'' മാതാ പിതാക്കളെ ബഹ്റൈനിൽ ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങിയ മകന് പകരമായി ഭക്ഷണവും വെള്ളവും നൽകി നാട്ടിലെത്തിച്ച മനുഷ്യ സ്നേഹികളായ മലയാളി സമാജത്തിലെ മക്കളെ കിട്ടിയ സന്തോഷത്തിൽ ഉദയനും അജിതയും ''

മനാമ; തനിക്കൊപ്പം താമസിപ്പിക്കാമെന്നും ബിസിനസ് ആരംഭിക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച്  പ്രായമായ മാതാപിതാക്കളെ  ബഹ്റൈനിലേക്ക് കൊണ്ടുവന്ന്  കടങ്ങൾ അവരുടെ തലയിലാക്കിയ ശേഷം മകൻ ആരോടും പറയാതെ  നാട്ടിലേക്ക് കടന്നു.

ഒടുവിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച മാതാപിതാക്കളെ ബഹ്‌റൈനിലെ മലയാളി സമൂഹം ഇടപെട്ട് നാട്ടിലേക്കയച്ചു. കോട്ടയം അകലകുന്നം പഞ്ചായത്ത്‌ മൂഴൂർ ഉത്രട്ടാതിയിൽ ഉദയൻ, ഭാര്യ അജിത എന്നിവരെയാണ് മകനായ ഗോകുൽ പ്രതിസന്ധിയിലാക്കിയത്. മുഹറഖ് മലയാളി സമാജവും പ്രവാസി ലീഗൽ സെല്ലും മറ്റു മനുഷ്യസ്നേഹികളും സഹായഹസ്തം നീട്ടിയതിനെ തുടർന്ന് ഈ ദമ്പതികൾ നാട്ടിലേക്ക് മടങ്ങി.

ഗോകുലിനെപ്പറ്റി ഇപ്പോൾ യാതൊരു വിവരവുമില്ല. ഇവരുടെ ദുരിതമറിഞ്ഞെത്തിയ  സാമൂഹികപ്രവർത്തകരോട് മാതാപിതാക്കൾ വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങനെ: കുറച്ചു നാളുകൾക്ക് മുൻപ്  വാഹനാപകടത്തിൽ അജിതയ്ക്ക് പരുക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി പണം തികയാതെ വന്നപ്പോൾ  വീടിന്റെ ആധാരം വച്ച് ബാങ്കു വായ്പ എടുത്തിരുന്നു. 

അതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോൾ വീട് ജപ്‌തി  ഭീഷണിയിലായി. മകൻ ഗോകുലിന്റെ നിർദ്ദേശപ്രകാരം വീട്  വിറ്റു. വായ്പ അടവ്  കഴിച്ച് ബാക്കി വന്ന 16 ലക്ഷം രൂപ കൊണ്ട്  ബഹ്‌റൈനിൽ  കഫ്റ്റീരിയ തുടങ്ങാം എന്നും വിശ്വസിപ്പിച്ചാണ്‌ ഗോകുൽ  ഇവരെ ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. പത്ത് മാസം മുൻപ് ആദ്യം ഉദയനെയാണ് റസിഡന്റ്സ് വീസയിൽ കൊണ്ടുവന്നത്. 

അജിതയെ ബന്ധുവീട്ടിൽ താമസിപ്പിച്ചു. പിന്നീട് അജിതയെയും സഹോദരിയെയും സന്ദർശക വീസയിൽ ബഹ്റൈനിലേക്ക് കൊണ്ടുവരികയായിരുന്നു. സഹോദരിയുടെ പേരിൽ അറാദിൽ കട എഗ്രിമെന്റ് ചെയ്യുകയും അന്നു തന്നെ സഹോദരിയെ  നാട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു.കഫ്റ്റീരിയ  ആരംഭിച്ചെങ്കിലും  ബിസിനസ് പ്രതീക്ഷിച്ചത്ര  വിജയിച്ചില്ലെന്ന് മാത്രമല്ല ഉള്ളതിനേക്കാൾ കടം ഏറിവരികയും ചെയ്തു. അതോടെ കഫ്റ്റീരിയ അടച്ചുപൂട്ടി. 

