ഡല്‍ഹി: ജഡ്ജി നിയമനത്തിന് കൊളീജിയം നല്കിയ പട്ടികയില്‍നിന്ന് കേന്ദ്രം തിരഞ്ഞുപിടിച്ച് നിയമനം നടത്തുന്നത് പ്രശ്നമാണെന്ന് സുപ്രീംകോടതി.
ഒരു ഹൈകോടതിയില്‍നിന്ന് മറ്റൊരു ഹൈകോടതിയിലേക്കുള്ള ജഡ്ജിമാരുടെ മാറ്റത്തിനുള്ള നിര്‍ദേശം നടപ്പാക്കുന്നതിലെ കാലതാമസത്തിലും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗള്‍, സുധാംശു ധുലിയ എന്നിവരുടെ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു.വിഷയത്തില്‍ സര്‍ക്കാറിനെ അലോസരപ്പെടുത്തുന്ന തീരുമാനം കൊളീജിയത്തിനോ കോടതിക്കോ എടുക്കേണ്ട സാഹചര്യമുണ്ടാകില്ല എന്നാണ് പ്രതീക്ഷയെന്നും ബെഞ്ച് പറഞ്ഞു. ജഡ്ജി നിയമനവും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഹരജികള്‍ കേള്‍ക്കുകയായിരുന്നു ബെഞ്ച്.
ചിലരുടെ നിയമനം നടക്കുകയും ചിലരുടെ നിയമനം നടക്കാതിരിക്കുകയും ചെയ്യുന്നത് സീനിയോറിറ്റി ഉള്‍പ്പെടെയുള്ള കാര്യങ്ങളെ ബാധിക്കുമെന്ന് പലതവണ വ്യക്തമാക്കിയതാണെന്ന് അറ്റോണി ജനറലിനെ ഓര്‍മിപ്പിക്കുകയാണെന്ന് ജസ്റ്റിസ് കൗള്‍ പറഞ്ഞു.
മാത്രവുമല്ല, നല്ലരീതിയില്‍ പ്രാക്ടീസുള്ള അഭിഭാഷകര്‍ ന്യായാധിപരാകുന്നതിന് അനുകൂല സാഹചര്യമല്ല ഇതുണ്ടാക്കുക. ചില നിയമനങ്ങള്‍ വേഗത്തില്‍ നടത്തിയത് സ്വാഗതം ചെയ്യുന്നു. പക്ഷേ, ചില നിയമനങ്ങള്‍ മാത്രം വേഗത്തിലാക്കുന്നത് പ്രശ്നങ്ങളുണ്ടാക്കും. അത് ഒഴിവാക്കണം -ജസ്റ്റിസ് കൗള്‍ അറ്റോണി ജനറല്‍ ആര്. വെങ്കട്ടരമണിയോട് പറഞ്ഞു.
ഒരു ജഡ്ജി ഏത് ഹൈകോടതിയില്‍ പ്രവര്‍ത്തിക്കണമെന്ന കാര്യം ജുഡീഷ്യറിക്ക് വിടണമെന്ന് ന്യായാധിപരുടെ സ്ഥലംമാറ്റത്തില്‍ കോടതി പറഞ്ഞു.
സ്ഥലംമാറ്റം തീരുമാനമായാല്‍ പെട്ടെന്ന് നടക്കണം -ബെഞ്ച് കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കോടതിയലക്ഷ്യത്തിന് നിയമകാര്യ സെക്രട്ടറിക്ക് സമൻസ് അയക്കണമെന്നും ഇല്ലെങ്കില്‍ ഇത് പരിഹാരമില്ലാതെ തുടരുമെന്നും ഹരജിക്കാരില്‍ ഒരാള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ് കോടതിയില്‍ പറഞ്ഞു.
കോടതി ഇടപെടലുണ്ടായില്ലെങ്കില്‍ എന്തും ചെയ്യാമെന്ന ധാരണ സര്‍ക്കാറിനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം സര്‍ക്കാറിനെ ബോധിപ്പിക്കാമെന്ന് വെങ്കട്ടരമണി അറിയിച്ച കാര്യം കോടതി വ്യക്തമാക്കി. കേസ് നവംബര്‍ 20ലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.