തിരുവനന്തപുരം :സംസ്ഥാനത്ത് വൈദ്യുതി നിരക്കു വർദ്ധന ഇനി എല്ലാ വർഷവും പ്രതീക്ഷിക്കണം. ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ നിരക്കു വർദ്ധനയുണ്ടായി. ഇതിനു മുമ്പ് ചാർജ് വർദ്ധന നടപ്പാക്കിയത് 2022 ജൂണിലായിരുന്നു.
ഓരോ വർഷവും ശരാശരി 1500 കോടി രൂപയാണ് വൈദ്യുതി ബോർഡിന്റെ പ്രവർത്തന നഷ്ടം. കഴിഞ്ഞ കുറേ വർഷങ്ങളായി സംഭവിച്ച നഷ്ടം കൂടി ച്ചേർത്താൽ നഷ്ടം 15,000 കോടി രൂപയിലധികം വരും.ബോർഡിനു സംഭവിക്കുന്ന നഷ്ടം ഉപഭോക്താക്കളുടെ തലയിൽ കെട്ടിവയ്ക്കാതിരിക്കാൻ വഴിയൊന്നുമില്ലേ? അതിന് ആദ്യം കെ.എസ്.ഇ.ബിയുടെ ചെലവു ചുരുക്കണം. രണ്ടാമതായി, സ്ഥാപനത്തിന്റെ കാര്യക്ഷമതയും കുടിശ്ശിക പിരിവും മെച്ചപ്പെടുത്തണം.
വൈദ്യുതി ബോർഡിലെ സ്ഥിരം ജീവനക്കാരുടെ എണ്ണം 33,600 ആണ്. കുറച്ചു വർഷം മുമ്പ് എം. ശിവശങ്കർ ചെയർമാൻ ആയിരുന്ന കാലത്ത് കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് നടത്തിയ പഠനം അനുസരിച്ച് ബോർഡിന്റെ കാര്യക്ഷമമായ നടത്തിപ്പിന് 24,000 ജീവനക്കാരുടെ ആവശ്യമേയുള്ളൂ. അതായത്, 9600 ജീവനക്കാർ അധികം!
ഈ കണക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചതുമാണ്. ഇതനുസരിച്ച് ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കണം. കുറച്ചു വർഷങ്ങളിലേക്കെങ്കിലും പുതിയ നിയമനങ്ങൾ നിയന്ത്രിക്കണം. ഇപ്പോഴുള്ള ജോലിക്കാർക്ക് പുന:പരിശീലനം കൊടുത്ത് ബോർഡിന്റെ തന്നെ മറ്റു വിഭാഗങ്ങളിലേക്ക് ആവശ്യാനുസരണം നിയോഗിക്കാം.
ഈ നടപടികളിലൂടെ ശമ്പളം, പെൻഷൻ ഇനങ്ങളിലെ ചിലവ് നിയന്ത്രിക്കാനാകും.കെ.എസ്.ഇ.ബിക്ക് പിരഞ്ഞുകിട്ടാനുള്ള കുടിശ്ശിക 3000 കോടി രൂപയിലധികമാണ്. ഗാർഹിക ഉപഭോക്താക്കൾ കുടിശ്ശിക വരുത്തിയാൽ പിറ്റേന്നു തന്നെ നടപടിയെടുക്കുന്ന ബോർഡ്, വൻകിട ഉപഭോക്താക്കളുടെ കാര്യത്തിൽ കണ്ണടയ്ക്കും. കിട്ടാനുള്ള തുക ഉടനടി പിരിച്ചെടുത്താൽ കടക്കെണിയിലായ കെ.എസ്.ഇ.ബിക്ക് വലിയ ആശ്വാസമാകും.
പ്രസരണ- വിതരണ നഷ്ടം കുറയ്ക്കുക
ബോർഡിന്റെ പ്രസരണ നഷ്ടം ആറു ശതമാനമാണ്. വിതരണ നഷ്ടം ഒമ്പത് ശതമാനം. അതായത്, ആകെ വൈദ്യുതി നഷ്ടം 15 ശതമാനം. കേരളത്തിൽ ഉപയോഗിക്കുന്ന വൈദ്യുതിയിൽ 70 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്നതാണ്.
