തിരുവനന്തപുരം: നിയമസഭ പാസാക്കി രാജ്ഭവനിലേക്കയച്ചെങ്കിലും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഒപ്പിടാതെ മാറ്റിവെച്ച ബില്ലുകളുടെ ഭാവിയിൽ ഞായറാഴ്ച നിർണായകം.
ബില്ലുകൾ ഒപ്പിടുന്നതിൽ തീരുമാനം വൈകിപ്പിക്കുന്ന ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെ സുപ്രീംകോടതി വിമർശിച്ചത് കേരള ഗവർണർക്കെതിരേ നിയമനടപടിക്ക് ഒരുങ്ങുന്ന സംസ്ഥാനസർക്കാരിന് പ്രതീക്ഷ നൽകുന്നുണ്ട്.
ഞായറാഴ്ച തലസ്ഥാനത്തെത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഒന്നോ രണ്ടോ ബില്ലുകളിൽ ഒപ്പിടാനാണ് സാധ്യത. എന്നാൽ, സർക്കാർ നിർണായകമായി കാണുന്ന ബില്ലുകൾ പരിഗണിക്കാൻ ഇടയില്ലെന്നാണ് വിവരം. നെൽവയൽ തണ്ണീർത്തട നിയമഭേദഗതി ബിൽ, ക്ഷീരകർഷക ക്ഷേമനിധി ബിൽ,
ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ബിൽ, സർവകലാശാലാ നിയമഭേദഗതി ബിൽ തുടങ്ങിയവയിലാണ് ഗവർണർ തീരുമാനം എടുക്കാനുള്ളത്. ഭൂപതിവ് നിയമഭേദഗതി ബില്ലിനെതിരേ ഗവർണർക്ക് പരാതി ലഭിച്ചതോടെ അതിലും ഉടൻ തീരുമാനം ഉണ്ടാകാനിടയില്ല.
ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരേ സർക്കാർ പലതവണ എതിർപ്പു പ്രകടിപ്പിച്ചെങ്കിലും ഗവർണറുടെ നിലപാടിൽ മാറ്റമൊന്നുമുണ്ടായില്ല.
മുഖ്യമന്ത്രി രാജ്ഭവനിലെത്തി സർക്കാർ കാര്യങ്ങൾ വിശദീകരിക്കുന്നില്ലെന്ന വിമർശനം ഗവർണർ അടുത്തിടെ ഉന്നയിക്കുകയും ചെയ്തു. സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നതുകൊണ്ട് ബില്ലിൽ തീരുമാനം എടുക്കരുതെന്ന് അർഥമില്ലെന്നു പറഞ്ഞായിരുന്നു ആനന്ദബോസിനെതിരേയുള്ള സുപ്രീംകോടതി വിമർശനം.
കേരള നിയമസഭ പാസാക്കിയ എട്ടുബില്ലുകൾ നീണ്ട കാലയളവിനുശേഷവും ഒപ്പിടാത്തതിനെ ചോദ്യംചെയ്താണ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ബില്ലുകളിൽ ഗവർണർ ആവശ്യപ്പെട്ട വിശദീകരണം മന്ത്രിമാരും ഉദ്യോഗസ്ഥരും നൽകിയിട്ടുണ്ട്.
ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവെക്കാൻ ഗവർണർക്ക് അധികാരം ഉണ്ടോയെന്നതിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാനോട് അഭിപ്രായം തേടുകയും കേസിന്റെ നടത്തിപ്പിന് മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലിനെ ചുമതലപ്പെടുത്താൻ സർക്കാർ തീരുമാനിക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.