തൃശ്ശൂർ : ശമ്പളമല്ല കുടുംബം പട്ടിണിയിൽ' കെ.എസ്.ആർ.ടി.സിയിൽനിന്ന് കൂടുമാറലിന് അപേക്ഷ നൽകിയത് നിരവധി ജീവനക്കാർ.
മറ്റ് വകുപ്പുകളിലേക്ക് ഡെപ്യൂട്ടേഷന് അപേക്ഷിക്കാൻ ജീവനക്കാർക്ക് അനുമതി നൽകിക്കൊണ്ട് ഈ മാസം ആറിനാണ് കെ.എസ്.ആർ.ടി.സി. ഉത്തരവിറക്കിയത്. കഴിഞ്ഞ മാസം 21-ന് ബെവ്കോയിലെ 263 ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വഴി നിയമനം നടത്താൻ അനുമതി ലഭിച്ചിരുന്നു.
വ്യാഴാഴ്ചയ്ക്കുള്ളിൽ 10,000-ത്തിലേറെ കെ.എസ്.ആർ.ടി.സി. ജീവനക്കാർ ബെവ്കോയിലേക്ക് അപേക്ഷ സമർപ്പിച്ചുകഴിഞ്ഞു. ബെവ്കോയിൽ വിവിധ ജില്ലകളിലായി 175 ഓഫീസ് അറ്റൻഡന്റ്/സെയിൽസ് അറ്റൻഡന്റ് ഒഴിവുകളുണ്ട്. കൂടാതെ എൽ.ഡി. ക്ലാർക്കുമാരുടെ ഒഴിവുമുണ്ട്.
ആകെ 263 ഒഴിവുകൾ. ഇതിലേയ്ക്കാണ് ഇത്രയധികം കെ.എസ്.ആർ.ടി.സി. ജീവനക്കാർ അപേക്ഷ നൽകിയിരിക്കുന്നത്. ഇതിൽ 113 സ്റ്റേഷൻ മാസ്റ്റർമാരും 82 ഇൻസ്പെക്ടർമാരും കണ്ടക്ടർമാരും ഡ്രൈവർമാരുമുണ്ട്. ഇവരിൽ വലിയൊരുവിഭാഗം ബിരുദാനന്തരബിരുദവും അതിനപ്പുറവും യോഗ്യതയുള്ളവരുമാണ്. വെള്ളിയാഴ്ചയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
മുങ്ങിത്താഴുന്ന കപ്പലിൽനിന്ന് രക്ഷപ്പെടാനുള്ള അവസാന പിടിവള്ളി എന്ന നിലയിലാണ് ജീവനക്കാർ ഈ ഡെപ്യൂട്ടേഷൻ അവസരത്തെ കാണുന്നത്. അതേസമയം സൂപ്പർന്യൂമറി വിഭാഗത്തിലെ ജീവനക്കാർ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ആദ്യ പരിഗണന നൽകിയ ശേഷമേ ജീവനക്കാരെ പരിഗണിക്കൂ എന്ന് ബെവ്കോയുടെ ഉത്തരവിൽ പറയുന്നുണ്ട്.
മാത്രമല്ല, പി.എസ്.സി. നിയമനം പൂർത്തിയാകുന്ന മുറയ്ക്ക് ഇവർക്ക് ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മടങ്ങേണ്ടിയും വരും. ബെവ്കോയുടേതായ ബോണസ് അടക്കമുള്ള ആനുകൂല്യമൊന്നും ഡെപ്യൂട്ടേഷൻ വഴി വരുന്നവർക്ക് ലഭിക്കില്ല.
ജോലിസമയമനുസരിച്ചുള്ള അധിക അലവൻസ് മാത്രമേ ശമ്പളത്തിനു പുറമേ ലഭിക്കൂ. ഈ പരിമിതികളൊക്കെ മനസ്സിലാക്കിയിട്ടും കെ.എസ്.ആർ.ടി.സി.യിലെ ഇത്രയധികം ജീവനക്കാർ അപേക്ഷ സമർപ്പിച്ചത് പ്രതിഷേധസൂചകമായിട്ടാണെന്നും വിലയിരുത്തുന്നുണ്ട്.
നിലവിലുള്ള സർവീസുകൾ ഓടിക്കാൻതന്നെ ആവശ്യമായ ജീവനക്കാരില്ലെന്ന വാദമാണ് മാനേജ്മെന്റ് എപ്പോഴും ഉന്നയിക്കുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് ആർക്കുവേണമെങ്കിലും ഡെപ്യൂട്ടേഷന് അപേക്ഷിക്കാം എന്ന നിലയിലേക്ക് എത്തിയിരിക്കുന്നത്.
സ്ഥിര ജീവനക്കാരുടെ എണ്ണം കുറച്ച് കരാർ ജോലി വ്യാപകമാക്കി സാമ്പത്തികലാഭം ഉണ്ടാക്കാനുള്ള നീക്കംകൂടി ഡെപ്യൂട്ടേഷൻ അനുമതിക്ക് പിന്നിലുണ്ടെന്നും ജീവനക്കാർ കരുതുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.