കണ്ണൂർ :നവകേരള സദസ്സിന് എത്തുന്ന മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉയരുന്നത് മുന്നിൽ കണ്ട് ഉച്ചയ്ക്ക് 12ഓടെ കെഎസ് യു, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരായ 12 പേരെയാണ് പോലീസ് കരുതൽ തടങ്കലിൽ വച്ചത്.
യൂത്ത് കോൺഗ്രസ് കല്യാശ്ശേരി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുഫൈൽ സുബൈർ, കെഎസ് യു കല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് കെ.ഇ. മുഹമ്മദ് റാഹിബ്, മാടായി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്രീരാഗ് ബാബു,മുബാസ്, അർഷാദ് എന്നിവരെയും മുസ്‌ലിം യൂത്ത് ലീഗ് നേതാക്കളായ എസ്.യു.റഫീഖ്, ജംഷീർ ആലക്കാട്, തസ്‌ലിം അടിപ്പാലം, സമദ് ചൂട്ടാട്, ഫൈസൽ മലക്കാരൻ ,കെ.വി.മുഹമ്മദ് റിയാസ് ഷാഫി മാട്ടൂൽ എന്നിവരെയാണ് കരുതൽ തടങ്കലിൽ വച്ചത്.അതേസമയം നവകേരള സദസ്സിന്റെ മറവിൽ യൂത്ത് കോൺഗ്രസ്, കെഎസ് യു, യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ വച്ചതിലും ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമിച്ചതിലും യുഡിഎഫ് പ്രതിഷേധിച്ചു.
മുസ്‌ലിം ലീഗ് കല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് എസ്.കെ.പി.സക്കരിയ്യ, ജനറൽ സെക്രട്ടറി പി.വി.ഇബ്രാഹിം, സെക്രട്ടറി എ.പി.ബദറുദ്ദീൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.ബ്രിജേഷ്കുമാർ, അജിത്ത് മാട്ടൂൽ, നേതാക്കളായ മടപ്പളളി പ്രദീപൻ, എം.പവിത്രൻ, പാറയിൽ കൃഷ്ണൻ, എ.കെ.ജയശീലൻ, കെ.വി.ഉത്തമൻ, ജോയ് ചൂട്ടാട് എന്നിവർ പ്രതിഷേധിച്ചു.
"കരിങ്കൊടി കൃത്യമായ നിർദേശത്തെ തുടർന്നെന്ന് മുഖ്യമന്ത്രിഅപമാനമെന്നു സതീശൻ"
പഴയങ്ങാടിയിൽ നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിമാർ സഞ്ചരിച്ച ബസിന് നേരെ കരിങ്കൊടി കാണിച്ചവർ കൃത്യമായ നിർദേശത്തെ തുടർന്നു വന്നവരാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകരെ പോലും സിപിഎം പ്രവർത്തകർ തല്ലിച്ചതച്ചത് കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎമ്മിനു സംരക്ഷണമൊരുക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കായികമായി കൈകാര്യം ചെയ്യാനാണു ഭാവമെങ്കിൽ അതിനെ തെരുവിൽ നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു നേതാക്കൾ.
ഒരു തരത്തിലും പരിപാടിയെ തളർത്താൻ കഴിയാതെ വന്നപ്പോഴാണ് കരിങ്കൊടിയുമായി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിപാടിയുടെ ശോഭ കെടുത്താൻ അജൻഡയുമായി വരുന്നവർക്ക് അവസരം ഉണ്ടാക്കേണ്ടതില്ലെന്നും പ്രകോപനത്തിൽ കുടുങ്ങരുതെന്നും പിണറായി വിജയൻ പറഞ്ഞു.
സിപിഎം പ്രവർത്തകർ ബോധപൂർവം അക്രമം അഴിച്ചു വിട്ടപ്പോൾ ചലിക്കാതെ നിന്ന പൊലീസ് ക്രിമിനൽ കുറ്റമാണു ചെയ്തതെന്നു വി.ഡി.സതീശൻ കുറ്റപ്പെടുത്തി. യുഡിഎഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ്സ് നടത്താനാണു നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണുമെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎം ബോധപൂർവം ആസൂത്രണം ചെയ്ത അക്രമമാണ് ഇതെന്ന് കെ.സുധാകരൻ കുറ്റപ്പെടുത്തി. പ്രതിഷേധക്കാരെ ഗുണ്ടകളെ ഉപയോഗിച്ചു തല്ലിയൊതുക്കി, ജനങ്ങളുടെ പരാതി കേൾക്കാതെ ആഡംബര ബസിൽ ഉല്ലാസയാത്ര നടത്താൻ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്ന് സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പൊലീസിന്റെ മാത്രമല്ല പരിശീലനം ലഭിച്ച ക്രിമിനലുകളുടെ കൂടി അകമ്പടിയുണ്ടെന്നാണു പഴയങ്ങാടിയിലെ സംഭവം വ്യക്തമാക്കുന്നതെന്നു ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. സിപിഎമ്മുകാർക്ക് അക്രമം അഴിച്ചുവിടാൻ മുഖ്യമന്ത്രി അനുമതി നൽകിയിട്ടുണ്ടോയെന്നു വ്യക്തമാക്കണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
ഒരു പ്രകോപനവും ഇല്ലാതെ കോളജിന് സമീപത്തെ കടയിൽ നിന്ന് നാരങ്ങ വെളളം കുടിക്കുകയായിരുന്ന കെഎസ്‌യു പ്രവർത്തകരെ നവകേരള സദസ്സിന് മുന്നോടിയായി പൊലീസ് കരുതൽ തടങ്കലിൽ വച്ചു. ഇത് അന്യായമാണെന്നു പറഞ്ഞപ്പോൾ കേട്ടില്ല. ഇതു വല്ലാതെ പ്രയാസമുണ്ടാക്കി.
