പാലക്കാട്: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി.
ഇന്നലെ രാവിലെ വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം നടന്നത്. മന്ത്രോച്ചാരണങ്ങൾക്കുശേഷം തന്ത്രി സഭാപതി ശിവാചാര്യരും മേൽശാന്തി പ്രഭുവും ചേർന്ന് കൊടിക്കൂറ ഉയർത്തി.പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിൽ തന്ത്രിമാരായ രാമമൂർത്തി ഭട്ടാചാര്യരും ജി.എൻ.ആർ.ഗോവിന്ദും ചേർന്നാണ് കൊടിയേറ്റം നടത്തിയത്.
ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ ശ്രീകാന്ത് ഭട്ടാചാര്യരുടെയും പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ രാംകുമാർ ശിവാചാര്യർ, കെ.ജി.വെങ്കിടേശ്വര ശർമ്മ എന്നിവരുടെയും നേതൃത്വത്തിൽ ധ്വജാരോഹണം നടന്നു. നാല് ക്ഷേത്രങ്ങളിലും ഏതാണ്ട് ഒരേ സമയത്തായിരുന്നു കൊടിയേറ്റച്ചടങ്ങ്.ചൊവ്വാഴ്ച്ച വൈകീട്ട് നാല് ക്ഷേത്രങ്ങളിലും വാസ്തുശാന്തി, വാസ്തുഹോമം, വാസ്തുബലി എന്നിവയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. 17 വരെ ക്ഷേത്രങ്ങളിൽ വേദപാരായണം, ഗ്രാമപ്രദക്ഷിണം എന്നിവ ഉൾപ്പെടെ വിവിധ ചടങ്ങുകളും ആഘോഷ പരിപാടികളും ഉണ്ടാകും.
ഉത്സവത്തിരക്കിൽ അഗ്രഹാര വീഥികൾ
കൊടിയേറ്റം കഴിഞ്ഞതോടെ കൽപ്പാത്തിയിലെ അഗ്രഹാരങ്ങൾ ഉത്സവാന്തരീക്ഷത്തിലാണ്. അഗ്രഹാര വീഥികളിൽ തിരക്ക് അനുഭവപ്പെട്ടുതുടങ്ങി.
വൈദ്യുത ദീപാലങ്കാരങ്ങളും മറ്റ് വർണക്കാഴ്ച്ചകളും കാണാം. 12-ന് അഞ്ചാം തിരുനാൾ ദിനത്തിൽ അർദ്ധരാത്രി പല്ലക്ക് ആഘോഷിക്കും. 14, 15 തീയതികളിൽ ഒന്നാംതേരും രണ്ടാംതേരും കേമമാകും. 16ന് മൂന്നാംതേര് ദിവസമാണ് ദേവരഥ സംഗമം.
സംഗീതോത്സവം ഇന്ന് മുതൽരഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നടത്തുന്ന ദേശീയ സംഗീതോത്സവത്തിന് ഇന്ന് തുടക്കമാകും. ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ സഹകരണത്തോടെ ചാത്തപുരം മണി അയ്യർ റോഡിൽ പ്രത്യേകം സജ്ജീകരിക്കുന്ന പി.എസ്.നാരായണസ്വാമി നഗർ വേദിയിലാണ് സംഗീതോത്സവം.
ഇന്ന് വൈകിട്ട് ആറിന് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. തുടർന്ന് ജി.ബേബി ശ്രീറാമിന്റെ സംഗീതക്കച്ചേരി അരങ്ങേറും. സുനിത ഹരിശങ്കർ (വയലിൻ), പാലക്കാട് എം.എം.ഹരിനാരായണൻ (മൃദംഗം), ഉഡുപ്പി ശ്രീകാന്ത് (ഗഞ്ചിറ) എന്നിവർ പക്കമേളമൊരുക്കും. 13ന് സംഗീതോത്സവം സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.