കൊച്ചി: ഗാസയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മട്ടാഞ്ചേരി ജൂത സിനഗോഗിന്റെ സുരക്ഷ വര്‍ധിപ്പിച്ചതായി വ്യക്തമാക്കി പോലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.
കേരള ഹാൻഡിക്രാഫ്റ്റ് ഡീലേഴ്സ് ആൻഡ് മാനുഫാക്ചറേഴ്സ് വെല്‍ഫെയര്‍ അസോസിയേഷനാണ് സിനഗോഗിന്റെ സുരക്ഷ വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വിഷയം അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും.
മെറ്റല്‍ ഡിറ്റക്ടറിലൂടെ മാത്രമേ സന്ദര്‍ശകരെ സിനഗോഗിലേക്ക് കടത്തിവിടുന്നുള്ളു. 13 സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സിനഗോഗിന്റെ സമീപത്ത് ജീവനക്കാരടക്കമുള്ളവരുടെ ഇരുചക്രവാഹനം മാത്രമാണ് പാര്‍ക്ക് ചെയ്യാൻ അനുവദിച്ചിരിക്കുന്നത്.
രാത്രിയില്‍ പോലീസ് കണ്ട്രോള് റൂമില്‍നിന്നുള്ള ടീം പരിശോധനയ്ക്ക് എത്തുന്നുണ്ട്. ജില്ല പോലീസ് ആസ്ഥാനത്തുനിന്നുള്ള ഏഴംഗ സ്ട്രൈക്കിങ് ഫോഴ്സിന്റെ സേവനവുമുണ്ട്. ഇതുവരെ സുരക്ഷാ ഭീഷണികളൊന്നും ഉണ്ടായിട്ടില്ല. മട്ടാഞ്ചേരി പോലീസ് ഇൻസ്പെക്ടര്‍ക്കാണ് സുരക്ഷയുടെ ചുമതലയെന്നും വിശദീകരണത്തില്‍ പറയുന്നു.
കോമണ്‍വെല്‍ത്തിലെ ഏറ്റവും പഴക്കമുള്ള ഈ സിനഗോഗ്
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര നിര്‍മ്മിതികളില്‍ ഒന്നാണ് മട്ടാഞ്ചേരിയിലെ ജൂത സിനഗോഗ്. കൊച്ചിയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ജൂത തെരുവിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. കോമണ്‍വെല്‍ത്തിലെ ഏറ്റവും പഴക്കമുള്ള ഈ സിനഗോഗ് പതിനഞ്ചാം നൂറ്റാണ്ടില്‍ മലബാര്‍ യഹൂദരാണ് പണി കഴിപ്പിച്ചത്. അന്നത്തെ കൊച്ചി രാജാവ് മലബാറി യെഹൂദൻ സമൂഹത്തിന് സമ്മാനിച്ച ഭൂമിയിലാണ് സിനഗോഗ് നിര്‍മ്മിച്ചത്.
സിനഗോഗിന്റെ തറ കൈകൊണ്ട് വരച്ച നീല വില്ലോ പാറ്റേണ്‍ ഫ്ലോര്‍ ടൈലുകളുള്ളതാണ്. സ്ത്രീകള്‍ക്കായി ഗില്‍റ്റ് സ്തംഭങ്ങളുള്ള ഒരു പ്രത്യേക ഗാലറിയും ഗ്രന്ഥ ചുരുളുകള്‍ സൂക്ഷിച്ചിരിക്കുന്ന തോറ പേടകവും ജൂത ചരിത്രം ചിത്രീകരിക്കുന്ന ചിത്രങ്ങളും സിനഗോഗില്‍ കാണാം. കൊച്ചിയിലെയും തിരുവിതാംകൂറിലെയും രാജാക്കന്മാര് ജൂത സമൂഹത്തിന് സമ്മാനിച്ച രണ്ട് സ്വര്‍ണ്ണ കിരീടങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.