തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ മൂക്ക് കയറിട്ടു നിര്‍ത്താനുള്ള ശ്രമമാണ് പറവൂര്‍ മുനിസിപ്പാലിറ്റിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
പറവൂരില്‍ നിന്നുള്ള എംഎല്‍എ കൂടിയായ പ്രതിപക്ഷ നേതാവിന്റെ അപക്വമായ നടപടി സാധാരണ രീതിയില്‍ ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും വടകരയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
'മുനിസിപ്പല്‍ ചെയര്‍പേഴ്സണെ ഭീഷണിപ്പെടുത്തി കൗണ്‍സില്‍ വിളിപ്പിച്ച് ഇന്നലെ ആ തീരുമാനം പിന്‍വലിപ്പിച്ചു എന്നാണ് വാര്‍ത്ത. ഔദ്യോഗികമായി അംഗീകരിച്ച തീരുമാനം നടപ്പാക്കി, പണം കൈമാറാനാണ് മുനിസിപ്പല്‍ സെക്രട്ടറി സന്നദ്ധനായത്.
അതിന്റെ പേരില്‍ അദ്ദേഹത്തെ വിടാതെ പിന്തുടരുമെന്ന ഭീഷണി ഉയര്‍ന്നതായും കേള്‍ക്കുന്നു. ഇതില്‍ രണ്ടു ഗൗരവമായ പ്രശ്നങ്ങളുണ്ട്. ഒന്ന്, പ്രാദേശിക ഭരണ സംവിധാനത്തെ സങ്കുചിത ദുഷ്ടലാക്കോടെ ജനാധിപത്യ വിരുദ്ധ രീതിയിലേക്ക് വലിച്ചിഴയ്ക്കുന്നു എന്നത്.
രണ്ട്, നേതൃത്വം എടുത്ത ബഹിഷ്കരണ തീരുമാനം കോണ്‍ഗ്രസ്സിന്റെ തന്നെ പ്രാദേശിക ജനപ്രതിനിധികള്‍ ഉള്‍പ്പെടെ അംഗീകരിക്കുന്നില്ല എന്നത്. സ്വന്തം പാര്‍ട്ടിക്കാരെ പോലും ബോധ്യപ്പെടുത്താനാവാത്ത തീരുമാനമാണ് ഇതിന്റെ ഭാഗമായി സ്വീകരിച്ചത്"-മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്ക് എതിരെ വാര്‍ത്താ സമ്മേളനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തെത്തി. പറവൂര്‍ നഗരസഭാ കൗണ്‍സിലിന്റെ അടിയന്തിര യോഗം നവകേരള സദസിന് പണം നല്‍കരുതെന്ന തീരുമാനമെടുത്തപ്പോള്‍ ആ തീരുമാനം ലംഘിച്ചാണ് നഗരസഭാ സെക്രട്ടറി പണം നല്‍കിയതെന്ന് സതീശന് പറഞ്ഞു.
"മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ തീരുമാനം സെക്രട്ടറിയെ അറിയിച്ചാല്‍ അത് നടപ്പിലാക്കണം. പറവൂര്‍ നഗരസഭാ സെക്രട്ടറി മുനിസിപ്പല്‍ ആക്റ്റിന്റെ 15-ആം വകുപ്പ് ലംഘിച്ചിരിക്കുകയാണ്.
മുനിസിപ്പല്‍ ചെയര്‍പേഴ്സണിന്റെ അനുവാദമില്ലാതെ സെക്രട്ടറിയ്ക്ക് പണം നല്കാന് അധികാരമില്ല. ഞാന്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പണം നല്കാന് സെക്രട്ടറി തീരുമാനിച്ചപ്പോള്‍ അവിടെ സംഘര്‍ഷമുണ്ടായി.
മന്ത്രിയുടെ ഓഫീസില്‍ നിന്നും ഭീഷണിപ്പെടുത്തുകയാണ്. ഇപ്പോള്‍ പ്രൊബേഷനിലാണ്. ഗത്യന്തരമില്ലാതെയാണ് പണം അനുവദിച്ചത്. ഇതാണ് സെക്രട്ടറി എന്നോട് പറഞ്ഞത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫാണ് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത്".
"നവകേരള സദസിന് പണം അനുവദിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് തന്നെ നിയമവിരുദ്ധമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗിക്കാനുള്ള അവകാശം അവര്‍ക്ക് തന്നെയാണ്. തനത് ഫണ്ടില്‍ നിന്നും പണം നല്‍കാനുള്ള അവകാശം സര്‍ക്കാരിനില്ല.
ധാരാളം പണപ്പിരിവുകള്‍ സര്‍ക്കാര്‍ നടത്തുകയാണ്. എറണാകുളത്തെ സരസ് മേളയ്ക്കും പണം നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ടില്ലാതെ വലയുമ്പോഴാണ് സര്‍ക്കാര്‍ പണം നല്കാന് ആവശ്യപ്പെടുന്നത് "- സതീശന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.