കൊച്ചി: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ പരസ്യങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
കേരളത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ വിസ കച്ചവട സംഘങ്ങളാണ് ഇസ്രയേയിൽ ഒന്നേകാൽലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലിക്കായി ആളെ തേടി പരസ്യങ്ങൾ നൽകിയത്. ഇതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കീഴിലുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് ഓഫീസ് ഉദ്യോഗാർഥികൾക്ക് ജാഗ്രതാനിർദേശം നൽകിയിരിക്കുന്നത്.
ഇന്ത്യയിൽനിന്നുള്ള ഒരുലക്ഷത്തോളംപേർക്ക് കാർഷിക മേഖലയിൽ തൊഴിൽ വിസ നൽകുമെന്ന ഇസ്രയേൽ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് വിസ സംഘങ്ങൾ ഓൺലൈനിൽ ആളുകളെ തേടി ഇറങ്ങിയത്. 25 മുതൽ 39 വയസുവരെയുള്ള യുവതീ യുവാക്കൾക്കാണ് അവസരമെന്നും പരസ്യത്തിൽ പറഞ്ഞിരുന്നു. ചെറിയ തുകയായ നാലര ലക്ഷം രൂപ മുടക്കിയാൽ വിസ ലഭിക്കുമെന്നാണ് വാഗ്ദാനം. ഈ പണം വീസ ലഭിച്ചതിന് ശേഷം മാത്രം നൽകിയാൽ മതിയെന്നും പരസ്യത്തിൽ പറയുന്നു.
സംഘർഷത്തെത്തുടർന്ന് ഇസ്രയേലിലെ പലസ്തീൻ തൊഴിലാളികളെ പിരിച്ചുവിട്ട് ഇന്ത്യക്കാരെ നിയമിക്കുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഓൺലൈനിൽ തൊഴിലന്വേഷകരെ തേടി ഇത്തരം സംഘങ്ങൾ സജീവമായത്. ഇതിന്റെ ചുവടുപിടിച്ച് 25 വയസുമുതൽ 39 വരെ പ്രായമുള്ളവർക്ക് എട്ടുമണിക്കൂർ ജോലിയും ഒന്നേകാൽലക്ഷം രൂപ ശമ്പളവും ലഭിക്കുമെന്നാണ് പരസ്യം.
സാമൂഹിക മാധ്യമങ്ങൾവഴി പ്രചരിക്കുന്ന പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് ഓഫീസ് ഉദ്യോഗാർഥികൾക്ക് ജാഗ്രതാനിർദേശം നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.