തൃശൂര്‍: ഓണ്‍ലൈൻ വ്യാപാര വെബ്സൈറ്റില്‍ 349 രൂപയുടെ വസ്ത്രം ഓര്‍ഡര്‍ ചെയ്ത വയോധികയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 62,108 രൂപ സൈബര്‍ കള്ളൻമാര്‍ തട്ടിയെടുത്തതായി പരാതി..മണ്ണുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവം ഇങ്ങനെ: മണ്ണുത്തി സ്വദേശിനിയായ 77 വയസുകാരി ഓണ്‍ലൈൻ വ്യാപാര വെബ്സൈറ്റിന്‍റെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് 349 രൂപയുടെ വസ്ത്രം പണമടച്ച് ഓര്‍ഡര്‍ ചെയ്തിരുന്നു.
നിശ്ചിത ദിവസത്തിനകം വസ്ത്രം വീട്ടില്‍ വിതരണം നടത്താത്തതിനാല്‍ ഓണ്‍ലൈൻ വില്‍പ്പന സൈറ്റിന്‍റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഇന്‍റര്‍നെറ്റില്‍ പരതുകയും അവിടെനിന്നും ലഭിച്ച നമ്പറില്‍ വസ്ത്രം വിതരണം ചെയ്യാത്തതിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.
സാങ്കേതിക കാരണങ്ങളാല്‍ ഓര്‍ഡര്‍ ചെയ്ത വസ്ത്രം വിതരണം നടത്താൻ സാധിക്കില്ലെന്നും വസ്ത്രത്തിനുവേണ്ടി മുടക്കിയ തുക തിരിച്ചു നല്‍കാമെന്നാണ് പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അവര്‍ അയച്ചു തന്ന ലിങ്ക് ഉപയോഗിച്ച് ഒരു ആപ്ലിക്കേഷൻ ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്തതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാവുകയായിരുന്നു.
സൈബര്‍ തട്ടിപ്പ് നടക്കുന്ന രീതി
പ്രശസ്തമായ ഓണ്‍ലൈൻ വ്യാപാര വെബ്സൈറ്റുകളുടെ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ എന്ന പേരില്‍ തട്ടിപ്പുകാർ അവരുടെ നമ്പറുകള്‍ അടങ്ങിയ കൃത്രിമ വെബ്സൈറ്റ് സൃഷ്ടിക്കുന്നു. അതിനുശേഷം ഇന്റര്‍നെറ്റ് സെര്‍ച്ച് എൻജിൻ ഓപ്റ്റിമൈസേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു.
എന്തെങ്കിലും കാര്യത്തിന് ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റില്‍ (ഗൂഗിള്‍ അടക്കമുള്ള സെര്‍ച്ച് എഞ്ചിനുകളില്‍) പരതുമ്പോള്‍ സൈബര്‍ കള്ളൻമാര്‍ കൃത്രിമമായി സൃഷ്ടിച്ച വെബ്സൈറ്റ് ആയിരിക്കും കാണിച്ചുതരുന്നത്. യഥാര്‍ത്ഥ വെബ്സൈറ്റ് ആണെന്നു കരുതി ഉപഭോക്താക്കള്‍ അതില്‍ പരാമര്‍ശിച്ചിരിക്കുന്ന ടെലിഫോണ്‍ നമ്പറില്‍ വിളിക്കുമ്പോള്‍ സൈബര്‍കള്ളൻമാരുടെ കെണിയില്‍ അകപ്പെടുന്നു.
സൈബര്‍സെല്‍ സുരക്ഷ നിര്‍ദ്ദേശങ്ങള്‍
കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ അന്വേഷിച്ച് കൊണ്ട് ഇന്റര്‍നെറ്റില്‍ പരതുമ്പോള്‍ സെര്‍ച്ച് എഞ്ചിനുകള്‍ ശുപാര്‍ശചെയ്യുന്ന ടെലിഫോണ്‍ നമ്പറുകള്‍, വെബ്സൈറ്റുകള്‍ എന്നിവ യഥാര്‍ത്ഥമാണോ എന്ന് ഉറപ്പുവരുത്തുക. വെബ് വിലാസം (URL) കൃത്യമാണെന്ന് പരിശോധിക്കുക. സൈബര്‍ തട്ടിപ്പുകാര്‍ അയച്ചു തരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.
ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ, അതില്‍ ഒളിഞ്ഞിരിക്കുന്ന പ്രോഗ്രാമുകള്‍ നിങ്ങളുടെ മൊബൈല്‍ ഫോണിനേയും കമ്ബ്യൂട്ടറുകളേയും നിയന്ത്രിക്കുകയും, വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യും. ഓണ്‍ലൈൻ ഷോപ്പിംഗിന് വിശ്വസനീയമായ യഥാര്‍ത്ഥ വെബ്സൈറ്റുകളേയും ആപ്ലിക്കേഷനുകളേയും മാത്രം ആശ്രയിക്കുക. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഷോപ്പിംഗ് നടത്തരുത്.
വിവരങ്ങള്‍ ലഭിക്കുന്നതിനായി ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ പരതുമ്പോള്‍ ലഭിക്കുന്ന യഥാര്‍ത്ഥ ഫലങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണിത്.
കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ ചില പ്രത്യേക തരം സൂചക പദങ്ങള്‍ (keyword) ഉപയോഗിച്ച് അല്‍ഗോരിതത്തില്‍ മാറ്റം വരുത്തി, സെര്‍ച്ച് എഞ്ചിനുകളില്‍ നിന്നും ലഭിക്കുന്ന ഫലങ്ങളില്‍ വ്യത്യാസങ്ങള്‍ വരുത്താൻ കഴിയും. ചില സെര്‍ച്ച് എഞ്ചിൻ കമ്പനികള്‍ പണം സ്വീകരിച്ചും വെബ്സൈറ്റ് പ്രമോഷനുകള്‍ ഏറ്റെടുത്തു ചെയ്തുവരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.