പത്തു ദിവസത്തോളം വാദം കേട്ട സുപ്രീം കോടതി, സ്വവർഗ്ഗ വിവാഹത്തിന് നിയമ സാധുത നൽകുന്നത് സംബന്ധിച്ച് ഒക്ടോബർ 17ന് വിധി പറഞ്ഞേക്കും. രാജ്യത്തെ വ്യക്തിനിയമം അടക്കമുള്ളവയിൽ മാറ്റങ്ങൾ വരുത്തണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസ് ഒക്ടോബർ 17ന് വിധി പറയാൻ വെച്ചിരിക്കുന്നത്.
ഇന്ത്യയുടേത് ഒരു 'വിവാഹാധിഷ്ഠിത സംസ്കാര'മാണെന്നും ആ വ്യവസ്ഥയ്ക്കകത്തേക്ക് തങ്ങൾ ഉൾപ്പെടണമെങ്കിൽ വിവാഹം നിയമപരമായി അനുവദിക്കണമെന്നുമാണ് ആവശ്യം. സ്പെഷ്യൽ മാര്യേജ് ആക്ടിൽ തങ്ങളെ അംഗീകരിക്കുന്ന വ്യവസ്ഥകൾ ഉൾച്ചേർക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ഹർജികൾക്ക് എതിരാണ്. എന്നാൽ ഇത്തരം ഇടപെടലുകളിലേക്ക് കോടതി പോകില്ലെന്നും സ്പെഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകളിൽ മാറ്റം വരുത്താമോയെന്നാണ് പരിശോധിക്കുകയെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ്ഗ പങ്കാളികൾ നൽകിയ ഹർജികളിലാണ് സുപ്രീംകോടതി പത്തുദിവസം വാദം കേട്ടത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ എസ്‌കെ കൗൾ, എസ്ആർ ഭട്ട്, ഹിമ കോഹ്‌ലി, പിഎസ് നരസിംഹ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് വാദം കേട്ടത്. കോടതിക്ക് ഇക്കാര്യത്തിലുള്ള ചില പരിമിതകളും വാദം കേൾക്കലിനിടയിൽ ജസ്റ്റിസുമാര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇത്തരത്തിലൊരു നയം രൂപീകരിക്കണമെന്ന് സര്‍ക്കാരുകളോട് പറയാൻ കോടതിക്ക് സാധിക്കില്ല. നിയമനിർമ്മാണം നടത്താൻ ആവശ്യപ്പെടാനുമാകില്ല.
സ്പെഷ്യൽ മാര്യേജ് ആക്ടിലും, ഫോറിനേഴ്സ് മാര്യേജ് ആക്ടിലും തങ്ങളെ അംഗീകരിക്കുന്ന വ്യവസ്ഥകൾ ഉൾച്ചേർക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നുണ്ട്. പങ്കാളികളിലൊരാൾ വിദേശിയാണെങ്കിൽ അയാളെ ഇന്ത്യൻ നിയമവ്യവസ്ഥയനുസരിച്ചുള്ള വിവാഹബന്ധത്തിലേക്ക് ഉൾച്ചേർക്കുന്ന നിയമമാണ് ഫോറിനേഴ്സ് മാര്യേജ് ആക്ട്. ഇന്ത്യൻ ഭരണഘടനയിലെ തുല്യത സംബന്ധിച്ച വ്യവസ്ഥകളും, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വ്യവസ്ഥകളുമെല്ലാം ചൂണ്ടിക്കാണിക്കുന്നുണ്ട് ഹരജിക്കാർ.
കോടതികൾക്ക് പ്രശ്നത്തിന്റെ സാമൂഹികമായ പ്രതിഫലനങ്ങൾ വ്യക്തമായറിയാനോ അവയുടെ ദൂരവ്യാപകഫലങ്ങളെ കൈകാര്യം ചെയ്യാനോ സാധിക്കില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. വിഷയത്തിൽ പാർലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്ന സൂചനയാണ് കേന്ദ്രം നല്‍കിയിട്ടുള്ളത്. രാജസ്ഥാൻ, ആന്ധ്രപ്രദേശ്, അസം തുടങ്ങിയ ഏഴ് സംസ്ഥാനങ്ങൾ സ്വവർഗ്ഗ വിവാഹത്തെ എതിർക്കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു. ജമാഅത്ത് ഉലമ, അഖിലേന്ത്യാ സന്ന്യാസി സമിതി തുടങ്ങിയ മതസംഘടനകൾ കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. ഇവർ സ്വവർഗ്ഗ വിവാഹത്തെ എതിർക്കുകയാണ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തിൽ നിലപാടറിയിച്ചിട്ടില്ല.
ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ (എൽജിബിടി) എന്നീ വിഭാഗങ്ങളാണ് ഹരജിക്കാർ. സാമ്പത്തികമായ പ്രശ്നങ്ങളിലും, ഇൻഷൂറൻസ് സംബന്ധമായ പ്രശ്നങ്ങളിലും, പൈതൃകസ്വത്തുക്കളുടെ കാര്യത്തിലും, പിന്തുടർച്ചാവകാശ പ്രശ്നങ്ങളിലുമെല്ലാം ഇടപെടുന്നതിന് യോഗ്യത ലഭിക്കുന്ന വിധത്തിൽ പങ്കാളിക്ക് നിയമസാധുതയുള്ള പദവി ലഭ്യമാക്കണമെന്നാണ് ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.