കോട്ടയം :പൊലീസുകാരുടെ മർദ്ദനത്തിൽ 17 വയസുകാരന്റെ നട്ടെല്ലിന് പരിക്കേറ്റെന്ന പരാതി അന്വേഷിക്കാൻ പാലാ ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെകാർത്തിക്.
അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കും. ഇന്ന് തന്നെ റിപ്പോർട്ട് കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. പെരുമ്പാവൂർ സ്വദേശിയായ പാർത്ഥിപൻ എന്ന 17കാരനാണ് പരാതിയുമായി രംഗത്ത് വന്നത്. പാലാ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർ തന്നെ മർദ്ദിച്ചുവെന്നും മർദ്ദനത്തിൽ നട്ടെല്ലിന് പരിക്കേറ്റുവെന്നുമാണ് പരാതി.മർദ്ദന വിവരം പുറത്തു പറഞ്ഞാൽ കേസിൽ കുടുക്കുമെന്ന് പൊലീസുകാർ ഭീഷണിപ്പെടുത്തിയതായും പാർത്ഥിപൻ പറഞ്ഞു . കുനിച്ചുനിർത്തി മുതുകിൽ മർദ്ദിച്ചെന്നാണ് കുട്ടിയുടെ പരാതി. മകന് നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് അനങ്ങാൻ കഴിയുന്നില്ലെന്നും ശുചിമുറിയിലേക്ക് വരെ എടുത്ത് പിടിച്ചാണ് കൊണ്ടുപോകുന്നതെന്നും അമ്മ നിഷ പറഞ്ഞിരുന്നു.
എന്നാൽ പൊലീസ് മർദ്ദനമെന്ന ആരോപണം കള്ളമാണെന്നാണ് പാലാ പൊലീസിന്റെ വാദം. പാർത്ഥിപനെ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനാണ് പിടികൂടിയതെന്നും മർദ്ദിച്ചിട്ടില്ലെന്നും പൊലീസുകാർ പറയുന്നു. പാർത്ഥിപൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താനാണ് ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും കോട്ടയം എസ്‌പി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.