ആലപ്പുഴ: വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ ആലപ്പുഴയിലെത്തിയ ഈരാറ്റുപേട്ട സ്വദേശിയായ അഞ്ചുവയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ചു.
ഈരാറ്റുപേട്ട നടക്കൽ പുതുപറമ്പ് ഫാസിൽ– ജിസാന ദമ്പതികളുടെ മകൾ ഫൈഹ ഫാത്തിമ ആണ് കോൺവന്റ് സ്ക്വയറിൽ എച്ച്ഡിഎഫ്സി ബാങ്കിനു സമീപം ഉണ്ടായ അപകടത്തിൽ മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.
കുഞ്ഞിന്റെ പിതാവിന്റെ സഹോദരന്റെ കോൺവന്റ് സ്ക്വയറിന് സമീപമുള്ള വീട്ടിൽ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത ശേഷം ഫാത്തിമയും മാതാപിതാക്കളും റോഡരികിൽ നിൽക്കുമ്പോൾ അമിത വേഗത്തിലെത്തിയ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. ഗുരുതര പരുക്കേറ്റ കുട്ടിയെ ആദ്യം ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ജനറൽ ആശുപത്രിയിൽ നിന്ന് ആംബുലൻസ് ലഭിക്കാൻ വൈകിയതായി കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. മെഡിക്കൽ കോളജിൽ എത്തിയ ശേഷവും കുട്ടിക്ക് ശരിയായ പരിചരണം കിട്ടിയില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ ബഹളം വച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
തുടർന്ന് അമ്പലപ്പുഴ എസ്.ഐ നവാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. അത്യാഹിത വിഭാഗത്തിൽ നിന്നു പീഡിയാട്രിക് ഐസിയുവിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ അഞ്ചരയോടെ കുഞ്ഞ് മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മൂന്നു വയസ്സുള്ള ഫിദാൽ ഏക സഹോദരനാണ്. കുഞ്ഞിനെ ഇടിച്ച വാഹനം കണ്ടെത്താൻ ആലപ്പുഴ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നു രാവിലെ മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഈരാറ്റുപേട്ടയിൽ കബറടക്കം നടക്കും.
തീവ്രപരിചരണ വിഭാഗത്തിൽ കുഞ്ഞിന് വേണ്ട ചികിത്സ ഉറപ്പാക്കിയെന്ന് മെഡിക്കൽ കോളജ് ആശുപത്രിയധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.