ന്യൂഡൽഹി: മണിപ്പുരിലെ ഇംഫാൽ വിമാനത്താവളത്തിന് സമീപം പറക്കുന്ന അജ്ഞാത വസ്തുവിനെ (യുഎഫ്ഒ) കണ്ടതായി വിവരം ലഭിച്ചതിനു പിന്നാലെ റഫാൽ യുദ്ധവിമാനം ഉപയോഗിച്ച് തിരച്ചിൽ നടത്തി ഇന്ത്യൻ വ്യോമസേന (ഐഎഎഫ്).
ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണ് ഇംഫാൽ വിമാനത്താവളത്തിന് മുകളിൽ അജ്ഞാത പറക്കുന്ന വസ്തു കണ്ടതായി വിവരം ലഭിച്ചത്.
ഉടൻ സമീപത്തെ എയർബേസിൽനിന്ന് റഫാൽ വിമാനം എത്തി വസ്തുവിനായി തിരച്ചിൽ നടത്തിയെന്ന് വ്യോമസേന അറിയിച്ചു. ഇവിടെ വിമാന സർവീസ് താൽക്കാലികമായി നിർത്തിവച്ചിരുന്നു.നൂതന സെൻസറുകൾ ഘടിപ്പിച്ച റഫാൽ വിമാനം, അജ്ഞാത വസ്തുവിനായി താഴ്ന്നുപറന്ന് തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ആദ്യത്തെ വിമാനം മടങ്ങിവന്നതിനു ശേഷം മറ്റൊരു റഫാൽ യുദ്ധവിമാനം കൂടി തിരച്ചിലിനായി അയച്ചു. ഇതിനും സംശയാസ്പദമായി ഒന്നു കണ്ടെത്താനായില്ല.
ഇംഫാൽ വിമാനത്താവളത്തിന് മുകളിൽ കണ്ട അജ്ഞാത വസ്തുവിന്റെ വിഡിയോ പ്രചരിക്കുന്നതിനാൽ ബന്ധപ്പെട്ട ഏജൻസികൾ ഇതിന്റെ വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പ്രതിരോധവൃത്തങ്ങൾ പറഞ്ഞു.
ഇംഫാൽ വിമാനത്താവളത്തിൽ വിമാന സർവീസിന് അനുമതി നൽകിയതിനു തൊട്ടുപിന്നാലെ ഷില്ലോങ് ആസ്ഥാനമായ വ്യോമസേനയുടെ ഈസ്റ്റേൺ കമാൻഡ്, പ്രദേശത്ത് എയർ ഡിഫൻസ് പ്രതികരണ സംവിധാനം ആക്ടിവേറ്റ് ചെയ്തതായി അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ റഫാൽ യുദ്ധവിമാനങ്ങൾ ബംഗാളിലെ ഹഷിമാര എയർ ബേസിലാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.