ബെംഗളൂരു: ബെംഗളൂരുവില്‍ ബി.ബി.എം.പി. കരാറുകാരന്റെ ഫ്ളാറ്റിലെ കട്ടിലിനടിയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി സൂക്ഷിച്ച 42 കോടിരൂപ ആദായനികുതിവകുപ്പ് പിടിച്ചെടുത്തു..
പണം പിടിച്ചെടുത്തതോടെ അഞ്ചുസംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുവേണ്ടി കോണ്‍ഗ്രസ് സംഭരിച്ച പണമാണിതെന്ന ആരോപണവുമായി ബി.ജെ.പി.യും ജെ.ഡി.എസും തെലങ്കാനയിലെ ഭാരത് രാഷ്ട്രസമിതിയും രംഗത്തെത്തി.
തെലങ്കാന നിയമസഭാതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് 1500 കോടിരൂപ കര്‍ണാടകത്തില്‍നിന്ന് ഒഴുക്കാൻ ലക്ഷ്യമിടുന്നുവെന്നായിരുന്നു ബി.ആര്.എസിന്റെ ആരോപണം. തെലങ്കാനയില്‍ വിതരണംചെയ്യാൻ തയ്യാറാക്കിവെച്ച പണമാണ് ബെംഗളൂരുവില്‍ പിടിച്ചെടുത്തതെന്ന് ബി.ആര്.എസ്. വര്‍ക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചു.
നേരത്തേ കര്ണാടകത്തിലുണ്ടായിരുന്നത് 40 ശതമാനം കമ്മിഷൻ സര്‍ക്കാരായിരുന്നെങ്കില്‍ ഇപ്പോഴുള്ളത് 50 ശതമാനം കമ്മിഷൻ സര്‍ക്കാരാണെന്ന് തെലങ്കാന ആരോഗ്യമന്ത്രി ടി. ഹരീഷ് റാവു ആരോപിച്ചു.
ബി.ആര്.എസിനുപിന്നാലെ ബി.ജെ.പി.യും ജെ.ഡി.എസും ആരോപണവുമായെത്തി. തിരഞ്ഞെടുപ്പിനുമുന്നോടിയായി കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എ.ഐ.സി.സി.യിലേക്ക് പണമൊഴുക്കുകയാണെന്നും കര്‍ണാടകത്തെ അവരുടെ എ.ടി.എമ്മായി ഉപയോഗിക്കുകയാണെന്നും മുതിര്‍ന്ന ബി.ജെ.പി. നേതാവ് കെ.എസ്. ഈശ്വരപ്പ പറഞ്ഞു. മുൻമന്ത്രി അശ്വത് നാരായണും ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമിയും സമാനമായ ആരോപണമുയര്‍ത്തി.
അംബികാപതി ഉള്‍പ്പെടെ ഏഴു കരാറുകാരുമായി ബന്ധമുള്ള വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വിവിധയിടത്തുനിന്നായി ഒട്ടേറെ രേഖകളും സംഘം പിടിച്ചെടുത്തതായാണ് സൂചന.
ബി.ബി.എം.പി. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റും കര്‍ണാടക കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ് അംബികാപതി. മുൻ ജെ.ഡി.എസ്. കോര്‍പ്പറേറ്റര്‍ അശ്വതാമ്മയുടെ ഭര്‍ത്താവാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.