പത്തനംതിട്ട: ഓള്‍ ഇന്ത്യ പെര്‍മിറ്റിന്റെ പിന്തുണയില്‍ പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന റോബിൻ ബസ് വീണ്ടും എംവിഡി പിടിച്ചെടുത്തതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉടമ ഗിരീഷ്.
'ക്യാമ്പിലേക്ക് മാറ്റാനായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്താ കാര്യമെന്ന് ചോദിച്ചപ്പോള്‍ വയലേഷൻ ഓഫ് പെര്‍മ്മിറ്റ് എന്നാണ് പറഞ്ഞത്. നാല് എഎംവിമാരാണ് ഇവിടെ നിന്ന് ആദ്യം മുതലേ കളിക്കുന്നത്. ഇവര്‍ പല കുത്തിത്തിരിപ്പും ഉണ്ടാക്കുന്നുണ്ട്.
കോടതികള്‍ പറഞ്ഞത് വായിച്ച് മനസിലാക്കാനുള്ള വിവരം പോലുമില്ല. സുപ്രീം കോടതിയുടെ വിധി കണ്ടിട്ട് എനിക്കൊന്നും മനസിലാകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞത് ലോകം മുഴുവൻ കണ്ടതല്ലേ'- ഗിരീഷ് പറഞ്ഞു.
വണ്ടി ഇപ്പോള്‍ എംവിഡി ഉദ്യോഗസ്ഥരെ സൂക്ഷിക്കാൻ എല്‍പ്പിച്ചിരിക്കുകയാണെന്നും ഗിരീഷ് പരിഹാസ രൂപേണ പറഞ്ഞു. 'ഞാൻ ഈ ഒരു സംരംഭം തുടങ്ങുന്നത് മൂന്നോ നാലോ ദിവസം കൊണ്ട് നേരെയാക്കി എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കുക എന്ന് ഉദ്ദേശിച്ചല്ല.
1947 മുതല്‍ 2023 വരെ ഏറ്റവും കറപ്റ്റഡ് ആയ, അഴിമതി വീരന്മാരായിട്ടുള്ളവർ കട്ടുമുടിക്കുന്നവരുടെ പ്രസ്ഥാനമാണ് എംവിഡി. ആ സംവിധാനത്തിനെതിരെ ഞാൻ പയറ്റുമ്പോള്‍ ഇത്രയൊക്കെ അല്ലേ എനിക്ക് കുഴപ്പമുള്ളൂ. നാളെ ഇനി അതിലും വലുത് കാണാനിരിക്കും'- ഗിരീഷ് പറഞ്ഞു.
അതേസമയം, തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് റോബിൻ ബസ് വീണ്ടും എംവിഡി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. പുലര്‍ച്ചെ രണ്ട് മണിയോടെ വൻ പൊലീസ് സന്നാഹത്തോടെ എത്തിയാണ് എംവിഡിയുടെ നടപടി.
ഡ്രൈവര്‍മാരുടെ ലൈസൻസ്, വാഹന പെര്‍മിറ്റ് എന്നിവ റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്‌ളോഗര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിച്ചേക്കും.
ഇതിനിടെ, ടൂറിസ്റ്റ് ബസുകള്‍ മറ്റു ബസുകളെപ്പോലെ സര്‍വീസ് നടത്തുന്നതു തടഞ്ഞ ഗതാഗത സെക്രട്ടറിയുടെ ഉത്തരവിനെതിരെ റോബിൻ ബസ് ഉടമ ഗിരീഷ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരാൻ കെ എസ് ആര്‍ ടി സി കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു.
ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ടൂറിസ്റ്റ് ബസുകള്‍ ദേശാസാത്കൃത റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നത്. ഈ റൂട്ടുകളില്‍ കെ എസ് ആര്‍ ടി സിയ്ക്ക് മാത്രമാണ് സര്‍വീസ് നടത്താൻ അവകാശമെന്ന് ട്രാൻസ്‌പോര്‍ട്ട് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.