അഹമ്മദാബാദ്: തിങ്ങിനിറഞ്ഞ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കി ഓസ്ട്രേലിയ്ക്ക് ആറാം ലോകകപ്പ് കിരീടം.
തുടക്കത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യ പ്രതീക്ഷ നൽകിയെങ്കിലും സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്ഡ് ഇന്ത്യ ഉയർത്തിയ 241 റൺസ് ലക്ഷ്യം മറികടന്നു. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അര്‍ധസെഞ്ചുറി നേടിയ കെ എല്‍ രാഹുലും വിരാട് കോഹ്ലിയും 47 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയെ ഒരു സ്‌കോറിൽ എത്തിച്ചത്.
241 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ 7 റൺസെടുത്ത ഓപ്പണർ ഡേവിഡ് വാർണർ ആദ്യം പുറത്തായത് ഇന്ത്യൻ പ്രതീക്ഷ ഉയർത്തി. മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറിൽ സ്ലിപ്പിൽ വിരാട് കോഹ്ലിക്ക് ക്യാച്ച് നൽകിയാണ് വാർണർ പുറത്തായത്. പിന്നാലെ എത്തിയ മിച്ചൽ മാർഷിനെ അഞ്ചാം ഓവറിൽ ബുംറ പുറത്താക്കി. 15 റൺസ് നേടിയ മാർഷിനെ ബുമ്ര വിക്കറ്റ് കീപ്പർ കെ എൽ രാഹുലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 4 റൺസെടുത്ത് സ്റ്റീവ് സ്മിത്തിനെ ഏഴാം ഓവറിൽ ബുംറ പുറത്താക്കിയതോടെ വീണ്ടും ഗ്യാലറി ഇളകി മറിഞ്ഞു.
സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തിയതിന് പിന്നാലെ ഇരുവരും ചേർന്ന് 28ാം ഓവറിൽ ടീം സ്കോർ 150 കടത്തി. 95 പന്തിൽ ഹെഡ്ഡ് സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. ട്രാവിസ് ഹെഡ് 4സിക്സറുകളും 15 ഫോറുകളും സഹിതം 120 പന്തുകളിൽ നിന്ന് 137 റൺസ് നേടി. മാർനസ് ലബുഷെയ്ൻ 110 പന്തുകളിൽ 58 റണ്‍സ് നേടി. ട്രാവിസ് ഹെഡ്ഡ് നേടിയ സെഞ്ചുറിയും മറുവശത്ത് ലബുഷെയ്ൻ ശക്തമായ പിന്തുണ നൽകി നിലയുറപ്പിച്ചതും ഇന്ത്യൻ ബൗളിംഗ് നിരയുടെ മുനയൊടിച്ചു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Australia downed India to lift the ICC Men's Cricket World Cup for a record sixth time in Ahmedabad 💪
— ICC Cricket World Cup (@cricketworldcup) November 19, 2023
A flawless performance 👏#CWC23 | #INDvAUS pic.twitter.com/YNimnttvRB
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് കഴിഞ്ഞ മത്സരങ്ങളിലെന്നപോലെ ആക്രമിച്ചുതന്നെയാണ് ബാറ്റുവീശിയത്. മറുവശത്ത് ഗില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. ആദ്യ നാലോവറില്‍ ഇരുവരും ചേര്‍ന്ന് 30 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ ഗില്ലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. 7 പന്തില്‍ 4 റണ്‍സ് മാത്രമെടുത്ത താരത്തെ സ്റ്റാര്‍ക്ക് ആദം സാംപയുടെ കൈകളിലെത്തിച്ചു.
ഏഴാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടര്‍ച്ചയായി മൂന്ന് തവണ ബൗണ്ടറി കടത്തി വിരാട് കോഹ്ലി വരവറിയിച്ചു ടീം സ്‌കോര്‍ 50 കടത്തി. മികച്ച കൂട്ടുകെട്ടിൽ രോഹിത്തും കോഹ്ലിയും ചേര്‍ന്ന് മികച്ച സ്കോർ പടുത്തുയര്‍ത്തി. അര്‍ധസെഞ്ചുറിയ്ക്കരികില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ തുടര്‍ച്ചയായി സിക്‌സും ഫോറുമടിച്ചുവെങ്കിലും രോഹിത് തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. 31 പന്തില്‍ 4 ഫോറിന്റെയും 3സിക്‌സിന്റെയും സഹായത്തോടെ 47 റണ്‍സെടുത്ത രോഹിത് ട്രാവിസ് ഹെഡ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്തായി. അപ്പോൾ ഇന്ത്യന്‍ സ്‌കോര്‍ 76ല്‍ എത്തിയിരുന്നു. പിന്നാലെ വന്ന ശ്രേയസ്സിനും പിടിച്ചുനിൽക്കാനായില്ല. 4 റൺസെടുത്ത താരത്തെ പാറ്റ് കമ്മിൻസ് പുറത്താക്കി. ഇതോടെ ഇന്ത്യ ഒരു വിക്കറ്റിന് 76 എന്ന നിലയില്‍ നിന്ന് 81 ന് 3 വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. പിന്നാലെ വന്ന രാഹുലിനെ കൂട്ടുപിടിച്ച് കോഹ്ലി അതീവശ്രദ്ധയോടെ ബാറ്റുവീശി. റണ്‍റേറ്റ് കുറഞ്ഞെങ്കിലും വിക്കറ്റ് വീഴാതെ മുന്നോട്ടുപോകാനാണ് കോഹ്ലിയും രാഹുലും ശ്രദ്ധിച്ചത്.
