കൊല്ലം: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, പിന്നില്‍ നഴ്സിംഗ് റിക്രൂട്ട്മെന്റ് സാമ്പത്തിക ഇടപാട് വിവിധ ഇടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പൊലീസിനെ വലച്ച് പിതാവിന്റെ നിശബ്ദത. അതിനാല്‍ പിതാവിന്റെ ഫ്ലാറ്റിലെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നു. പ്രമുഖ നഴ്സിംങ്ങ് സംഘടനയുടെ രണ്ട് സംസ്ഥാന ഭാരവാഹികളും കണ്ണികളെന്ന് സംശയം
പൂയപ്പള്ളിയിൽ കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്നവരുടെ രേഖാചിത്രമാണിത്. വിവരം കിട്ടുന്നവർ കൊല്ലം റൂറൽ പോലീസിന്റെ 9497980211 എന്ന നമ്പറിൽ അറിയിക്കുക.
കുട്ടിയെ വീട്ടുകാരോടൊപ്പം വിടാതിരുന്നത് പൊലീസിന്റെ തന്ത്രം. തട്ടിക്കൊണ്ടു പോയത് ട്രയല്‍ റണ്ണിനു ശേഷം എന്ന് സംശയം. പൊലീസ് അന്വേഷണം ശരിയായ ദിശയില്‍
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് സംശയം. സംഭവത്തില്‍ പൊലീസിന്റെ ഒരു വിരല്‍ ചൂണ്ടുന്നത് കുട്ടിയുടെ പിതാവിലേക്ക്. കേസന്വേഷണം ഏറ്റെടുത്ത ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നത്. കുട്ടിയുടെ പിതാവ് നഴ്സാണ്. ഇയാള്‍ നഴ്സിംഗ് അസോസിയേഷന് നേതാവ് കൂടിയാണെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ നഴ്സിംഗ് റിക്രൂട്ടിംഗിന്റെ പേരില്‍ അസോസിയേഷനു വേണ്ടി പണം പിരിച്ചിരുന്നു. ഇതില്‍ പണം നഷ്ടപ്പെട്ടവരില്‍ ആരെങ്കിലുമാകാം തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.
ഒരു ദിവസം കൊണ്ട് പ്ലാന്‍ ചെയ്ത പദ്ധതിയല്ല ഇത്. കൃത്യമായ ട്രയല്‍ റണ്ണിനു ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഏതൊക്കെ വഴിയില്‍ ക്യാമറകളുണ്ടെന്നും പിടിക്കപ്പെടാതിരിക്കാന്‍ എന്തൊക്കെ മാര്‍ഗമാണെന്നതുമൊക്കെ പ്രതികള്‍ കൃത്യമായ ആസൂത്രണം നടത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചു. എന്നാല്‍ കുട്ടിയുടെ പിതാവ് സാമ്പത്തിക ഇടപാടു സംബന്ധിച്ച് യാതൊരു വിവരവും പൊലീസിനോടു പറഞ്ഞിട്ടില്ല.
സംഭവം നടന്നയുടന്‍ തന്നെ കുടുംബവുമായി എന്തെങ്കിലും തരത്തിലുള്ള വിരോധമാകാം തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നു സംശയിച്ചിരുന്നു. അതിനിടയിലാണ് സാമ്പത്തിക ഇടപാടു സംബന്ധിച്ച വിവരം പൊലീസിനു ലഭിച്ചത്. കുട്ടിയെ കണ്ടുകിട്ടിയ ഉടന്‍തന്നെ വീട്ടുകാരോടൊപ്പം വിടാതിരുന്നതും അന്വേഷണത്തിന്റെ ഭാഗമായാണ്. കുട്ടിയുടെ ആരോഗ്യം സംബന്ധിച്ച പരിശോധനകള്‍ക്കെന്നു പറഞ്ഞാണ് പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അടുത്ത ദിവസം വീട്ടുകാരോടൊപ്പം വിടാമെന്നു പറഞ്ഞെങ്കിലും കുഞ്ഞിനെ ആശുപത്രിയില്‍ തന്നെ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. പൊലീസിന്റെ പ്ലാനിന്റെ ഭാഗമായാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം വീട്ടുകാരോട് പറഞ്ഞത്.
നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരില്‍ പണം നല്കിയവര് കുറച്ചു നാളായി കുട്ടിയുടെ പിതാവിനോടും അസോസിയേഷനിലെ മറ്റു നേതാക്കളോടും പണം തിരികെ ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ ഇതു തിരികെ നല്കാന് ആരും തയാറായില്ല. ഇതിന്റെ ഭാഗമായാണ് തട്ടിക്കൊണ്ടുപോകല്‍ പദ്ധതി അവര്‍ തയാറാക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിനെ കൈക്കലാക്കി പണം തിരികെ വാങ്ങുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ തട്ടിക്കൊണ്ടു പോകല്‍ സംഭവം വലിയ വാര്‍ത്തയാവുകയും മാധ്യമങ്ങള്‍ ഇതിനു പിന്നാലെ ഉണ്ടെന്നു മനസിലാവുകയും ചെയ്തതോടെ ക്വട്ടേഷന്‍ സംഘം പേടിച്ചു. അതോടെ അവരുടെ പദ്ധതികളും പാളിപ്പോയി. ഇതിനിടെ ക്വട്ടേഷന്‍ സംഘം കുട്ടിയുടെ വീട്ടുകാരെ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നു. ഇതും വാര്‍ത്തയായി. ഈ അവസരം കുട്ടിയുടെ പിതാവും മുതലെടുത്തിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു.
