മലപ്പുറം: ജില്ലയിൽ മാനസിക ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിനും, വ്യക്തികൾക്ക് മികച്ച മാനസിക ആരോഗ്യം ഉറപ്പു വരുത്തുന്നതിനുമായി 'സോൾവോ' എന്ന പേരിൽ സമഗ്ര പദ്ധതിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചു.
ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചാണ് ആരോഗ്യ രംഗത്ത് വൻ വിപ്ലവമയേക്കാവുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് തുടക്കമിട്ടത്.
മാനസികാരോഗ്യം മനുഷ്യാവകാശമാണെന്ന് പ്രഖ്യാപിക്കുന്ന ഈ വർഷത്തെ ലോകാരോഗ്യ സംഘടനയുടെ പ്രമേയത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് കൊണ്ട് ആവിഷ്കരിച്ചിട്ടുള്ള പദ്ധതി ജില്ലയിലെ മുഴുവൻ ആളുകളുടെയും സമഗ്രമായ മാനസികാരോഗ്യം ഉറപ്പു വരുത്തുന്നതിനു സഹായിക്കും.
ഇന്ത്യയിലെ കണക്കുകൾ പ്രകാരം ജനസംഖ്യയിൽ അഞ്ചിൽ ഒരാൾ വിവിധ തരത്തിലുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ഈ രംഗത്തെ വിഭവ ദൗർലഭ്യം മൂലം സാധാരണ ജനങ്ങൾക്ക് താങ്ങാനാവുന്ന വിധത്തിൽ ആരോഗ്യ സംരക്ഷണവും ചികിത്സയും ലഭിക്കാറില്ല. ഇത്തരം സാഹചര്യങ്ങൾ മറി കടക്കുന്നതിനു പൊതു ജന പങ്കാളിത്തത്തോടെയുള്ള ടാസ്ക് ഷിഫ്റ്റിംഗ് സംവിധാനങ്ങൾ ഒരുക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം കൂടി കണക്കിലെടുത്തു കൊണ്ടുള്ള നൂതന പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയിട്ടുള്ളത്.
പരിരക്ഷ ഹോം കെയർ പദ്ധതിയുടെ മാതൃകയിൽ പ്രത്യേക വളണ്ടിയർമാരുടെ സേവനം ലഭ്യമാക്കുന്ന വിധത്തിലാണ് പദ്ധതിയുടെ പ്രവർത്തനം വിന്യസിക്കുക. ഇതിനായി
തെരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകർക്ക് മാനസികാരോഗ്യ പ്രാഥമിക പരിചരണത്തിൽ പരിശീലനവും ലിസനിങ് സ്കിൽ ട്രെയിനിങ്ങും നൽകി അവർ അതാത് പ്രദേശങ്ങളിൽ മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന വ്യക്തികളെ സമീപിക്കുകയും അവരെ കേട്ട് പരിഹാരങ്ങൾ നിർദ്ദേശിക്കുകയും സഹായക സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുന്നതാണ് പദ്ധതി.
മാനസിക ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുമായി സഹകരിച്ചാണ് പദ്ധതി.
കുടുംബപരമായും സാമൂഹ്യമായും അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾക്കും പീഡനങ്ങൾക്കും ആവശ്യമെങ്കിൽ നിയമ സഹായം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പദ്ധതിയിലൂടെ ലഭ്യമാക്കും. അതോടൊപ്പം സ്ത്രീകൾ, കുട്ടികൾ, പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾ, ട്രാൻസ് ജൻഡേഴ്സ് എന്നിവർക്കെല്ലാം പ്രത്യേക മാനസിക പിന്തുണ നൽകുന്നതിനും, 60 വയസ്സ് പിന്നിട്ടവർക്ക് പ്രത്യേക മാനസിക ഉല്ലാസത്തിനുള്ള പരിപാടികളും പദ്ധതിയിൽ ഉൾപ്പെടുത്തും.
ഇതിനായി കാൾ സെന്റർ മാതൃകയിൽ ടോൾ ഫ്രീ നമ്പറും ബ്ലോക്ക് തലത്തിൽ കമ്മ്യൂണിറ്റി മെന്റെഴ്സിനെയും പഞ്ചായത്ത് തലത്തിൽ കമ്മ്യൂണിറ്റി വളണ്ടിയേഴ്‌സിനെയും സജ്ജമാക്കും. പദ്ധതിയുടെ കുറ്റമറ്റ നടത്തിപ്പിനായി ജില്ലാ, ബ്ലോക്ക് തലങ്ങളിൽ മോണിറ്ററിംഗ് സംവിധാനവും ഏർപ്പെടുത്തും.
നല്ല മാനസികാരോഗ്യം കൂടാതെ ഒരാളുടെയും ആരോഗ്യം പൂർണ്ണമാവുന്നില്ല. അത് കൊണ്ട് തന്നെ ഓരോ വ്യക്തിയുടെയും കഴിവും പ്രാപ്തിയും ക്ഷമതയുമനുസരിച്ച് ജീവിതത്തിന്റെ തികവിലേക്ക് കൈപിടിച്ചുയർത്തുന്നതിനുള്ള സമഗ്രമായ പദ്ധതിയാണ് സോൾവോയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.