ഇതേ തുടർന്നാണ് പ്രതിഷേധിക്കണമെന്നു തീരുമാനിച്ചത്. മുഖ്യമന്ത്രി തളിപ്പറമ്പിലേക്കു പോകുമ്പോൾ കയ്യിൽ ഉണ്ടായിരുന്ന കറുത്ത തുണി ഉയർത്തി പ്രതിഷേധിച്ചു. ഉടൻ തന്നെ എന്റെ ഒപ്പം പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളായ സുധീഷ് വെളളച്ചാൽ, രാഹുൽ എന്നിവരെ ഡിവൈഎഫ്‌ഐക്കാർ ക്രൂരമായി ആക്രമിച്ചു.
ചെടിച്ചട്ടി, ഹെൽമറ്റ് എന്നിവ ഉപയോഗിച്ച് തലയ്ക്ക് അടിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഭടൻമാർ വയർലെസ് സെറ്റ് ഉപയോഗിച്ചും സുധീഷിന്റെ തലയ്ക്കടിച്ചു. ഈ അക്രമത്തിനിടയിൽ ഒരു സ്ത്രീ എന്ന പരിഗണന തന്നില്ല. വനിതാ പൊലീസ് ഇല്ലാതെ തൊടരുത് എന്ന് പറഞ്ഞപ്പോൾ കൈപിടിച്ച് തിരിച്ച് ഒടിച്ചു.’’മഹിത മോഹൻ (യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്)
നവകേരള സദസ്സിന്റെ പേരിൽ അനാവശ്യമായി യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരെ കരുതൽ തടങ്കലിൽ വയ്ക്കാനാണ് പൊലീസ് തീരുമാനമെങ്കിൽ മുഖ്യമന്ത്രിയെയും, പരിവാരങ്ങളെയും റോഡിൽ ഇറങ്ങാൻ യൂത്ത് കോൺഗ്രസ് അനുവദിക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ പറഞ്ഞു.
എന്തിനാണ് മന്ത്രിമാരും, പൊലീസും ഇങ്ങനെ ഭയക്കുന്നതെന്നു മനസ്സിലാകുന്നില്ല. യൂത്ത് കോൺഗ്രസ് തീരുമാനിച്ചാൽ മുഖ്യനും കൂട്ടരും ഏത് പാതാളത്തിൽ ഒളിച്ചാലും പ്രതിഷേധിക്കാൻ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘പഴയങ്ങാടി കെഎസ്ഇബി ഓഫിസിന് മുൻപിലൂടെ കടന്നുപോയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ വീണ്ടും കരിങ്കൊടി കാണിച്ചു.
ഇതോടെ സമീപത്തുണ്ടായിരുന്ന എസ്എഫ്ഐ, ഡിവൈഎഫ്ഐക്കാർ വന്ന് ആക്രമിക്കുകയായിരുന്നു. ഞങ്ങളെ പട്ടിക കഷണവും കെഎസ്ഇബി ഓഫിസിലെ പൂച്ചട്ടിയും ഉൾപ്പെടെ എടുത്തു തലയ്ക്ക് അടിച്ചു.
പ്രതിഷേധത്തിൽ പങ്കെടുക്കാത്ത മാടായി കോളജ് യൂണിയൻ ചെയർമാനും കെഎസ്‍യു പ്രവർത്തകനുമായ സായ് ശരണിനെയും പട്ടിക കഷ്ണം കൊണ്ട് പൊതിരെ തല്ലി. മഹിതാ മോഹനെയും ആക്രമിച്ചു. ഈ സമയമത്രയും നാല് വണ്ടി പൊലീസുകാർ അക്രമം നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവർ അനങ്ങിയില്ല.
ഒടുവിൽ ഞങ്ങളെ പൊലീസ് വാഹനത്തിൽ കയറ്റിയതിന് ശേഷവും തല്ലാൻ അവസരം കൊടുക്കുകയാണ് പൊലീസ് ചെയ്തത്. പൊലീസ് ജീപ്പിനടുത്തേക്ക് ആക്രോശിച്ചെത്തിയ സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ വാഹനം മുൻപോട്ട് എടുക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പൊലീസുകാർ ചെവി കൊണ്ടില്ല. ജീപ്പിലിരുന്നപ്പോഴും ഈ സംഘം മർദിച്ചു.’’രാഹുൽ പുത്തൻപുരയിൽ, യൂത്ത് കോൺഗ്രസ് കല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു'
പിണറായി സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ മർദിച്ചൊതുക്കി നവകേരള സദസ്സ് കൊലപാതക സദസ്സാക്കാനാണു സിപിഎമ്മും ഡിവൈഎഫ്ഐയും ശ്രമിക്കുന്നതെന്നു മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി.
പൊലീസ് സ്റ്റേഷന്റെ മതിൽ ചാടിക്കടന്നു ഡിവൈഎഫ്ഐക്കാർ കാണിച്ചതു കാടത്തമാണെന്നും അബ്ദുൽ കരീം ചേലേരി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.