ജിദ്ദ: ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസ്സില്‍ പങ്കെടുക്കണമെന്ന് സമസ്ത നേതാക്കള്‍ക്ക് അഭിപ്രായമില്ലെന്നും ഒരു പണ്ഡിത സഭയായ സമസ്ത ആ സദസ്സില്‍ പങ്കെടുക്കുമെന്ന് പറയില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. ജിദ്ദയില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിനെ തകര്‍ക്കാൻ ശ്രമിക്കുന്നവര്‍ എല്ലായിടത്തെന്ന പോലെ സമസ്തക്കകത്തും ഉണ്ട്. അത് സംഘടന അല്ല, ചില വ്യക്തികളാണ്. അങ്ങനെയുള്ള ശ്രമങ്ങള്‍ ആര് നടത്തിയാലും ഞങ്ങള്‍ അതിനെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് ഇടതുപക്ഷത്തോട് ചായുന്നുവെന്ന പ്രചാരണത്തിന് ഒരു അടിസ്ഥാനവുമില്ല. മുസ്ലിം ലീഗ് ഇപ്പോള്‍ ഒരു മുന്നണിയിലെ പ്രധാന ഘടക കക്ഷിയാണ്. ഒരു മുന്നണിയില്‍ നില്ക്കുമ്പോള് മറ്റൊരു മുന്നണിയെക്കുറിച്ചു ചിന്തിക്കുന്നത് മുസ്ലിം ലീഗിന്റെ മാതൃകയോ പാരമ്പര്യമോ അല്ല.
നില്‍ക്കുന്നിടത്ത് ഉറച്ചുനില്‍ക്കും. പക്ഷെ, കേന്ദ്രസര്‍ക്കാറിന്റെ നിലപാടുകള്‍ക്കെതിരെ അടക്കം ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചുനില്‍ക്കേണ്ട വിഷയങ്ങളില്‍ ഒന്നിച്ചുനില്‍ക്കണം എന്നുള്ളത് അത്യാവശ്യമാണ്. അത്തരം കാര്യങ്ങളില്‍ യോജിക്കാൻ കഴിയുന്നിടത്ത് യോജിക്കും.
കേരള ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വ സ്ഥാനം മുസ്ലിം ലീഗിന് ലഭിച്ചത് തങ്ങളുടെ അവകാശമാണെന്നും ആരുടേയും ഔദാര്യമല്ലെന്നും പി.എം.എ സലാം പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്കിന്റെ തുടര്‍ച്ചയായതുകൊണ്ടാണ് ആ സ്ഥാനം മുസ്ലിം ലീഗ് സ്വീകരിച്ചത്.
100ലേറെ സഹകരണ ബാങ്കുകളുടെ പ്രതിനിധിയായി ഒരാള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ആവണമെന്ന് കേരള ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ നിന്നുള്ള പരാമര്‍ശമുണ്ട്. ഇതുകൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ലീഗ് പ്രതിനിധിയെ ആ സ്ഥാനത്തേക്ക് പരിഗണിച്ചത്.
അത് സ്വീകരിക്കാതിരിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. യു.ഡി.എഫ് മുന്നണിയിലെ മറ്റു ഘടക കക്ഷികളില്‍ നിന്നും സര്‍ക്കാര്‍ സംവിധാനമായ വിവിധ വകുപ്പുകളില്‍ ബോര്‍ഡ് അംഗത്വം ഉണ്ട്.
യുവജനക്ഷേമ വകുപ്പ് ബോര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധിയുണ്ട്. ആര്.എസ്.പിയുടെ പ്രതിനിധികളും വിവിധ ബോര്‍ഡില്‍ അംഗങ്ങളായിട്ടുണ്ട്. ബോര്‍ഡില്‍ അംഗത്വം ഉണ്ടായിരിക്കെതന്നെ ഇതുപോലുള്ള വകുപ്പുകളില്‍ നടക്കുന്ന കൊള്ളരുതായ്മകളെ തങ്ങള്‍ എതിര്‍ത്തുപോരുന്നുണ്ട്.
മുസ്ലിം ലീഗിന് വേണ്ടി സംസാരിക്കുന്നവര്‍ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളില്‍ വരുന്ന പല ചര്‍ച്ചകളും വ്യാജ ഐ.ഡികളില്‍ വരുന്നതാണ്. അതൊന്നും പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ല. അത്തരം ചര്‍ച്ചകള്‍ക്കെല്ലാം രണ്ടോ മൂന്നോ ദിവസത്തെ ആയുസ്സ് മാത്രമായിരിക്കും ഉണ്ടാവുകയെന്നും പി.എം.എ. സലാം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.