ഗാസിയാബാദ്: കവര്‍ച്ചാശ്രമത്തിനിടെ ബി.ടെക്ക് വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ യുവാവിനെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഉത്തര്‍പ്രദേശിലെ മസൂറി സ്വദേശിയും നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയുമായ ജീതേന്ദ്ര എന്ന ജീതു(28)വാണ് ഗാസിയാബാദ് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു എസ്.ഐ.യ്ക്കും പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
ബൈക്കില്‍ മറ്റൊരാള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന പ്രതിയെ വാഹനം തടഞ്ഞ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പോലീസിനെ ആക്രമിച്ചെന്നും ഇതോടെയാണ് പോലീസ് സംഘം ഇവര്‍ക്കെതിരേ വെടിയുതിര്‍ത്തതെന്നുമാണ് ഗാസിയാബാദ് റൂറല്‍ ഡി.സി.പി. വിവേക് യാദവിന്റെ വിശദീകരണം.
വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ മറ്റൊരു പ്രതിയായ ബല്‍ബീറിനെ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിന് പിന്നാലെ പോലീസ് പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാംപ്രതിയായ ജീതേന്ദ്രയ്ക്കായി വ്യാപകമായി തിരച്ചില്‍ നടത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ മറ്റൊരാള്‍ക്കൊപ്പം ഇയാള്‍ ബൈക്കില്‍ സഞ്ചരിക്കുന്നത് പോലീസ് കണ്ടെത്തി. പരിശോധനയ്ക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ബൈക്ക് തിരിച്ച് രക്ഷപ്പെട്ടു. ഇതോടെ പോലീസ് സംഘം ബൈക്കിനെ പിന്തുടര്ന്നു. എന്നാല്‍, രണ്ടംഗസംഘം പോലീസിന നേരേ വെടിയുതിര്‍ക്കുകയായിരുന്നു.
ഇതോടെ പോലീസും തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ കാലിന് വെടിയേറ്റ് റോഡില്‍വീണ ജീതേന്ദ്രയെ പോലീസ് കീഴ്പ്പെടുത്തി. വെടിയേറ്റ ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം, ഏറ്റുമുട്ടലിനിടെ ഇയാളുടെ കൂട്ടാളി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗാസിയാബാദില്‍ നടന്ന കവര്‍ച്ചാശ്രമത്തിനിടെ എ.ബി.ഇ.എസ്. എന്‍ജിനീയറിങ് കോളേജിലെ ബി.ടെക്ക് വിദ്യാര്‍ഥിനിയായ കീര്‍ത്തി സിങ്ങി(19)ന് ഗുരുതരമായി പരിക്കേറ്റത്. ബൈക്കിലെത്തിയ രണ്ടംഗസംഘം ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന കീര്‍ത്തിയില്‍നിന്ന് മൊബൈല്‍ഫോണ്‍ പിടിച്ചുപറിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.
സുഹൃത്തിനൊപ്പം ഓട്ടോയില്‍ യാത്രചെയ്യുകയായിരുന്ന കീര്‍ത്തിയെ ബൈക്കിലെത്തിയ പ്രതികള്‍ പുറത്തേക്ക് വലിച്ചിഴക്കുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഗാസിയാബാദിലെ യശോദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു. ഇതോടെ കേസില്‍ പ്രതികള്‍ക്കെതിരേ കൊലക്കുറ്റവും ചുമത്തിയിരുന്നു.
തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജീതേന്ദ്രയ്ക്കെതിരേ കവര്‍ച്ച, പിടിച്ചുപറി ഉള്‍പ്പെടെ 12 കേസുകളുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. ഡല്‍ഹി എന്‍.സി.ആര് മേഖലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലാണ് ഇയാള്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇയാള്‍ക്കെതിരേ 2020-ല്‍ ഗുണ്ടാനിയമം ചുമത്തിയിരുന്നതായും പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.