കൊച്ചി: മലമ്പനിയും മന്തും കണ്ടെത്താനുള്ള രാത്രികാല രക്തപരിശോധനയിൽ പങ്കാളിയാകണമെന്ന നിർദ്ദേശം ആശാപ്രവർത്തകർക്ക് ഇരുട്ടടിയായി.
പകൽ അധികജോലിഭാരത്താൽ വിഷമിക്കുന്നതിനിടയിലാണ് പുതിയ നിർദ്ദേശം. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ, വീടുകൾ എന്നിവ കണ്ടെത്തി നൽകാനായിരുന്നു ആശാപ്രവർത്തകർക്കുള്ള ആദ്യ നിർദ്ദേശം. ഉദ്യോഗസ്ഥർക്കൊപ്പം ചെല്ലണമെന്ന് പിന്നീട് നിർദ്ദേശിച്ചു. അധികജോലിക്ക് പ്രതിഫലവുമില്ല.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കാണ് മലമ്പനി, മന്തുരോഗ പരിശോധനയുടെ ചുമതല. മന്തു ലാർവ രക്തത്തിലേക്കിറങ്ങുന്നത് രാത്രിയിലായതിനാൽ ഒമ്പതിനു ശേഷമാണ് പരിശോധന.ഇക്കൂട്ടത്തിൽ മലമ്പനിയുടെ പരിശോധനയും നടക്കും. ഡോക്‌ടറും രണ്ടു ജൂനിയർ ഹെൽത്ത് ഇൻസ്പക്‌ടർമാരുമാണ് രക്തസാമ്പിൾ ശേഖരിക്കാൻ വീടുകളിലും ക്യാമ്പുകളിലുമെത്തുന്നത്. പരിശോധനയ്ക്ക് വരുമെന്ന് പകൽ ആശാപ്രവർത്തകർ ഓരോ സ്ഥലത്തുമെത്തി അറിയിക്കണം. രാത്രിയിൽ രക്തസാമ്പിൾ ശേഖരിക്കുമ്പോഴും അവർ കൂടെയുണ്ടാകണമെന്ന നിർദ്ദേശമാണ് വിനയായത്.
അന്യസംസ്ഥാനക്കാരുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്തുള്ള എറണാകുളം ജില്ലയിലാണ് ആദ്യഘട്ടമായി രക്തപരിശോധന ആരംഭിച്ചത്.
പശ്ചിമകൊച്ചി, ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ ആശാവർക്കർമാർ പ്രതിഷേധിച്ചെങ്കിലും ഉദ്യോഗസ്ഥർ കർശന നിലപാടിലാണ്. പങ്കെടുത്തില്ലെങ്കിൽ പിരിച്ചുവിടുമെന്ന് ജനപ്രതിനിധികൾ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്.
നിലവിലെ പ്രതിഫലം സംസ്ഥാന ഓണറേറിയം 6,000 രൂപയാണ്,കേന്ദ്ര ഇൻസന്റീവ് 2,000 രൂപയും
വനിതകൾ ഉൾപ്പെടെ ആരോഗ്യപ്രവർത്തകരാണ് അന്യസംസ്ഥാനക്കാരുടെ രക്തം എടുക്കുന്നത്. തൊഴിലാളികളുടെ വീടുകളും ക്യാമ്പുകളും കണ്ടെത്തേണ്ടത് ആശാപ്രവർത്തകരാണ്. രാത്രി പരിശോധനയിൽ ഇവർ പങ്കെടുക്കണമെന്ന് നിർദ്ദേശം നൽകിയിട്ടില്ല. പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് - നാഷണൽ ഹെൽത്ത് മിഷൻ വക്താവ് അറിയിച്ചു.
അടിക്കടിയുള്ള സർവേകൾ, ആരോഗ്യകേന്ദ്രങ്ങളിലെ അധികജോലികൾ, ദിവസം മുഴുവൻ നടപ്പ്, രാത്രി ഫോണിൽ സർവേ റിപ്പോർട്ടുകൾ പൂർത്തീകരിക്കൽ തുടങ്ങിയ പണികൾക്കിടെയാണ് രാത്രികാല ഡ്യൂട്ടി. വനിതാ കമ്മിഷനിൽ പരാതി നൽകിയിട്ടുണ്ട്. നീതി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ആശാ പ്രവർത്തകർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.