ന്യൂഡൽഹി:നേപ്പാളിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 128 മരണം. നാനൂറോളം പേർക്കു പരുക്കുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ പുറത്തുവിടുന്ന വിവരം.
വെള്ളിയാഴ്ച രാത്രി 11.32നാണു വ്യാപക നാശനഷ്ടമുണ്ടാക്കിയ ഭൂചലനം സംഭവിച്ചതെന്നു നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.നേപ്പാളിലെ ഭൂചലനത്തിനു പിന്നാലെ ഡൽഹിയിലും ബിഹാറിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും പ്രകമ്പനം ഉണ്ടായി. രാത്രിയായതിനാൽ ഈ സമയം പലരും ഉറക്കത്തിലായിരുന്നു. ഭൂചലനം അനുവഭപ്പെട്ടതോടെ ജനം പരിഭ്രാന്തരായി പുറത്തേക്കിറങ്ങുകയായിരുന്നു.
നേപ്പാളിലെ ജാജർകോട്ട് ജില്ലയിലെ റാമിഡാന്റ പ്രദേശമാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിരവധി വീടുകളും കെട്ടിടങ്ങളും ഭൂചലനത്തിൽ തകർന്നു. നിരവധിപ്പേർ കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. റുകും ജില്ലയിൽ മാത്രം 35 പേർ മരിച്ചതായാണു വിവരം.
ജാജർകോട്ടിൽ മുപ്പതിൽ അധികം പേരും മരിച്ചു. നേപ്പാൾ സൈന്യവും പൊലീസും രക്ഷാപ്രവർത്തനം നടത്തുകയാണ്. യായർ കോട്ട്, രുക്കം വെസ്റ്റ് ജില്ലകളിലാണു നാശനഷ്ടം ഏറെയും റിപ്പോർട്ട് ചെയ്തതിരിക്കുന്നത്.തകർന്ന കെട്ടിടങ്ങൾക്ക് ഇടയിലൂടെ രാത്രിയിൽ ബന്ധുക്കൾക്കായി പരതുന്ന പ്രദേശവാസികളുടെ വിഡിയോകൾ പുറത്തുവന്നു. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ അനുശോചനം രേഖപ്പെടുത്തി. ഒക്ടോബർ 22 നും നേപ്പാളിൽ ഭൂചലനം സംഭവിച്ചിരുന്നു.
അന്നു 6.1 തീവ്രതയുള്ള ഭൂചലനമാണ് സംഭവിച്ചത്.ഇന്ത്യ നേപ്പാളിനൊപ്പം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂചലനത്തിൽ കനത്ത നാശനഷ്ടമുണ്ടായ നേപ്പാളിനൊപ്പമാണ് ഇന്ത്യ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂചലനത്തിൽ നിരവധിപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടതിലും നാശമുണ്ടായതിലും ദുഃഖം രേഖപ്പെടുത്തുന്നു.
ഇന്ത്യ നേപ്പാളിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ തയാറാണ്. മരിച്ചവരുടെ കുടുംബത്തെക്കുറിച്ച് ചിന്തിക്കുന്നുവെന്നും പരുക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.