ഹിമാചൽ : ഉത്തരകാശിയിലെ സില്‍ക്യാരയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ അകപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം വീണ്ടും തടസ്സപ്പെട്ടു.
നിര്‍മ്മാണത്തിന്റെ ഭാഗമായ ലോഹാവശിഷ്ടങ്ങളില്‍ ഇരുമ്പുപൈപ്പ് തട്ടിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇത് മുറിച്ച് നീക്കി ഡ്രില്ലിങ് പുനരാരംഭിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.
അതേസമയം എല്ലാ തൊഴിലാളികളെയും സുരക്ഷിതരായി പുറത്തെത്തിക്കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര് സിങ് സുഖു പറഞ്ഞു. ഹിമാചല്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയിട്ടുണ്ട്.
11 ദിവസം മുമ്പ് നവംബര്‍ 12-നായിരുന്നു ഉത്തരകാശിയിലെ സില്‍ക്യാരയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നുവീണത്. ഉള്ളില്‍ കുടുങ്ങിയ 41 രക്ഷാപ്രവര്‍ത്തകരെയും പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം അന്ന് മുതല്‍ ആരംഭിച്ചതാണ്.
കഴിഞ്ഞ ദിവസമാണ് തുരങ്കത്തില്‍ കുടുങ്ങിയവരുടെ ആദ്യദൃശ്യങ്ങള്‍ പുറംലോകത്തിന് ലഭിച്ചത്. എന്‍ഡോസ്കോപ്പിക് ഫ്ളക്സി ക്യാമറ എത്തിച്ചാണ് തൊഴിലാളികളുടെ ദൃശ്യം ലഭ്യമാക്കിയത്. തുരങ്കത്തില്‍ കുടുങ്ങിയവരുമായി വിജയകരമായി സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിഞ്ഞത് രക്ഷാദൗത്യത്തിലെ നിര്‍ണ്ണായകമായ നാഴികക്കല്ലായിരുന്നു.
ടണലിനുള്ളില്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഡ്രില്‍ ഉപയോഗിച്ച് ദ്വാരം ഉണ്ടാക്കി സ്റ്റീല്‍ പൈപ്പ് കടത്തിവിടാനും ഇതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനും ആദ്യശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിനിടയില്‍ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായത് ആശങ്ക പരത്തി.
തുരങ്കത്തില്‍ പെട്ടവര്‍ക്ക് പനി ഉള്‍പ്പെടെയുള്ള ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടതും പരിഭ്രാന്തിക്ക് കാരണമായി. യു.എസ്. നിര്‍മിത ഡ്രില്ലിങ് ഉപകരണമായ 'അമേരിക്കന്‍ ആഗര്‍' ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.