മെഡിക്കല്‍ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് മനുഷ്യരില്‍ പന്നിയുടെ ഹൃദയം വയ്ക്കുകയെന്ന ആശയം 2022ല്‍ യുഎസിലെ മേരീലാൻഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷക വിദഗ്ധര്‍ പ്രാവര്‍ത്തികമാക്കിയത്.
2022 ആദ്യം അമ്പത്തിയേഴ് വയസുള്ള രോഗിയില്‍ പന്നിയുടെ, ജനിതകമാറ്റങ്ങള്‍ വിധേയമാക്കിയ ഹൃദയം അങ്ങനെ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. എന്നാല്‍ ആ രോഗിക്ക് അധികം ആയുസുണ്ടായില്ല. രണ്ട് മാസം കഴിഞ്ഞപ്പോഴേക്ക് അദ്ദേഹത്തിന് മരണം സംഭവിച്ചു. ഇപ്പോഴിതാ പന്നിയുടെ ഹൃദയം ശസ്ത്രക്രിയയിലൂടെ സ്വീകരിച്ച രണ്ടാമത്തെയാളും മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്തയാണ് വരുന്നത്.
യുഎസുകാരനായ ലോറൻസ് ഫോസെറ്റ് (58) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം നാല്പത് ദിവസം പിന്നിടുമ്പോഴാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്.
ഇദ്ദേഹത്തിനും ഹൃദയം മറ്റൊരാളില്‍ നിന്ന് സ്വീകരിക്കാൻ കഴിയുമായിരുന്ന അവസ്ഥയായിരുന്നില്ലത്രേ. ശസ്ത്രക്രിയയ്ക്ക് ശേഷം പോസിറ്റീവായ പല മാറ്റങ്ങളും ഇദ്ദേഹത്തില്‍ കണ്ടിരുന്നുവെന്നാണ് മേരീലാൻഡ് യൂണിവേഴ്സ്റ്റിയില് നിന്നുള്ള ഗവേഷകര്‍ പറയുന്നത്.
ആദ്യത്തെ ഒരു മാസം മുഴുവൻ ശസ്ത്രക്രിയ വിജയമായിരിക്കുമെന്ന സൂചനയാണത്രേ ഇദ്ദേഹത്തില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ഇതിന് ശേഷമുള്ള പത്ത് ദിവസം കൊണ്ട് പെട്ടെന്ന് ഹൃദയത്തെ ശരീരം സ്വീകരിക്കുന്നില്ല എന്നുള്ള തരത്തില്‍ സൂചനകള്‍ പ്രകടിപ്പിച്ചുതുടങ്ങി.
ശസ്ത്രക്രിയയ്ക്ക് ശേഷം ഫിസിയോതെറാപ്പി ചെയ്യാനും വീട്ടുകാരുമൊത്ത് സമയം ചിലവിടാനുമെല്ലാം തുടങ്ങിയതായിരുന്നുവത്രേ. പെട്ടെന്ന് ആരോഗ്യനില മോശമാവുകയും തിങ്കളാഴ്ചയോടെ അന്ത്യം സംഭവിക്കുകയും ചെയ്തു.
ലോറൻസ് ഫോസെറ്റിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ഇത്ര സമയം പോലും കിട്ടുമെന്ന് അദ്ദേഹം അടക്കം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും കിട്ടിയ സമയം തനിക്ക് അവസാനമായി കുടുംബത്തോടൊപ്പം ചിലവഴിക്കാനുള്ള അവസരമാണെന്ന് അദ്ദേഹത്തിന് തന്നെ അറിയാമായിരുന്നുവെന്നും ഭാര്യ ആൻ അറിയിച്ചു.
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അവയവങ്ങളെടുക്കുന്ന കാര്യത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഇന്ന് നാം നേരിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മൃഗങ്ങളില്‍ നിന്ന് അവയവങ്ങളെടുക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് തുടക്കമായത്. തീര്‍ച്ചയായും ഒരുപാട് വെല്ലുവിളികള്‍ ഇക്കാര്യത്തിലുണ്ടെന്നും തിരിച്ചടികള്‍ സംഭവിച്ചാല്‍ പോലും ഭാവിയില്‍ ഈ മേഖലയില്‍ വിജയം കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവേഷകലോകം അറിയിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.