കാസര്‍കോട് : കേരള കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപകൻ ഡോ. ഇഫ്തിഖര്‍ അഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വിദ്യാര്‍ഥിനികള്‍.
ലൈംഗികാതിക്രമം നടത്തിയ 31 സംഭവങ്ങള്‍ എടുത്തുപറയുന്ന, ഏഴു പേജുള്ള ദീര്‍ഘമായ പരാതിയില്‍ ക്ലാസിലെ 41 വിദ്യാര്‍ഥികളില്‍ 33 പേരും ഒപ്പിട്ടിട്ടുണ്ട്. നവംബര്‍ 15 ന് നല്കിയ പരാതി സര്‍വകലാശാലയിലെ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിക്ക് (ഐസിസി) കൈമാറി.
പരാതി ഐസിസിയുടെ പരിഗണനയിലാണെന്നും ഈ ഘട്ടത്തില്‍ പ്രതികരിക്കുന്നില്ലെന്നും സര്‍വകലാശാലയിലെ വൈസ് ചാൻസലര്‍ ഇൻ ചാര്‍ജ് പ്രഫ. കെ.സി.ബൈജു വ്യക്തമാക്കി.
അന്വേഷണവിധേയമായി ഇഫ്തിഖര്‍ അഹമ്മദിനെ സസ്പെൻഡ് ചെയ്യുകയോ മറ്റു നടപടികള്‍ കൈക്കൊള്ളുകയോ ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
അതേസമയം, എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചതോടെയാണ് ഇഫ്തിഖറിനെതിരെ പരാതി നല്കാൻ തീരുമാനിച്ചതെന്ന് വിദ്യാര്‍ഥിനികള്‍ വ്യക്തമാക്കി. ക്ലാസില്‍ ഇംഗ്ലിഷ് കവിതകള്‍ വ്യാഖ്യാനിക്കുന്നതിനിടെ അധ്യാപകൻ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങള്‍ നടത്താറുണ്ടെന്നും അശ്ലീലം പറയാറുണ്ടെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു.
കഴിഞ്ഞ 13-ാം തീയതി ക്ലാസില്‍ തലകറങ്ങി വീണ വിദ്യാര്‍ഥിനിയോടും ഇഫ്തിഖര്‍ മോശമായി പെരുമാറിയതോടെയാണ് പരാതി നല്കാൻ തീരുമാനിച്ചെന്നും അവര്‍ വ്യക്തമാക്കി.
പരാതി നല്‍കിയതിനു പിറ്റേന്ന്, വിദ്യാര്‍ഥികളുമായി നേരിട്ട് ഇടപെടുന്നതില്‍നിന്ന് ഇഫ്തിഖറിനെ വിലക്കിക്കൊണ്ട് ഇംഗ്ലിഷ് വിഭാഗം മേധാവി ഡോ. ആശ ഒരു കുറിപ്പു കൈമാറിയിരുന്നു.
ഒരു വാട്സാപ് ഗ്രൂപ്പില്‍ ഇഫ്തിഖര്‍ തന്നെ അതു പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗുരുതരമായ പരാതി ഉയര്‍ന്നിട്ടും ഇഫ്തിഖറിനെ സസ്പെൻഡ് ചെയ്യാനോ ഡിപ്പാര്‍ട്ട്മെന്റില്‍ പ്രവേശിക്കുന്നത് വിലക്കാനോ തയാറാകാത്തതില്‍ വിദ്യാര്‍ഥികള്‍ അതൃപ്തരാണ്.
വിദ്യാര്‍ഥിനികള്‍ നല്കിയ പരാതി പൊലീസിന് കൈമാറാത്തത് ദുരൂഹമാണെന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എൻഎസ്.യു.ഐ കുറ്റപ്പെടുത്തി.
ഐസിസിയുടെ കാര്യക്ഷമതയുടെ കാര്യത്തിലുള്ള ആശങ്കയും എൻഎസ്യുഐ നേതാക്കള്‍ പങ്കുവച്ചു. എസ്എഫ്ഐ, എബിവിപി, എംഎസ്എഫ് തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളും ഇഫ്തിഖറിനെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.