എന്നാല്‍ ഇക്കാര്യങ്ങളൊന്നും കുട്ടിയുടെ പിതാവ് പൊലീസിനോടു പറയാന്‍ തയാറായിട്ടില്ല. പലതവണ പൊലീസ് ഇയാളുടെ മൊഴിയെടുക്കുന്നതിനിടെ തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും ഒന്നും വിട്ടുപറയുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാള്‍ അക്കാര്യം തുറന്നുപറഞ്ഞാല്‍ ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ചും പണം കൊടുക്കാനുള്ള വിവരവും വെളിയില്‍ വരും. എന്നാല്‍ ഇയാളുടെ നിശബ്ദത അന്വേഷണ സംഘത്തെ വലയ്ക്കുന്നുണ്ട്. ഒരുപക്ഷേ പണമിടപാടു സംബന്ധിച്ച് താനും പൊലീസിന്റെ പിടിയിലാകുമോ എന്നു ഭയന്നാകാം പിതാവ് മിണ്ടാതിരിക്കുന്നതെന്നും പൊലീസിന് സംശയമുണ്ട്.
സാധാരണ തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങളുണ്ടായാല്‍ പ്രതികള്‍ കോടികളാണ് മോചനദ്രവ്യമായി ചോദിക്കുന്നത്. എന്നാല്‍ കൊല്ലത്തെ സംഭവത്തില്‍ വെറും അഞ്ചുലക്ഷം രൂപയാണ് ആദ്യം ചോദിച്ചത്. അതു പിന്നീട് പത്തുലക്ഷം രൂപയായി മാറി. ഒരു സാധാരണ കുടുംബമാണ് ഇവരുടേത്. അങ്ങനെയുള്ള ഒരാളുടെ കുട്ടിയെ തന്നെ തട്ടിക്കൊണ്ടുപോയതിലും പിന്നില്‍ എന്തോ സംഭവമുണ്ടെന്ന് പൊലീസ് മനസിലാക്കിയിരുന്നു. അതിനിടെ ചില മാധ്യമങ്ങള്‍ വേറെ തരത്തില്‍ വാര്‍ത്തകള്‍ കൊടുത്തത് അന്വേഷണത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി.
പണം ആവശ്യപ്പെട്ടെങ്കിലും അതു കിട്ടില്ലെന്ന് ഉറപ്പായ സംഘം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്തിനു സമീപം ഉപേക്ഷിച്ചു കടക്കുകയായിരുന്നു. ഈ സമയത്ത് പൊലീസിന്റെ പരിശോധനകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതു മനസിലാക്കിയാകാം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ലഭിച്ചതെന്നും പൊലീസ് പറയുന്നു.
കുട്ടിയെ തട്ടിക്കൊണ്ടു പോകാനായി മൂന്നു ദിവസം മുമ്പുതന്നെ ക്വട്ടേഷന്‍ സംഘങ്ങള്‍ ട്രയല്‍ റണ്‍ നടത്തിയെന്നാണ് പൊലീസ് നല്കുന്ന സൂചന. ഇതിനായി ഉപയോഗിച്ച കാര്‍ മൂന്നു ദിവസമായി ആ പ്രദേശത്ത് കറങ്ങുന്നുണ്ടെന്ന് കുട്ടിയുടെ സഹോദരനും പറഞ്ഞിരുന്നു. ഇതൊക്കെ ട്രയല്‍ റണ്ണിന്റെ ഭാഗമായിട്ടാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതൊക്കെ പുറത്തു വരണമെങ്കില്‍ കുട്ടിയുടെ പിതാവ് തങ്ങളോട് കൃത്യമായ വിവരങ്ങള്‍ പറയണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാളുടെ ഫോണ്‍ രേഖകളും വാട്സാപ്പ് ചാറ്റുകളും പൊലീസ് പരിശോധിച്ചു വരികയാണ്.
അതേസമയം പ്രതികള്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് പിടികൂടാനാകാത്തതെന്നുമാണ് പൊലീസ് പറയുന്നത്. മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്ന സമയത്തും തട്ടിക്കൊണ്ടു പോകല്‍ കേസുകളില്‍ പ്രതികളെ വിദഗ്ധമായി പിടികൂടിയ പൊലീസിന് എന്തുകൊണ്ടാണ് ഇവരെ പിടികൂടാനാകാത്തതെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ പൊലീസിന് ലഭിച്ചെങ്കിലും അവരെ പിടികൂടുന്നതിനുള്ള വ്യക്തമായ തെളിവുകളില്ല. പ്രതികളുടെ ഭാഗത്തു നിന്നും വാദിയുടെ ഭാഗത്തു നിന്നും പൊലീസിനു മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന ആരോപണവും ശക്തമാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.