കോഴിക്കോട്: തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ വയനാട് ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
ജില്ലാ പൊലീസ് ആസ്ഥാനത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ ഒരു മണിക്കൂറോളം നീണ്ടു. സുരേന്ദ്രന് പിന്നാലെ സി കെ ജാനു, ബി ജെ പി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ എന്നിവരും ചോദ്യം ചെയ്യലിന് ഹാജരായി.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് കെ സുരേന്ദ്രൻ 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് ചോദ്യം ചെയ്യൽ. ജാനുവിന് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന് ജെ ആർ പി സംസ്ഥാന ട്രഷറർ ആയിരിക്കെ പ്രസീത അഴീക്കോടാണ് വെളിപ്പെടുത്തിയത്.പ്രസീത അഴീക്കോട് ഇക്കാര്യങ്ങൾ ആരോപിച്ച് ഫോൺ സംഭാഷണം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വർഷം നടത്തിയ ഫൊറൻസിക് പരിശോധനയിൽ ഫോൺ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ജെ ആർ പിയെ എൻ ഡി എയിൽ ചേർക്കുന്നതിന് സി കെ ജാനുവിനു 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് കെ സുരേന്ദ്രൻ പത്തുലക്ഷം രൂപ നൽകിയെന്നാണ് പ്രസീത ആദ്യം വെളിപ്പെടുത്തിയത്.
ഇത് തെളിയിക്കുന്ന ശബ്ദരേഖയും അവർ പുറത്തുവിട്ടു. പിന്നീടാണ് ജാനുവിനു ബി ജെ പി നേതൃത്വം 25 ലക്ഷം രൂപ നൽകിയെന്ന വെളിപ്പെടുത്തൽ കൂടി ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മാർച്ച് 26ന് സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥിയും ജെ ആർ പി നേതാവുമായ ജാനുവിനു ബി ജെ പി നേതൃത്വം പാർട്ടി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ മുഖേന ബത്തേരി കോട്ടക്കുന്നിലെ മണിമല ഹോംസ്റ്റേയിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പ്രസീത ആരോപിച്ചത്.
ഇതേത്തുടർന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റായിരുന്ന പി കെ നവാസ് സമർപ്പിച്ച ഹരജിയിൽ കൽപ്പറ്റ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചതനുസരിച്ച് ബത്തേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ് ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡോ. അരവിന്ദ് സുകുമാറാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
കേസിൽ പ്രസീത, ബി ജെ പി സംഘടനാ സെക്രട്ടറിയായിരുന്ന എം ഗണേഷ്, വയനാട് ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന പ്രശാന്ത് മലവയൽ, ബത്തേരി മേഖലാ സെക്രട്ടറിയായിരുന്ന കെ പി സുരേഷ് തുടങ്ങിയവരുടെ മൊഴി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നേരത്തേ രേഖപ്പെടുത്തിയിരുന്നു.
പ്രസീത, ജെ ആർ പി സംസ്ഥാന സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രകാശൻ മൊറാഴ, കോ ഓർഡിനേറ്ററായിരുന്ന ബിജു അയ്യപ്പൻ എന്നിവർ മാനന്തവാടി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴിയും നൽകിയിട്ടുണ്ട്.
മുൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും നിലവിൽ പാലക്കാട് നർകോട്ടിക് സെൽ ഡിവൈഎസ്പിയുമായ ആർ മനോജ്കുമാറാണ് അന്വേഷണോദ്യോഗസ്ഥൻ. ഉച്ചയോടെ കെ സുരേന്ദ്രന്റെയും പ്രശാന്ത് മലവയലിന്റെയും ചോദ്യം ചെയ്യൽ പൂർത്തിയായി. ഉച്ചകഴിഞ്ഞാണ് സി കെ ജാനുവിനെ ചോദ്യം ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.