മലപ്പുറം : കഴിഞ്ഞ 12 ദശാബ്ദങ്ങളായി സയണിസ്റ്റുകള്‍ നടത്തുന്ന നിരന്തര കടന്നാക്രമാണങ്ങളില്‍ സ്വന്തം മണ്ണില്‍ അഭയാര്‍ഥികളാക്കപ്പെട്ട ഫലസ്തീനികള്‍ തങ്ങളുടെ മാതൃഭൂമിക്കായി മുട്ടുകുത്തി നിന്ന് യാചിക്കുമെന്നും അഹിംസാ മാര്‍ഗത്തില്‍ സമരം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നത് കടന്ന കൈയായിരിക്കുമെന്ന് മുൻ നിയമസഭ സ്പീക്കറും സി.പി.എം നേതാവുമായ പി.ശ്രീരാമകൃഷ്ണൻ.
അത്യുഗ്രസ്ഫോടനങ്ങളും നിരാലംബരായ ലക്ഷക്കണക്കിന് കുട്ടികളുടെ, സ്ത്രീകളുടെ, പ്രായമായവരുടെ, ആലംബഹീനരുടെ നിര്‍ത്താത്ത വിലാപങ്ങളും മാത്രമാണ് ഗസ്സസയില്‍ നിന്ന് കേള്‍ക്കുന്നത്.
വ്യോമാക്രമണത്തോടൊപ്പം ഇസ്രായേല്‍ പ്രഖ്യാപിച്ച വെള്ളം, ഭക്ഷണം, വൈദ്യുതി, ഇന്ധനം എന്നിവയടക്കം നിരോധിച്ചുകൊണ്ടുള്ള സമഗ്ര ഉപരോധം കൂടിയായപ്പോള്‍ 20 ലക്ഷത്തിലധികം വരുന്ന ഗാസയിലെ സാധാരണ മനുഷ്യര്‍ മരണ വക്ത്രത്തിലാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ ഫലസ്തീനെ അനുകൂലിച്ചുള്ള ഈ കുറിപ്പില്‍ ഇസ്രായേലിന്റെ വ്യാജപ്രചാരണത്തിനും ഇടംകൊടുത്തത് വിമര്‍ശനത്തിന് വഴിയൊരുക്കി. ഹമാസ് 40 കുട്ടികളുടെ തലയറുത്തു എന്ന കിംവദന്തിയാണ് കുറിപ്പില്‍ ആവര്‍ത്തിക്കുന്നത്.
''ഓരോ ശിശുരോദനത്തിലും കേള്‍പ്പൂ ഞാൻ ഒരു കോടിയീശ്വരവിലാപം -എന്ന് കവി പാടിയത് 'വിശുദ്ധ ഭൂമി'യില്‍ അന്വര്‍ത്ഥമാവുകയാണ്. ഇസ്രായേലില്‍ ഹമാസിന്റെ ആക്രമണത്തില്‍ തലയറുക്കപ്പെട്ട പിഞ്ചുകുട്ടികള്‍'' -എന്നാണ് കുറിപ്പില്‍ പറയുന്നത്.
ഇതിനെതിരെ നിരവധി പേര് കമന്റ് ചെയ്തിട്ടുണ്ട്. ''ഫലസ്തീനികള്‍ നാല്പത് ഇസ്രയേലി കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്നുവെന്ന വ്യാജം പറഞ്ഞവരെല്ലാം അത് വിഴുങ്ങി. പക്ഷെ ആ നുണയുടെ ബലത്തില്‍ ഇതിനകം 447 ഫലസ്തീൻ കുഞ്ഞുങ്ങളെ കൊന്നുതള്ളി ഇസ്രയേല്‍. ഇനിയുമത് തുടരും.. നുണകള്‍ക്ക് ജീവൻ കൊടുക്കേണ്ടിവരുന്ന കുഞ്ഞുമക്കള്‍' എന്നാണ് ഒരു കമന്റ്.
പി. ശ്രീരാമകൃഷ്ണന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:
കൂട്ടക്കുരുതിയുടെ പിന്നാമ്പുറങ്ങള്‍
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം കൂട്ടക്കുരുതിയുടെ അഗ്നി മുഖം തുറന്നു കഴിഞ്ഞു. ഒക്ടോബര്‍ 7 ശനിയാഴ്ച, ജൂതരുടെ പ്രാര്‍ത്ഥനാ ദിനത്തില്‍ ഹമാസ് നടത്തിയ മിന്നല്‍ ആക്രമണവും ഇസ്രായേലിന്റെ തിരിച്ചടിയും ഇതിനകം 3000 ത്തോളം ജീവനെടുത്തു കഴിഞ്ഞു.
സമസ്ത നിര്‍മ്മിതികളും പൊടിയാക്കി മാറ്റുന്ന അത്യുഗ്രസ്ഫോടനങ്ങള്‍ മാത്രമാണ് ഗാസയില്‍ നിന്ന് കേള്‍ക്കുന്നത്. കൂടെ നിരാലംബരായ ലക്ഷക്കണക്കിന് കുട്ടികളുടെ, സ്ത്രീകളുടെ, പ്രായമായവരുടെ, ആലംബഹീനരുടെ നിര്‍ത്താത്ത വിലാപങ്ങളും.
