‍ കടമെടുക്കുന്നു.
ഡിസംബറില്‍ ശമ്പളമടക്കം ചെലവുകള്‍ക്കുള്ള പണം സഹകരണ ബാങ്കുകളില്‍ നിന്നുള്‍പ്പെടെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ജനുവരി മുതല്‍ എടുക്കാവുന്ന വായ്പയ്ക്കായി കേന്ദ്രത്തോട് അനുമതി തേടിയത്.
മുൻകൂര്‍ വായ്പയെടുക്കുന്നത് തുടര്‍മാസങ്ങളിലെ വായ്പയെ ബാധിക്കും. കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകും.
മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ഒരു ശതമാനം (11000 കോടി) അധിക വായ്പയ്ക്ക് കേരളം അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. കേരളത്തിന് മാത്രമായി അനുവദിക്കാനാവില്ലെന്നാണ് കേന്ദ്ര നിലപാട്.
ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കാൻ സംസ്ഥാന വിഹിതമായി നല്കിയ 5500 കോടിക്ക് തുല്യമായ തുക വായ്പയെടുക്കാൻ അനുവദിക്കണമെന്ന ആവശ്യവും നിരസിച്ചു.
ആകെ അനുവദിച്ചത് ദേശീയ പെൻഷൻ പദ്ധതിയില്‍ ജീവനക്കാരുടെ പേരില്‍ അടച്ച വിഹിതത്തിന്റെ ഗ്യാരന്റിയില്‍ 1700 കോടി എടുക്കാനാണ്. അത് എടുത്തുകഴിഞ്ഞു. ധനകാര്യ കമ്മിഷൻ നിര്‍ദ്ദേശപ്രകാരമേ സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കാനാവൂ എന്നാണ് കേന്ദ്ര നിലപാട്.
അതിലാകട്ടെ കേരളത്തിന് പ്രതീക്ഷിക്കാൻ ഒന്നുമില്ല. ശമ്പളപരിഷ്കരണത്തിന്റെ ഭാഗമായുണ്ടായ ഭീമമായ ചെലവും ഓണത്തിനായി വേണ്ടിവന്ന അധികചെലവുകളുമാണ് സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയത്.
15000 കോടിപ്രതിമാസ ചെലവ്
12000 കോടിപ്രതിമാസ വരുമാനം
3000 കോടിപ്രതിമാസ കമ്മി
(കടം വാങ്ങിയാണ് ഇത് നികത്തുന്നത്)
ഇക്കൊല്ലം എടുത്തകടം 21800 കോടി
മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3% ആണ് സംസ്ഥാനങ്ങളുടെ വായ്പാപരിധി. കേരളത്തിന്റെ മൊത്തഉത്പാദനം 11ലക്ഷം കോടി. വായ്പാപരിധി 32440 കോടി.
വൈദ്യുതിമേഖലയിലെ പരിഷ്കരണത്തിന്റെ പേരില്‍ അധികവായ്പ 4500 കോടി. ആകെ 36940 കോടി. ഇതില്‍ കിഫ്ബിയുടേയും ട്രഷറി വായ്പകളുടേയും പേരില്‍ കേന്ദ്രം കുറവ് ചെയ്തത് 10,009കോടി. ശേഷിക്കുന്നത് 26931കോടി.
ഇതില്‍ ഏപ്രില്‍മുതല്‍ ഡിസംബര്‍വരെ വായ്പയെടുക്കാൻ അനുവദിച്ചത് 21800 കോടി. ഇതെടുത്തുകഴിഞ്ഞു. ജനുവരി മുതല്‍ മാര്‍ച്ച് വരെ വായ്പാനുമതി 5131കോടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.