കോഴിക്കോട്: അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെയാണ് ഇസ്രയേല്‍ എല്ലാ ക്രൂരതകളും കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഇസ്രയേലിനെതിരായ ഇന്ത്യയുടെ നിലപാടില്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ വെള്ളം ചേര്‍ക്കപ്പെട്ടിരുന്നുവെന്നും നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് അത് പൂര്‍ണതയിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രത്തിന്റെ നിലപാടുകളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഇസ്രയേല്‍-പലസ്തീന് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഐക്യരാഷ്ട്ര സഭയില്‍ നിലപാട് സ്വീകരിച്ചത്. ഇത് രാജ്യത്തെയാകെ അപമാനിക്കുന്ന നടപടിയായിരുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഇസ്രയേലുമായുള്ള സഹകരണത്തില്‍ അഭിമാനിക്കുന്ന രാഷ്ട്രീയമാണ് ബിജെപിക്കുള്ളത്. എന്നാല്‍, അത് ഒരു കാരണവശാലും രാഷ്ട്രത്തിന്റെ നിലപാടാക്കി മാറ്റാന്‍ പാടില്ലായിരുന്നു. ബിജെപി നിലപാട് രാഷ്ട്ര നിലപാടായി മാറരുത് എന്നത് ഈ റാലിയിലൂടെ ആവശ്യപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
'പലസ്തീന് ജനതയ്ക്കെതിരായ നിഷ്ഠൂരമായ നരനായാട്ട് ആരുടെയും മനസ്സിനെ വേദനിപ്പിക്കുന്നതാണ്. ആ തരത്തിലുള്ള ക്രൂരത അവസാനിപ്പിക്കണമെന്നത് ലോകജനതയുടെ അഭിപ്രായമാണ്.
ആ അഭിപ്രായമാണ് ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തില്‍ പ്രതിഫലിച്ചിരുന്നത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ അതിനോട് നിഷേധാത്മക നിലപാട് സ്വീകരിച്ചു. ജീവരക്ഷാ മരുന്നുകള്‍ പോലും നിഷേധിക്കപ്പെട്ട് പിടഞ്ഞ് മരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ പാലസ്തീന് തെരുവുകളിലുണ്ട്.
ഞങ്ങള്‍ ആ ജനതയോടൊപ്പമല്ല, മറിച്ച് അമേരിക്കന്‍ പിന്തുണയോടുകൂടിയ സയണിസ്റ്റ് ഇസ്രേയല്‍ വാഴ്ചയുടെ കൂടെയാണെന്ന പ്രഖ്യാപനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. അത്തരമൊരു നിര്‍ലജ്ജമായ നിലപാടിനെതിരേയുള്ള പ്രതിഷേധം കൂടിയാണ് ഈ റാലി', മുഖ്യമന്ത്രി പറഞ്ഞു.
'സ്വതന്ത്ര്യാനന്തര ഇന്ത്യയില്‍ മാത്രമല്ല സ്വാതന്ത്ര്യസമരം നടക്കുന്ന ഘട്ടത്തിലും ഇന്ത്യ പലസ്തീന് ജനതയോടൊപ്പമായിരുന്നു. ഈ നില ദീര്‍ഘകാലം തുടര്‍ന്നു. ചേരിചേരാ നയത്തിന്റെ സത്ത തന്നെ സാമ്രാജ്യത്വ വിരുദ്ധമായിരുന്നു.
അന്നത്തെ ഇന്ത്യയുടെ ശബ്ദം ലോകത്ത് സാമ്രാജ്യത്വ വിരുദ്ധ ശക്തികളെല്ലാം വലിയ തോതില്‍ ശ്രദ്ധിച്ചിരുന്നു. അന്നെല്ലാം വിട്ടുവീഴ്ചയില്ലാത്ത സാമ്രാജ്യത്വവിരുദ്ധ നിലപാട് നമുക്കുണ്ടായിരുന്നു.
ജവഹര്‍ ലാല്‍ നെഹ്രു ആ നയത്തിന് തുടക്കംകുറിച്ചു. ഒരു ഘട്ടംവരെ അതേനയം തുടര്‍ന്നുവന്നു. പലസ്തീനെ മാത്രമേ ഇന്ത്യ അംഗീകരിച്ചിരുന്നുള്ളു. ഇസ്രയേലുമായി സാധാരണ ഗതിയില്‍ മറ്റു രാജ്യങ്ങളുമായുള്ള ബന്ധം പോലും ഇന്ത്യ പുലര്‍ത്തിയിരുന്നില്ല.
അന്നായാലും ഇന്നായാലും ഇസ്രയേലിനെക്കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് സാമ്രാജ്യത്വമാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെയാണ് ഇസ്രയേല്‍ എല്ലാ ക്രൂരതകളും കാണിക്കുന്നത്.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ചേരിയാണ് പാലസ്തീനെ ഒരു രാഷ്ട്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത നിലയുണ്ടാക്കുന്നത്.ഇന്ത്യ ശക്തമായ സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നപ്പോള്‍ നമ്മുടെ നിലപാടിന് വ്യക്തയുണ്ടായിരുന്നു.
എന്നാല്‍, മെല്ലമെല്ലെ രാജ്യത്തിന്റെ നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന അവസ്ഥവന്നു. ദശാബ്ദങ്ങള്‍ക്ക് മുമ്പ് രാജ്യത്തിന്റെ നയത്തില്‍ വെള്ളംചേര്‍ക്കപ്പെട്ടു.
അത് നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ പൂര്ണയതയിലേക്ക് എത്തി. ആ കാലത്താണ് ഇസ്രയേലിനെ നാം അംഗീകരിക്കുന്നത്. ആ അംഗീകാരം ഒരു രാജ്യമെന്ന നിലയ്ക്കുള്ള വീണ്ടുവിചാരത്തിന്റെ ഭാഗമായോ കഴിഞ്ഞ കാലത്ത് സ്വീകരിച്ച നയം തെറ്റായി പോയതിന്റെ ഭാഗമായോ സംഭവിച്ചതല്ല.അതിന്റെ പിന്നില്‍ അമേരിക്കയോടുള്ള ചങ്ങാത്തമായിരുന്നു. അമേരിക്കയുടെ സമ്മര്‍ദത്തിന് നമ്മള് കീഴ്പ്പെടുകയായിരുന്നു', മുഖ്യമന്ത്രി പറഞ്ഞു.
അനധികൃതമായി കൈയേറിയ ഭൂമിയില്‍നിന്ന് ഇസ്രയേല്‍ വിട്ടുപോകണം. ആ ഭൂമി കൈവശം വെക്കാനോ അവിടെ തുടരാനോ ഇസ്രയേലിന് അവകാശമോ അധികാരമോ ഇല്ല.
പലസ്തീനികള്‍ക്കെതിരായ ഉപരോധം ഇസ്രയേല്‍ അവസാനിപ്പിക്കണം. മനുഷ്യത്വപരമായ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.