വ്യോമാക്രമണത്തോടൊപ്പം ഇസ്രായേല്‍ പ്രഖ്യാപിച്ച വെള്ളം, ഭക്ഷണം, വൈദ്യുതി, ഇന്ധനം എന്നിവയടക്കം നിരോധിച്ചുകൊണ്ടുള്ള സമഗ്ര ഉപരോധം കൂടിയായപ്പോള്‍ 20 ലക്ഷത്തിലധികം വരുന്ന ഗാസയിലെ സാധാരണ മനുഷ്യര്‍ മരണ വക്ത്രത്തിലാണ്.
'ഓരോ ശിശുരോദനത്തിലും കേള്‍പ്പൂ ഞാൻ ഒരു കോടിയീശ്വരവിലാപം'
എന്ന് കവി പാടിയത് 'വിശുദ്ധ ഭൂമി'യില്‍ അന്വര്‍ത്ഥമാവുകയാണ്. ഇസ്രായേലില്‍ ഹമാസിന്റെ ആക്രമണത്തില്‍ തലയറുക്കപ്പെട്ട പിഞ്ചുകുട്ടികള്‍, ഗാസയിലെ ഇസ്രായേല്‍ ബോംബിങ്ങില്‍ കൈകാലുകള്‍ ചിതറപ്പെട്ട കുഞ്ഞുങ്ങള്‍... 'കണ്ണേ മടങ്ങുക' എന്നല്ലാതെ ഹൃദയമുള്ള മനുഷ്യര്‍ക്ക് ഒന്നും പറയാനില്ലാത്ത നിസ്സഹായത. ചോരപ്പുഴ ഒഴുകുകയാണ്... ആകാശവും ഭൂമിയും മനുഷ്യരുടെ ദീനരോദനങ്ങളാല്‍ മുഖരിതമാണ്. അവസാനിപ്പിക്കണം ഈ ചോരക്കളി...
ഹമാസിന്റെ ആക്രമണം അത്യന്തം ഹീനമാണ്. എന്നാല്‍ അതിൻറെ പേരില്‍ വംശഹത്യ നടത്താൻ ഇസ്രായേലിന് എന്ത് അവകാശം? കഴിഞ്ഞ 12 ദശാബ്ദങ്ങളായി സയണിസ്റ്റുകള്‍ നടത്തുന്ന നിരന്തര കടന്നാക്രമാണങ്ങളില്‍ സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ട പാലസ്തീനികള്‍ തങ്ങളുടെ മാതൃഭൂമിക്കായി മുട്ടുകുത്തി നിന്ന് യാചിക്കുമെന്നും അഹിംസാ മാര്‍ഗത്തില്‍ സമരം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നത് കടന്ന കൈയായിരിക്കും. പാലസ്തീന്റെ മണ്ണില്‍ യാങ്കി-സയണിസ്റ്റ് അച്ചുതണ്ട് അഴിച്ചുവിട്ട 'സ്റ്റേറ്റ് ഭീകരത'യെ സര്‍വ്വാത്മനാ പിന്തുണച്ചവരാണ് ഇപ്പോള്‍ ഹമാസിനെ പഴിക്കുന്നത്. ഇത് ന്യായമല്ല.
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ദീര്‍ഘമായ, ഇപ്പോഴും തുടരുന്ന ദേശീയ സ്വാതന്ത്ര്യസമരമാണ് പാലസ്തീനികളുടേത്. സയണിസ്റ്റ് അധിനിവേശത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടിട്ടും അവശേഷിച്ച ഭൂപ്രദേശത്തെങ്കിലും (ഗാസ, വെസ്റ്റ് ബാങ്ക്) ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച് അതിജീവിക്കണമെന്ന് ആഗ്രഹിക്കുന്ന പാലസ്തീനികളുടെ സ്വാതന്ത്ര്യ സ്വപ്നങ്ങളെ നിരന്തരം ചവിട്ടി തേയ്ക്കുന്ന ഇസ്രായേലാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന്റെ മൂല കാരണം.സാധാരണ മനുഷ്യര്‍ക്ക് നേരെയുള്ള യുദ്ധം ഇസ്രായേല്‍ ഉടനടി അവസാനിപ്പിക്കണം. പാലസ്തീന്റെ ദേശീയ കവി ദര്‍വീഷ് പാടിയത് പോലെ
"അവസാനത്തെ അതിര്‍ത്തിയും കടന്ന് ഞങ്ങളെങ്ങോട്ട് പോകാനാണ് അവസാനത്തെ ആകാശവും കടന്ന് പറവകള്‍ എങ്ങോട്ട് പറക്കാനാണ്"
പാലസ്തീനികള്‍ക്ക് പാര്‍ക്കാൻ ഈ മണ്ണല്ലാതെ എന്താണ് ബാക്കിയുള്ളത്. പാലസ്തീൻ സ്വതന്ത്രമാകുന്ന നിമിഷങ്ങളാണ് ലോക ജനത സ്വപ്നം കാണുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.