ഗുജറാത്ത്: ഇൻഷുറൻസ് തുക സ്വന്തമാക്കാനായി യാചകനെ കൊലപ്പെടുത്തിയ ശേഷം സ്വന്തം മരണമാക്കി മാറ്റിയയാള്‍ 17 വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റില്‍. 39 കാരനായ അനില്‍സിംഗ് ചൗധരിയാണ് അഹമ്മദാബാദില്‍ നിന്നും അറസ്റ്റിലായത്.
അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച അനില്‍സിംഗ് ചൗധരിയെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. നവംബര്‍ 15 വരെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
സ്വന്തം പിതാവിന്റെ സഹായത്തോടെയാണ് ഇയാള്‍ കൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. രാജ്കുമാര് വിജയകുമാര്‍ ചൗധരി എന്ന പേരിലാണ് അനില്‍സിംഗ് പിന്നീടുള്ള 17 വര്‍ഷം കഴിഞ്ഞത്.
എന്നാല്‍, 2006 ജൂലൈ 31 ന് ഒരു അപകടത്തില്‍ മരിച്ചയാളാണ് രാജ്കുമാര് വിജയകുമാര്‍ ചൗധരിയെന്ന് ആഗ്രയിലെ റക്കാബ് ഗഞ്ച് പോലീസ് സ്റ്റേഷൻ രേഖകള്‍ സൂചിപ്പിക്കുന്നു. ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തുകയും അനില്‍സിംഗ് ചൗധരിയെ പിടികൂടുകയും ചെയ്തത്.
കൃത്യം നടത്തുന്നതിന് രണ്ട് വര്‍ഷം മുൻപ് അനില്‍സിംഗും പിതാവും അപകട മരണത്തിനുള്ള ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. സംഭവം നടക്കുന്നതിന് ആറുമാസം മുൻപ് ഇൻഷുറൻസ് ചെയ്ത ഒരു കാറും ഇരുവരും വാങ്ങി. തുടര്‍ന്ന് തന്നോട് രൂപസാദൃശ്യമുള്ള ഒരു യാചകനെ കണ്ടെത്തുകയും ഇയാള്‍ക്ക് ഭക്ഷണം നല്കി കാറില്‍ കയറ്റുകയും ചെയ്തു.
പിന്നീട് ബോധപൂര്‍വം കാര്‍ ഇടിപ്പിച്ച് വാഹനാപകടമുണ്ടാക്കി. യാചകൻ കൊല്ലപ്പെടുകയും ചെയ്തു. അപകടത്തെത്തുടര്‍ന്ന് പോലീസ് അനില്‍സിംഗിന്റെ പിതാവുമായി ബന്ധപ്പെട്ടിരുന്നു. മൃതദേഹം അനില്സിംഗിന്റേതാണെന്ന് ഇയാള്‍ തിരിച്ചറിയുകയും അന്ത്യകര്‍മങ്ങള്‍ നടത്തുകയും ചെയ്തുവെന്നും പോലീസ് പ്രസ്താവനയില്‍ പറയുന്നു. തുടര്‍ന്ന് 80 ലക്ഷം രൂപയുടെ ഇൻഷുറൻസ് ക്ലെയിം ചെയ്തു.
അനില്‍സിംഗ് അഹമ്മദാബാദില്‍ താമസിക്കുന്നുണ്ടെന്ന് ഇൻസ്പെക്ടര്‍ മിതേഷ് ത്രിവേദിക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളുടെ വസതിയിലെത്തി റെയ്ഡ് നടത്തി അനിലിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ അനില്‍ സിംഗ് തന്റെ യഥാര്‍ത്ഥ ഐഡന്റിറ്റി തുറന്നു പറയുകയും കൃത്യം നടത്തിയത് താനാണെന്ന് സമ്മതിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ സ്വദേശിയാണ് അനില്‍സിംഗ്. 2006-ലാണ് ഇയാള്‍ ഗുജറാത്തിലെത്തിയത്. തുടര്‍ന്ന്, രാജ്കുമാര് വിജയകുമാര്‍ ചൗധരിയുടെ പേരില്‍ ഇയാള്‍ ഡ്രൈവിങ് ലൈസൻസും ആധാര്‍ കാര്‍ഡും പാൻ കാര്‍ഡും സ്വന്തമാക്കി.
2006 ന് ശേഷം അനില്‍സിംഗ് തന്റെ കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ഡല്‍ഹിയിലോ സൂറത്തിലോ വെച്ചു മാത്രമേ അവരെ കണ്ടിരുന്നുള്ളൂ എന്നും പോലീസ് പറഞ്ഞു.
”ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതിന് ശേഷം പ്രതി അഹമ്മദാബാദില്‍ ഓട്ടോറിക്ഷ വാടകക്കെടുത്ത് ഓടിച്ചിരുന്നു. പിന്നീട് ലോണെടുത്ത് സ്വന്തമായി ഒരു ഓട്ടോറിക്ഷ വാങ്ങി. ഇതിനിടെ ഇയാള്‍ വിവാഹം കഴിക്കുകയും ഇൻഷുറൻസ് തുക ലഭിച്ചതിന് ശേഷം ഒരു കാര്‍ വാങ്ങുകയും ചെയ്തു. അനില്‍ സിംഗും ഇയാളുടെ അച്ഛനും
സഹോദരനും രണ്ട് സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് 80 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കിയത്”, ഇൻസ്പെക്ടര്‍ മിതേഷ് ത്രിവേദി മീഡിയായോട് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.