ബെംഗളൂരു: കർണാടകത്തിൽ സർക്കാർസ്കൂൾ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ നിർമിക്കുന്ന ‘പുനീത് സാറ്റ്’ ഉപഗ്രഹം അടുത്ത മാർച്ചിൽ വിക്ഷേപണത്തിന് തയ്യാറാകും. അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ പേരിലാണ് ഉപഗ്രഹമൊരുങ്ങുന്നത്.
ഇന്ത്യൻ ടെക്‌നോളജി കോൺഗ്രസ് അസോസിയേഷന്റെ (ഐ.ടി.സി.എ.) മേൽനോട്ടത്തിൽ കർണാടക സയൻസ് ആൻഡ് ടെക്‌നോളജി പ്രമോഷൻ സൊസൈറ്റിയുടെയും കർണാടക കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെയും സഹകരണത്തോടെയാണ് ഉപഗ്രഹം തയ്യാറാകുന്നത്.
വിദ്യാർഥികൾ സജീവമായി ഇതിന്റെ പേലോഡ് നിർമിക്കുകയാണെന്ന് ശാസ്ത്ര-സാങ്കേതിക വകുപ്പുമന്ത്രി എൻ.എസ്. ബോസ് രാജു പറഞ്ഞു. ഉപഗ്രഹനിർമാണത്തിൽ ഇവർക്ക് പരിശീലനം ലഭിച്ചിരുന്നു. വിക്ഷേപണത്തിന് ഐ.എസ്.ആർ.ഒ.യുടെ അംഗീകാരം വാങ്ങാൻ ശ്രമം തുടങ്ങിയതായും മന്ത്രി പറഞ്ഞു.
ബഹിരാകാശപഠനത്തിലേക്ക് സ്കൂൾവിദ്യാർഥികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ ദൗത്യമാണ് പുനീത് സാറ്റ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി 75 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്.1.90 കോടി രൂപയാണ് ചെലവ്. ഒന്നരക്കിലോഗ്രാം ഭാരമുണ്ട്. ബെംഗളൂരുവിലെ 20 സർക്കാർസ്കൂളുകളിൽനിന്നുള്ള 100 കുട്ടികളാണ് പദ്ധതിയുടെ ഭാഗമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.