ദില്ലി: ഓൺലൈൻ വാതുവയ്പ്പ് ആപ്പായ മഹാദേവ് ആപ്പിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി ഐ ടി മന്ത്രാലയം.
മഹാദേവ് അടക്കം 22 ആപ്പുകൾക്കാണ് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. ഇഡിയുടെ അഭ്യർത്ഥന പ്രകാരമാണ് നടപടിയെന്ന് ഐ ടി മന്ത്രാലയം അറിയിച്ചു. ഛത്തീസ്ഘഢിലടക്കം അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഇഡിയുടെ ഇടപെടൽ.
ഓൺലൈൻ ബെറ്റിങ് ആപ്പാണ് മഹാദേവ്. ഓൺലൈൻ ബെറ്റിങ്ങിന് ഇന്ത്യയിൽ നിരോധനമുള്ളതിനാൽ ദുബായ് വഴിയാണ് ഇവരുടെ ഓപ്പറേഷൻ. സൗരഭ് ചന്ദ്രാകർ, രവി ഉപ്പൽ എന്നവരാണ് 2016 -ൽ ദുബായിൽ മഹാദേവ് ആപ്പ് എന്ന പേരിൽ ഓൺലൈൻ വാതുവെപ്പ് സ്ഥാപനം തുടങ്ങിയത്.2020 ൽ കൊവിഡ് കാലത്ത് ജനം ഓൺലൈനിലേക്ക് ഒതുങ്ങിയതോടെ ബെറ്റിങ് കച്ചവടം പൊടിപൊടിച്ചു. ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ്, തിരഞ്ഞെടുപ്പ് ബെറ്റിങ് അങ്ങനെ എന്തിന്റെ പേരിലും ആവാം.
2019 വരെ 12 ലക്ഷം പേരായിരുന്നു മഹാദേവിൽ റജിസ്റ്റർ ചെയ്തിരുന്നത്. 2019 ൽ മഹാദേവ് ഗ്രൂപ്പ്, ഹൈദരാബാദ് കേന്ദ്രമായുള്ള റെഡ്ഡി അണ്ണാ ആപ് 1000 കോടി രൂപയ്ക്ക് വാങ്ങുന്നു. അതോടെ റജിസ്റ്റർ ചെയ്തവരുടെ എണ്ണം 50 ലക്ഷമായി.ഫ്രാഞ്ചൈസി മോഡലിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. ദിവസേന 200 കോടി വരെ ഉടമകളുടെ പോക്കറ്റിലെത്തി. പണം വന്നതും, പോയതും എല്ലാം ഹവാല റൂട്ടുകളിൽ ബെറ്റുവെച്ച് എത്ര പേർ ജയിച്ചാലും തോറ്റാലും, ലാഭം ഒടുവിൽ കമ്പനിക്ക് മാത്രം.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാദേവ് ആപ്പിൻറെ ഉടമകൾക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിവാദത്തിലേക്ക് ഛത്തീസ് ഘട്ട് മുഖ്യമന്ത്രിയേയും ഇഡി എത്തിച്ചത്. 508 കോടി രൂപ ആപ്പ് പ്രമോട്ടർമാർ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നൽകിയിട്ടുണ്ടെന്നാണ് ഇഡിയുടെ വാദം.
കണക്കിൽ പെടാത്ത അഞ്ചരക്കോടി രൂപയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ അസിംദാസ് എന്നയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ റഡാറിലേക്ക് ബാഗേലിനെ കൊണ്ടുവന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.