ഇന്ത്യൻ സ്കോർ 15.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. സിംഗിളുകള്‍ മാത്രം നേടിയാണ് കോഹ്ലിയും രാഹുലും ടീമിനെ നയിച്ചത്. ആദ്യ 20 ഓവറില്‍ 115 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാനായത്. ആദ്യ പത്തോവറില്‍ ഇന്ത്യ 80 റണ്‍സെടുത്തപ്പോള്‍ അടുത്ത പത്തോവറില്‍ വെറും 35 റണ്‍സ് മാത്രമാണ് നേടാനായത്. 25 ഓവറില്‍ 131 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാനായത്. വിരാട് കോഹ്ലി ഈ ലോകകപ്പിലെ ആറാം അര്‍ധസെഞ്ചുറി നേടി.
27ാം ഓവറിലെ രണ്ടാം പന്തില്‍ ഫോറടിച്ചുകൊണ്ട് രാഹുല്‍ പന്ത് വീണ്ടും ബൗണ്ടറി കടത്തി. വിരാട് കോഹ്ലിയെ പുറത്താക്കി കമ്മിന്‍സ് ആരാധകരെ നിശബ്ദരാക്കി. 63 പന്തില്‍ 54 റണ്‍സെടുത്ത കോഹ്ലി കമ്മിന്‍സിന്റെ ബൗണ്‍സര്‍ പ്രതിരോധിക്കുന്നതിനിടെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റില്‍ വീണു. അപ്പോൾ ഇന്ത്യ 148 ന് 4 വിക്കറ്റ് എന്ന സ്‌കോറിൽ ആയിരുന്നു. ആറാമനായി സൂര്യകുമാര്‍ യാദവിന് പകരം രവീന്ദ്ര ജഡേജയാണ് എത്തി. ജഡേജയുടെ പിന്തു രാഹുല്‍ അര്‍ധസെഞ്ചുറി നേടി. 86 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം പൂര്‍ത്തിയാക്കിയത്. ഈ ലോകകപ്പിലെ താരത്തിന്റെ രണ്ടാം അര്‍ധസെഞ്ചുറി കൂടിയാണിത്. എന്നാല്‍ മറുവശത്ത് ജഡേജ നിരാശപ്പെടുത്തി. 22 പന്തില്‍ ഒന്‍പത് റണ്‍സ് മാത്രമെടുത്ത ജഡേജയെ ഹെയ്‌സല്‍വുഡ് വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന്റെ കൈയിലെത്തിച്ചു. ഇതോടെ ഇന്ത്യ 178 ന് 5 വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
40.5 ഓവറില്‍ ടീം സ്‌കോര്‍ 200ല്‍ എത്തി. എന്നാല്‍ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് സ്റ്റാര്‍ക്ക് രാഹുലിനെ പുറത്താക്കി. 107 പന്തുകളില്‍ നിന്ന് ഒരു ഫോറിന്റെ അകമ്പടിയോടെ 66 റണ്‍സെടുത്ത രാഹുലിനെ സ്റ്റാര്‍ക്ക് വിക്കറ്റ് കീപ്പര്‍ ഇംഗ്ലിസിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ 203 ന് 6 വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. രാഹുലിന് പകരം മുഹമ്മദ് ഷമിയാണ് ക്രീസിലെത്തിയത്. എന്നാല്‍ വെറും 6 റണ്‍സെടുത്ത ഷമിയെ സ്റ്റാര്‍ക്ക് പുറത്താക്കി. ഷമിയ്ക്ക് പകരം വന്ന ബുംറയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. ഒരു റണ്‍ മാത്രമെടുത്ത ഷമിയെ ആദം സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കി. 48ാം ഓവറില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന സൂര്യകുമാര്‍ യാദവും 28 പന്തില്‍ 18 റൺസ് എടുത്ത് ഹെയ്‌സല്‍വുഡിന്റെ ബൗണ്‍സറില്‍ ഇംഗ്ലിസിന്റെ ക്യാച്ചിൽ മടങ്ങി. അവസാന വിക്കറ്റില്‍ കുല്‍ദീപും സിറാജും ചേര്‍ന്ന് ടീം സ്‌കോര്‍ 240 കടത്തിയെങ്കിലും ആകെ 10 റൺസ് എടുത്ത കുല്‍ദീപ് ഇന്നിങ്‌സിലെ അവസാന പന്തില്‍ റണ്‍ ഔട്ടായി. കുല്‍ദീപ് പുറത്താവുമ്പോൾ സിറാജ് 9 റണ്‍സ് നേടി പുറത്താവാതെ ബാക്കിയായി.
13 ഫോറും 3 സിക്‌സും മാത്രമാണ് ഇന്ത്യയുടെ ഇന്നിങ്‌സിലുള്ളത്. ഫസ്റ്റ് ബാറ്റിങ്ങിൽ ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടൽ കൂടിയാണിത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് 3 വിക്കറ്റെടുത്തപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഗ്ലെന്‍ മാക്‌സ്‌വെല്‍, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഓസീസ് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിയുകയും ഫീൽഡർമാർ മികച്ച പ്രകടനം പുറത്തെടുക്കയും ചെയ്തതോടെ റണ്‍സ് കണ്ടത്താന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വിഷമിച്ചു. ഈ ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ ഓള്‍ ഔട്ടാകുന്നത്.
From #TeamIndia,
— BCCI (@BCCI) November 19, 2023
Thank You Everyone For Your Solid & Continued Support 🙏 🙏#CWC23 | #MenInBlue pic.twitter.com/NQppwROXPw
നിങ്ങളുടെ ദൃഢവും തുടർച്ചയുമായ പിന്തുണയ്ക്ക് എല്ലാവർക്കും നന്ദി BCCI (The Board of Control for Cricket in India) ട്വിറ്ററിൽ ആരാധകർക്ക് നന്ദി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.