ന്യൂഡൽഹി:അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് വഴിയൊരുക്കിയത് കോൺഗ്രസും രാജീവ് ഗാന്ധിയുമാണെന്ന് മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥ്.
ബാബ്‌റി മസ്ജിദിൽ രാമക്ഷേത്രത്തിന്റെ പൂട്ട് തുറന്നത് രാജീവ് ഗാന്ധിയാണെന്നും രാമക്ഷേത്രം രാജ്യത്തെ എല്ലാ പൗരന്മാരുടേതുമാണെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കമൽനാഥ് പറഞ്ഞു.രാമക്ഷേത്രം തങ്ങളുടെ നേട്ടമായി ഉയർത്തിക്കാട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ വീട്ടിൽനിന്നെടുത്ത് പണിതതല്ല. സർക്കാരിന്റെ പണമാണ്–- കമൽനാഥ് പറഞ്ഞു.
രാമക്ഷേത്രത്തിന്റെ സ്രഷ്ടാവ് രാജീവ് ഗാന്ധിയാണെന്ന് അവകാശപ്പെട്ട് 2020ൽ പ്രധാന ദിനപത്രങ്ങളിൽ കമൽനാഥ് പരസ്യം നൽകിയിരുന്നു.
അയോധ്യയിൽ രാമക്ഷേത്രം അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നുവെന്നും പരസ്യത്തിൽ വ്യക്തമാക്കിയിരുന്നു. രാമക്ഷേത്രത്തിന് പ്രധാനമന്ത്രി കല്ലിട്ട ദിവസം ഭോപ്പാലിലെ വസതിയിൽ കമൽനാഥ് പ്രത്യേക ‘രാമദർബാർ’ സംഘടിപ്പിച്ചിരുന്നു.
തർക്കത്തെ തുടർന്ന് അടഞ്ഞുകിടന്ന മസ്‌ജിദിന്റെ പൂട്ട് 1986ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് ഹിന്ദുക്കൾക്ക് ആരാധനയ്‌ക്കായി തുറന്നത്. പിന്നാലെ സംഘപരിവാർ ക്ഷേത്രനിർമാണത്തിനായുള്ള മുറവിളി ശക്തമാക്കി.
1991ൽ നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ അധികാരത്തിൽ എത്തിയ ഘട്ടത്തിലും കോൺഗ്രസ് ക്ഷേത്രനിർമാണത്തെ അനുകൂലിക്കുന്ന നിലപാട് തുടർന്നു. 1992 ഡിസംബറിൽ കർസേവയെന്ന പേരിൽ സംഘപരിവാർ പള്ളി തകർത്തഘട്ടത്തിൽ കേന്ദ്രത്തിൽ അധികാരമുണ്ടായിട്ടും കോൺഗ്രസ് സർക്കാർ മുഖംതിരിച്ചു.
റാവു അടക്കമുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് കേന്ദ്രസേന കർസേവകരെ തടയാതിരുന്നതെന്ന് പിന്നീട് വെളിപ്പെടുത്തലുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.