ഐ.വി.എഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടര്‍ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന 'ഗെറ്റ് സെറ്റ് ബേബി' എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദൻ നായകനാവുന്നു.
സാമൂഹിക പ്രസക്തിയുള്ള ഈ ഫാമിലി എന്റര്‍ടെയിനര്‍ നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് കുടുംബപ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കുന്നു.ദേശീയ അവാര്‍ഡ് നേടിയ മേപ്പടിയാൻ, ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ കുടുംബ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസുകളില്‍ സ്ഥാനം പിടിച്ച മലയാളികളുടെ പ്രിയപ്പെട്ട താരം ഉണ്ണിമുകുന്ദന്റെ തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന ശക്തമായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രേക്ഷകരുടെ ഇഷ്ടതാരം നിഖില വിമലാണ്. ഉണ്ണിയെയും നിഖില വിമലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പുതുമയുള്ള ഈ ചിത്രം അണിയിച്ചൊരുക്കുന്നത് പ്രശസ്ത സംവിധായകൻ വിനയ് ഗോവിന്ദാണ്.
സജീവ് സോമൻ, സുനില്‍ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോര്‍ജ്ജ് എന്നിവരാണ് സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ എല്‍ എല്‍ പിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിര്‍മ്മിക്കുന്നത്. ആധുനിക ജീവിതത്തിലെ രസങ്ങളും വൈകാരിക നിമിഷങ്ങളും കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്.
ആധുനികജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും ഇടകലര്‍ത്തി പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടല്‍ എൻ്റര്‍ടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറപ്രവര്‍ത്തകള്‍ പ്രത്യാശിക്കുന്നു.
പ്രശസ്ത സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രസംയോജനം. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് സാം സി എസ് ആണ്. സുനില്‍ കെ ജോര്‍ജ് ആണ്പ്രൊ ഡക്ഷൻ ഡിസൈനര്‍. വസ്ത്രാലങ്കാരം സമീറാ സനീഷ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.