കർണാടക :പുതിയ സർക്കാർ അധികാരമേറി ആറു മാസമായിട്ടും പ്രതിപക്ഷ നേതാവില്ലാത്ത സംസ്ഥാനമായി തുടരുകയാണ് കർണാടക.
രാജ്യം ഭരിക്കുന്ന പാർട്ടിയായ ബിജെപിയുടെ ദേശീയ നേതൃത്വത്തിന് എന്തുകൊണ്ടാണ് ഇത്ര സമയമെടുത്തിട്ടും ഒരു നേതാവിനെ നിർദേശിക്കാൻ കഴിയാതെ പോകുന്നത്?
ഇനിയും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ വൈകിയാൽ നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് മുതിർന്ന നേതാവ് ബിഎസ് യെദ്യുരപ്പക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പാർട്ടി എംഎൽഎമാർ.
കഴിഞ്ഞ മെയ് 10ന് പുറത്തു വന്ന നിയസഭ തിരഞ്ഞെടുപ്പ് ഫലപ്രകാരം സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ 135 എണ്ണം നേടിയായിരുന്നു കോൺഗ്രസ് അധികാരം തിരിച്ചു പിടിച്ചത്. 66 സീറ്റുകളുമായി ബിജെപിയും 19 സീറ്റുകളുമായി ജെഡിഎസും പ്രതിപക്ഷത്തായി.മുഖ്യ പ്രതിപക്ഷമായ ബിജെപിക്കാണ് സ്വാഭാവികമായും പ്രതിപക്ഷ നേതാവിന്റെ കസേരക്ക് അർഹത. എന്നാൽ ഉൾപാർട്ടി പോരും നേതാക്കൾക്കിടയിൽ രൂപപ്പെട്ട കടുത്ത ഭിന്നതയും കാരണം പ്രതിപക്ഷ നേതാവിന്റെ കസേര ഒഴിഞ്ഞുതന്നെ കിടക്കുകയാണ്.
കർണാടകയിലെ നിയസഭ തിരഞ്ഞെടുപ്പ് ഫലത്തോടെ ദക്ഷിണേന്ത്യയിൽ മേൽവിലാസം ഇല്ലാതായ ബിജെപിക്കു മറ്റൊരു നാണക്കേടാകുകയാണ് പ്രതിപക്ഷ നേതാവിനെ കണ്ടെത്താനാവാത്തത്. സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കാട്ടീലിന്റെ കാലാവധി കഴിഞ്ഞിട്ടും പകരക്കാരനെയും കണ്ടെത്തിയിട്ടില്ല.
അത് ബിജെപിയുടെ ആഭ്യന്തര കാര്യമായി കണ്ട് കണ്ണടയ്ക്കാമെങ്കിലും പ്രതിപക്ഷ നേതാവിന്റെ കാര്യം അങ്ങനെയല്ല. പ്രതിപക്ഷനേതാവ് സർക്കാരിന്റെ ഭാഗമാണ്, നിയമ നിർമാണ സഭകളുടെ പ്രവർത്തനത്തിൽ ഒഴിച്ച് കൂടാനാവാത്ത പദവിയാണത്.
മുതിർന്ന നേതാവ് ബി എസ് യെദ്യൂരപ്പ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് നിർദേശിച്ചത് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പേരാണ്. എതിർപക്ഷമായ ബി എൽ സന്തോഷ് പക്ഷത്തിനു പ്രതിപക്ഷ നേതാവായി വേണ്ടത് എംഎൽഎ ബസന ഗൗഡ പാട്ടീൽ യത്നാലിനെ അല്ലെങ്കിൽ എംഎൽഎ അരവിന്ദ് ബല്ലാഡിനെ.
യെദ്യുരപ്പയുടെ നിർദേശം എല്ലാ എം എൽഎമാരുടെയും അഭിപ്രായം ആരായാതെ അംഗീകരിക്കരുതെന്നാണ് ഒറ്റയായും സംഘമായും ഡൽഹി യാത്ര നടത്തി മറുപക്ഷം ആവശ്യപ്പെടുന്നത്. യെദ്യുരപ്പയുടെ വിശ്വസ്തനും അനുയായിയുമായ ബൊമ്മെ പ്രതിപക്ഷ നേതാവായാൽ കടിഞ്ഞാൺ വീണ്ടും യെദ്യുരപ്പയുടെ കയ്യിലാകുമെന്ന ആശങ്കയാണിവർക്ക്.
ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മകൻ ബി വൈ വിജയേന്ദ്രയെ പ്രതിഷ്ഠിക്കാനുള്ള ശ്രമമവും യെദ്യൂരപ്പ നടത്തുന്നുണ്ട്. അതും ഫലം കണ്ടാൽ മറുപക്ഷത്തിനു കർണാടകയിൽ പിന്നെ ഒരു പിടിവള്ളിയുമില്ലാതാകും.
ഇതോർത്തുള്ള ബി എൽ സന്തോഷ് , സി ടി രവി, നളിൻ കുമാർ കാട്ടീൽ സംഘത്തിന്റെ കരുനീക്കങ്ങളാണ് കർണാടകക്ക് തൽക്കാലം പ്രതിപക്ഷ നേതാവില്ലാതാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.