ഉദയൻ വേറെ തൊഴിൽ അന്വേഷിച്ചുവെങ്കിലും  ജോലി ലഭിച്ചില്ലെന്ന്  മാത്രമല്ല  60 വയസ്സ് ആയതിനാൽ വീസ പുതുക്കാനും കഴിഞ്ഞില്ല.  അജിതയുടെ സന്ദർശക വീസയുടെ കാലാവധിയും അപ്പോഴേക്കും അവസാനിച്ചിരുന്നു. എന്നാലും മകൻ കൂടെയുള്ള ധൈര്യത്തിൽ രണ്ടുപേരും ഇവിടെ താമസം തുടരുകയും ചെയ്തു. ഇതിനിടയിൽ മകൻ ബഹ്‌റൈനിൽ നിന്ന് പലരോടും കടം വാങ്ങുകയും ചിട്ടികൾ വിളിച്ചെടുക്കുകയും ചെയ്തിരുന്നു. 

മുഹറഖ് ക്ലബിൽ ജോലിയുള്ള ഗോകുലിന് ജോലിസ്‌ഥലത്തും താമസ സൗകര്യമുള്ളതിനാൽ ഇടയ്ക്കൊക്കെ വീട്ടിൽ വരാതിരിക്കാറുണ്ടായിരുന്നു. ഇങ്ങനെ ആശങ്കയോടെ കഴിഞ്ഞുവരുന്നതിനിടയിലാണ്  കഴിഞ്ഞ ഒാഗസ്റ്റ് 30 ന് ഗോകുൽ നാട്ടിലേക്ക് പോയ വിവരം ഇവർ അറിയുന്നത്. തുടർന്ന് ഉദയനും ഭാര്യയും നാട്ടിലേക്ക് പോകാനുള്ള ശ്രമം ആരംഭിച്ചു. 

ചിലരുടെ സഹായത്തോടെ പ്രവാസി ലീഗൽ സെൽ കൺട്രി കോ ഒാർഡിനേറ്റർ സുധീർ തിരുനിലത്തിനെ കണ്ട് കാര്യങ്ങൾ അറിയിച്ചു. അദ്ദേഹം ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. ഔട്ട് പാസിന് വേണ്ടി  ക്ലിയറൻസ് സർട്ടിഫിക്കറ്റും ശരിയാക്കിക്കൊടുത്തു. അതിനിടെ ഇതിന്റെ ചെലവിലേക്ക് എന്ന് പറഞ്ഞ് മകന്റെ സുഹൃത്ത് എന്ന് പറഞ്ഞ് ഒരാൾ  ഇവരുടെ കൈവശം ഉണ്ടായിരുന്ന  കാശും  സിഐഡി ക്ലിയറൻസ് സർട്ടിഫിക്കറ്റും കൊണ്ടുപോയി. 

അടുത്ത പ്രവൃത്തി ദിനം എംബസിയിൽ പോകാം എന്ന് പറഞ്ഞു ഔട്ട്‌ പാസ്സുമായി പോയ മകന്റെ സുഹൃത്തിനെ പിന്നെ  കണ്ടില്ല, വിളിച്ചിട്ട് കിട്ടിയതുമില്ല. അങ്ങനെ  ഭക്ഷണം പോലും കഴിക്കാൻ മാർഗം ഇല്ലാതായി. മുറിയിലെ വൈദ്യുതി ബന്ധം അധികൃതർ വിച്ഛേദിച്ചതോടെ തീർത്തും ദുരിതത്തിലായ ഈ ദമ്പതികൾ ചില സുമനസുകളുടെ സഹായത്തോടെയാണ് ഭക്ഷണം പോലും കഴിച്ചിരുന്നത്. 