ഇത് ദീർഘ ദൂരം പ്രസരണം നടത്തിയാണ് സംസ്ഥാനത്ത് എത്തിക്കുന്നത്. അതുകൊണ്ടുതന്നെ കെ.എസ്.ഇ.ബിയുടെ പ്രസരണ നഷ്ടം മറ്റു കമ്പനികളിലേതിനെക്കാൾ കൂടുതലാണ്. അടുത്ത അഞ്ചുവർഷത്തിനകം ആകെ പ്രസരണ- വിതരണ നഷ്ടം പത്തു ശതമാനത്തിൽ എത്തിക്കണം.
എങ്കിലേ കെ.എസ്.ഇ.ബിക്ക് പിടിച്ചുനിൽക്കാനാകൂ. ഇതിനായി നമ്മുടെ വിതരണ ശൃംഖല ആധുനീകരിച്ച് മെച്ചപ്പെടുത്തണം. സ്മാർട്ട് മീറ്ററിംഗ് സമ്പ്രദായം നടപ്പിലാക്കണം. ഇതിനു പുറമേ പ്രസരണനഷ്ടം കുറയ്ക്കാൻ സംസ്ഥാനത്തു തന്നെ സോളർ, ചെറുകിട ജലവൈദ്യുതി പദ്ധതികൾ വഴിയുള്ള ഉത്പാദനം കൂട്ടണം.
ആഭ്യന്തര ഉത്പാദനം
ഒരു വർഷം കേരളത്തിൽ ഉപയോഗിക്കുന്ന 27,000 ദശലക്ഷം യൂണിറ്റ് വൈദ്യുതിയിൽ 70 ശതമാനവും പുറമേ നിന്ന് വാങ്ങുന്നതാണ്. ഇതിനു ചെലവാകുന്ന തുക ഭീമമാണ്- പതിനായിരം കോടിയിലധികം രൂപ! സംസ്ഥാനത്തിനകത്ത് 127 ചെറുകിട ജല വൈദ്യുതി പദ്ധതികൾ മുടങ്ങിക്കിടക്കുന്നുണ്ട്.
783 മെഗാവാട്ടാണ് ഇവയുടെ സ്ഥാപിത ശേഷി. ഏറ്റവും നല്ല ഉദാഹരണമാണ് 60 മെഗാവാട്ടിന്റെ പള്ളിവാസൻ എക്സ്റ്റൻഷൻ പദ്ധതി. 2007-ൽ നിർമ്മാണം തുടങ്ങിയ ഈ പദ്ധതി 2011- ൽ പൂർത്തിയാക്കി, ഉത്പാദനം തുടങ്ങേണ്ടതായിരുന്നു. പക്ഷേ, പന്ത്രണ്ടു വർഷത്തിനു ശേഷവും പദ്ധതി പൂർത്തീകരിച്ചിട്ടില്ല.മറ്റൊന്ന്, മൂന്ന് മെഗാവാട്ട് ശേഷിയുള്ള വഞ്ചിയം പദ്ധതി.
മലബാറിലെ ആദ്യ ജലവൈദ്യുതി പദ്ധതിയായിരുന്ന വഞ്ചിയത്ത്, നിർമ്മാണം തുടങ്ങിയത് 1993-ലാണ്. 30 വർഷങ്ങൾക്കു ശേഷവും പദ്ധതി എങ്ങുമെത്തിയില്ല. ഇത്തരം ചെറുകിട ജല വൈദ്യുതി പദ്ധതികളെല്ലാം പൂർത്തീകരിച്ചാൽ പ്രതിദിനം 20 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കാവും! ഇനി മുൻഗണന നൽകേണ്ടത് സംസ്ഥാനത്തിനകത്തു തന്നെയുള്ള വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കാനാണ്.
അതിൽത്തന്നെ ചെറുകിട പദ്ധതികൾക്കും സൗര വൈദ്യുതിക്കും പ്രാധാന്യം കൊടുക്കണം. വൈദ്യുതി ബോർഡിന് താത്പര്യമില്ലാത്ത ചെറുകിട ജലവൈദ്യുതി പദ്ധതികൾ ജില്ലാ പഞ്ചായത്തുകൾക്കോ ജില്ലാ സഹകരണ ബാങ്കുകൾക്കോ നൽകണം.
കുറച്ചു പദ്ധതികൾ സ്വകാര്യ കമ്പനികൾക്കും നൽകാം. ഇത്തരം തിരുത്തൽ നടപടികൾ സ്വീകരിച്ചാൽ, വർഷാവർഷം വൈദ്യുതി ചാർജ് കൂട്ടി ഉപഭോക്താവിനെ ഷോക്കടിപ്പിക്കുന്ന പരിപാടി അവസാനിപ്പിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.