സുധീർ തിരുനിലത്തുമായി ബന്ധപ്പെടാനോ നമ്പർ സംഘടിപ്പിക്കാനോ ഇവർക്ക് സാധിച്ചതുമില്ല.പിന്നീട്  അടുത്തു താമസിക്കുന്ന മംഗലാപുരം സ്വദേശി  മുഹറഖ് മലയാളി സമാജം സ്ഥാപക പ്രസിഡന്റ് അനസ് റഹീമിനെ ബന്ധപെട്ടു. വിവരം അറിഞ്ഞ  എംഎംഎസ് പ്രതിനിധികൾ ഇവരുടെ താമസ സ്‌ഥലത്തേക്ക്‌ വരികയും  കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും ഇവർക്കുള്ള  താമസവും ഭക്ഷണവും മുഹറഖിൽ ശരിയാക്കി കൊടുക്കുകയും ചെയ്തു. 

നഷ്ടപെട്ട സി ഐ ഡി സർട്ടിഫിക്കറ്റ് വീണ്ടും വാങ്ങുവാനുള്ള ശ്രമം എം എം എസ് പ്രതിനിധികൾ ആരംഭിച്ചു. അതിനിടയിൽ സുധീർ തിരുനിലത്ത്  ഉദയനെ വീണ്ടും ബന്ധപ്പെടുകയും  ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട യാത്രാരേഖകൾ ശരിയാക്കിയെടുക്കുകയും ചെയ്തു.  എമിഗ്രേഷൻ ഫൈൻ അടക്കാനും നാട്ടിൽ പോയാൽ താമസിക്കാൻ ഇടമില്ലാത്ത ഇവർക്ക് താത്കാലിക ആശ്വാസം എന്ന നിലയിൽ സാമ്പത്തിക സഹായം ചെയ്യുവാനും മുഹറഖ് മലയാളി സമാജം മുന്നിട്ടിറങ്ങി. 

ഇന്നലെ (ഒക്ടോബർ10) രാവിലെ ഇവർ നാട്ടിലേക്ക് മടങ്ങി. മകൻ  തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് പോകുന്നത് തങ്ങൾ അറിയാൻ വൈകി എന്നും മകൻ തങ്ങളെ ഉപേക്ഷിച്ചു പോകുമെന്ന് കരുതിയില്ലെന്നും  ഉദയനും ഭാര്യ അജിതയും പറഞ്ഞു. മകൻ നഷ്ടപ്പെട്ടെങ്കിലും  ഇപ്പോൾ ഒരുപാട് മക്കളെ ബഹ്‌റൈനിൽ കിട്ടി എന്നും പറഞ്ഞപ്പോൾ ദമ്പതികളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. 

തങ്ങളെ അകമഴിഞ്ഞ് സഹായിക്കാനും നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് വഴി ഒരുക്കുകയും ചെയ്ത പ്രവാസി ലീഗൽ സെൽ, മുഹറഖ് മലയാളി സമാജം, ഇന്ത്യൻ എംബസി എന്നിവർക്കും അവർ  നന്ദി പറഞ്ഞു. എം എം എസ് രക്ഷധികാരി ഏബ്രഹാം ജോൺ, പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ, സെക്രട്ടറി രജീഷ് പിസി, ട്രഷറർ ബാബു എം. കെ, 

സ്ഥാപക പ്രസിഡന്റ് അനസ് റഹിം,അബ്ദുൽ റഹുമാൻ കാസർകോട്, മൻഷീർ കൊണ്ടോട്ടി, മുജീബ് വെളിയങ്കോട്, രതീഷ് രവി, പ്രമോദ് കുമാർ എന്നിവരാണ്  ഇവർക്ക് വേണ്ട സാമ്പത്തിക സഹായം നൽകാനും മറ്റു  പ്രവർത്തനങ്ങൾക്കും  നേതൃത്വം നൽകിയത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !